ബെന്നി ചിറയിൽ
ചങ്ങനാശേരി: 20 ലക്ഷം വെള്ള റേഷൻ കാർഡുകൾക്ക് സംസ്ഥാനത്ത് മണ്ണെണ്ണ നിഷേധിച്ചു. സൗജന്യ ഓണക്കിറ്റ് ഉണ്ടോയെന്നും വ്യക്തതയില്ല. സ്പെഷൽ പഞ്ചസാര ഇല്ലെന്ന് അറിയിപ്പുണ്ട്. പച്ചരി ചില കടകളിൽ മാത്രമേ വിതരണത്തിന് എത്തിയിട്ടുള്ളു. സംസ്ഥാനത്തെ നോണ്‍ പ്രയോറിറ്റി, നോണ്‍ സബ്സിഡി വിഭാഗത്തിൽപെട്ട 20 ലക്ഷം വെള്ള റേഷൻ കാർഡ് ഉടമകൾക്ക് ഇനി മുതൽ മണ്ണെണ്ണ നൽകേണ്ടതില്ലെന്ന് കഴിഞ്ഞ രണ്ടിനാണ് റേഷനിംഗ് കണ്ട്രോളർ ഉത്തരവിറക്കിയത്.
കേന്ദ്രം മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചിരുന്നു. ലഭിച്ച വിഹിതത്തിൽ ഇനി മിച്ചമുള്ളത് 1,404 കിലോ ലിറ്റർ മണ്ണെണ്ണ മാത്രമാണ്. ഇതു മുഴുവൻ കാർഡുടമകൾക്ക് നൽകാൻ തികയാത്തതിനാലാണ് വെള്ളകാർഡുടമകൾക്ക് നൽകേണ്ടതില്ല എന്ന് തീരുമാനിച്ചതെന്നാണ് റേഷനിംഗ് കണ്‍ട്രോളറുടെ ഉത്തരവിൽ പറയുന്നത്. എന്നാൽ പ്രത്യേക സമയങ്ങളിൽ വിതരണം ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട 10,476
കിലോ ലിറ്റർ മണ്ണെണ്ണ അധിക വിഹിതമായി സബ്സിഡിയില്ലാതെ കേന്ദ്രം സംസ്ഥാനത്തിനു നൽകിയിട്ടുണ്ട്. ഈ മണ്ണെണ്ണ ഓണം ഫെസ്റ്റിവൽ പരിഗണിച്ച് വെള്ള കാർഡുകൾക്ക് വിതരണം ചെയ്യാം. സർക്കാർ കൈവശം 10,476 കിലോ ലിറ്റർ മണ്ണെണ്ണ ഉണ്ടായിട്ടും വിതരണം ചെയ്യാതെ പൂഴ്ത്തിവച്ച നടപടി പ്രതിഷേധാർഹമാണെന്ന് റേഷൻ ഡീലേഴ്സ് കോണ്‍ഗ്രസ്് ദേശീയ ജനറൽസെക്രട്ടറി ബേബിച്ചൻ മുക്കാടൻ പറഞ്ഞു.
റേഷൻ മണ്ണെണ്ണയ്ക്ക് ലിറ്ററിന് 37 രൂപയും സബ്സിഡി ഇല്ലാത്ത മണ്ണെണ്ണയ്ക്ക് 42 രൂപയുമാണ് നിലവിലുള്ള വില.വില ഏകീകരണത്തിന്റെ പേരിൽ മണ്ണെണ്ണ ലിറ്ററിന് ഒരു രൂപയിലധികം ഉപഭോക്താവിൽ നിന്നും എല്ലാ മാസവും കൂട്ടിവാങ്ങുന്ന സംസ്ഥാന സർക്കാർ നടപടി നീതി രഹിതമാണെന്നാണ് റേഷൻ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നത്. വിളക്കു തെളിക്കുന്നതിനും പാചക ആവശ്യത്തിനും കേന്ദ്രം നൽകുന്ന സബ്സിഡി മണ്ണെണ്ണ മത്സ്യ ബന്ധന ബോട്ടുകൾക്ക് നൽകുന്നതിനെതിരേയും പ്രതിഷേധമുണ്ട്.
വെള്ള കാർഡിനു നൽകി വന്ന ഭക്ഷ്യവിഹിതത്തിലും സർക്കാർ കുറവു വരുത്തി. കഴിഞ്ഞ മാസം എട്ടുകിലോ ലഭിച്ചിരുന്നു എങ്കിൽ ഈ മാസം ഏഴുകിലോഗ്രാം മാത്രമേ ലഭിക്കുകയുള്ളൂ. മറ്റെല്ലാ വിഭാഗത്തിനും ഫെസ്റ്റിവൽ അലവൻസ് അനുവദിച്ചിട്ടും റേഷൻ വ്യാപാരികളെ മാത്രം അവഗണിച്ചതിൽ റേഷൻ വ്യാപാരികൾക്കിടയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
സബ് സിഡി ഇല്ലാത്ത അരി 26 രൂപയ്ക്കും മണ്ണെണ്ണ 41 രൂപയ്ക്കും ആവശ്യാനുസരണം നൽകാൻ കേന്ദ്രം തയാറായിട്ടും അത് ഏറ്റെടുത്തു വിതരണം ചെയ്യാത്ത സംസ്ഥാന സർക്കാർ നടപടി പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു.