തളിപ്പറമ്പ്: കുറ്റിക്കോൽ ടോൾ ബൂത്തിനു സമീപത്തെ മാക്കോത്ത് വയലിലെ തൈക്കണ്ടി ദിനേശൻ വളർത്തുന്ന എരുമയും അതു പ്രസവിച്ച കിടാരിയും നാട്ടിൽ സംസാരവിഷയമായിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല, എരുമയ്ക്ക് പിറന്നത് വെളുത്ത കിടാരിയാണെന്നതുതന്നെ. ഇന്നലെ രാവിലെ അഞ്ചിനാണ് എരുമ അത്യപൂർവ കിടാരിക്ക് ജന്മം നൽകിയത്. പെൺകിടാരിയാണ്. എട്ടുവയസുള്ള എരുമ ദിനേശന്റെ വീട്ടിൽത്തന്നെ വളർത്തുന്ന മറ്റൊരു പോത്തിൽനിന്നാണ് ഗർഭിണിയായത്.
ആൽബിനിസം എന്നറിയപ്പെടുന്ന ജനിതക ഘടനയിലെ വ്യത്യാസമാണ് വെളുത്ത നിറത്തിലുള്ള കിടാരി പിറക്കാൻ കാരണമെന്നും ഇത് അത്യപൂർവമാണെന്നും തളിപ്പറമ്പ് വെറ്ററിനറി പോളിക്ലിനിക്കിലെ ഡോ. ഇ.സോയ, പട്ടുവം മൃഗാശുപത്രിയിലെ ഡോ. എസ്.വിഷ്ണു എന്നിവർ പറഞ്ഞു. എരുമക്കിടാരിയെ കാണാൻ ദിനേശന്റെ വീട്ടിൽ അനവധി ആളുകളാണെത്തുന്നത്.
ആറ് പോത്തുകളെയും നാല് എരുമകളെയും നാലു പശുക്കളെയും വളർത്തുന്ന ദിനേശൻ മുയൽ, പ്രാവ്, കാട, നാടൻ കോഴി എന്നിവയെയും വളർത്തുന്നുണ്ട്. ഇതിനൊപ്പം മികച്ച നെൽക്കർഷകനുമായ ദിനേശനെ ഏറ്റവും മികച്ച കർഷകനായി തളിപ്പറമ്പ് കൃഷിഭവൻ ആദരിച്ചിരുന്നു.