പാരീസ്: ലയണൽ മെസി പിഎസ്ജി വിടുമെന്ന് ഉറപ്പായി. പിഎസ്ജി പരിശീലകൻ ക്രിസ്റ്റഫി ഗാൾട്ടിയർ ഇക്കാര്യം സ്ഥിരീകരിച്ചു. ഇനി ഏതു ക്ലബ്ബിലേക്കാണു താരമെന്നു വ്യക്തമല്ല.
ഒരു കാര്യം വ്യക്തമാണ്; മുൻ ക്ലബ്ബായ ബാഴ്സലോണയിലേക്കാവില്ല. 12-ാം വയസുമുതൽ പന്തുതട്ടുന്ന ബാഴ്സയിലേക്കു മടങ്ങാനാണു മെസിക്കു താത്പര്യം. എന്നാൽ, ബാഴ്സയാകട്ടെ മെസിക്ക് ഔദ്യോഗികമായി ഓഫർ നൽകാൻ ഇതുവരെ തയാറായിട്ടുമില്ല.
നിലവിലെ സ്ഥിതിയിൽ മെസിക്കു മുന്നിൽ ബാഴ്സയ്ക്ക് ഒരു നല്ല ഓഫർ നൽകാൻ കഴിയില്ല. ക്ലബ്ബിന്റെ പരാധീനതകളും ലാലിഗയുടെ കടുത്ത സാന്പത്തികനിയന്ത്രണങ്ങളുമാണു കാരണമായി ക്ലബ്ബ് ചൂണ്ടിക്കാണിക്കുന്നത്. മെസിക്ക് ഓഫർ നൽകണമെങ്കിൽ ക്ലബ്ബിലെ മറ്റു താരങ്ങളെ വിറ്റ് പണമുണ്ടാക്കണം.
അതിനു കാലതാമസമുണ്ട്. മുപ്പത്തിയഞ്ചുകാരനായ മെസിക്കു യൂറോപ്പിൽത്തന്നെ കളിക്കാനാണിഷ്ടം. എന്നാൽ, യൂറോപ്യൻ ക്ലബ്ബുകളിൽനിന്നുള്ള ഓഫർ അത്ര ആകർഷകമല്ല. എത്ര കുറഞ്ഞ തുകയായാലും ബാഴ്സയിൽ കളിക്കാൻ തയാറാണെന്നു മെസി ക്യാന്പ് അറിയിച്ചതായും റിപ്പോർട്ടുണ്ട്.
പഴിചാരി ബാഴ്സ
മെസിയുടെ കാര്യത്തിൽ ഉത്തരവാദിത്വമേൽക്കാൻ ബാഴ്സലോണ മാനേജ്മെന്റ് തയാറല്ല. ബാഴ്സയ്ക്കായി 35 കിരീടങ്ങളും 672 ഗോളുകളും നേടിയ താരം ക്ലബ്ബ് വിട്ടതിന്റെ പഴി മെസിയിലും ലാലിഗയിലും ചാരി രക്ഷപ്പെടാനാണു മാനേജ്മെന്റ് ശ്രമിക്കുന്നത്. ഇതിനായി മാധ്യമങ്ങളിൽ വൻതോതിൽ പ്രചാരണം നടത്തുന്നു.
നുണകളും അർധസത്യങ്ങളും തെറ്റായവിവരങ്ങളുമാണ് അവർ ഇതിനായി ഉപയോഗിക്കുന്നത്. മെസിയുടെ ബാഴ്സയിലേക്കുള്ള മടക്കത്തിന്റെ 99 ശതമാനവും താരത്തെ ആശ്രയിച്ചാണിരിക്കുന്നതെന്നാണു പരിശീലകൻ ചാവി കഴിഞ്ഞ ദിവസം പറഞ്ഞത്. ആരാധകരോഷത്തെ പ്രതിരോധിക്കാനുള്ള നീക്കമായി മാത്രമേ ഈ പ്രസ്താവനയേ കരുതാനാകൂ.