കോട്ടയം: അപൂർവമായി കാണുന്ന വെള്ള കാക്ക മാന്നാനത്ത്. ഇന്നു രാവിലെ മാന്നാനം ഷാപ്പുപടിക്ക് സമീപം നെടുംപറന്പിൽ സുരേഷിന്റെ പുരയിടത്തിലാണ് വെള്ള കാക്കയെ കണ്ടെത്തിയത്. മറ്റു കാക്കകൾ കൊത്തിയോടിക്കാൻ ശ്രമിക്കുന്പോഴാണ് സുരേഷിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടനെ കാക്കകളെ ഓടിച്ച് വെള്ള കാക്കയെ രക്ഷപ്പെടുത്തി. തീറ്റ കിട്ടാതെ ക്ഷീണിച്ച നിലയിലായിരുന്നു വെള്ള കാക്ക.
നാട്ടിൽ കാണുന്ന കറുത്ത കാക്കയെ പോലെ തന്നെയാണ് വെള്ള കാക്കയുടെയും രൂപം. നിറം വെള്ളയാണെന്ന പ്രത്യേകത മാത്രം. ചുണ്ടിൽ മാത്രം ചെറിയൊരു ചുവപ്പു നിറമുണ്ട്. തീറ്റയും വെള്ളവും കൊടുത്ത ശേഷം പറത്തി വിടാനാണ് സുരേഷിന്റെ തീരുമാനം. വെള്ള കാക്കയെ കിട്ടിയ വിവരമറിഞ്ഞ് അയൽവാസികൾ കാണാനെത്തുന്നുണ്ട്.