വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിനടുത്തു നിന്നും വെള്ള നിറത്തിലുള്ള പാന്പിനെ പിടികൂടി. പാന്പ് പിടുത്തത്തിൽ വിദഗ്ദ്ധനായ കാരയങ്കാട് മുഹമ്മദാലിയാണ് വെള്ള നിറത്തിലുള്ള ചേനതണ്ടൻ ഇനത്തിൽപ്പെട്ട പാന്പിനെ പിടികൂടിയത്.
രണ്ടടിയോളം നീളം വരുന്ന പാന്പിന് ഒന്നര കിലോ തൂക്കമുണ്ട്. വെള്ള ഇനം പാന്പ് വളരെ അപൂർവ്വമായി മാത്രമെ നമ്മുടെ നാട്ടിൽ കാണാറുള്ളുവെന്ന് ഒരു പതിറ്റാണ്ടായി പാന്പ് പിടുത്ത രംഗത്തുള്ള മുഹമ്മദാലി പറഞ്ഞു. മുഹമ്മദാലിയുടെ പിതാവ് ബഷീർ അറിയപ്പെടുന്ന പാന്പ് പിടുത്തക്കാരനായിരുന്നു. പിതാവിന്റെ മരണശേഷമാണ് മുഹമ്മദാലിയും ഈ രംഗത്ത് സജീവമാകുന്നത്.
അപകടകരമാം വിധം പാന്പിനെ എവിടെ കണ്ടാലും മുഹമ്മദാലിയെ വിളിച്ചാൽ മതി ചെറിയ ടവ്വലുമായെത്തി ഏത് വിഷ സർപ്പത്തേയും മുഹമ്മദാലി വരുതിയിലാക്കും. ഇതിനകം തന്നെ പതിനായിരത്തോളം പാന്പിനെയെങ്കിലും മുഹമ്മദാലി പിടിച്ചിട്ടുണ്ടാകുമെന്നാണ് കണക്ക്. പിടികൂടുന്ന വിഷ പാന്പുകളെ നെല്ലിയാന്പതി കാട്ടിൽ കൊണ്ടു വിടും. വിഷമില്ലാത്ത ചേരപോലെയുള്ള പാന്പുകളെ പുഴയോരങ്ങളിലോ മറ്റൊ വിടും.
സ്ഥിരമായി വീട്ടുക്കാർക്ക് ശല്യമാകുന്ന ചേരപാന്പുകളെ മാത്രമെ പിടികൂടു. ഫോണ് ചെയ്താൽ മുഹമ്മദാലി ഓടി വരണമെങ്കിൽ പാന്പ് ഉഗ്രവിഷകാരിയാകണം. അല്ലാതെ ചേരയെ കണ്ട് പാന്പെന്ന് പറഞ്ഞു് സമയം മെനക്കെടുത്തിയാൽ മുഹമ്മദാലിക്ക് ദേഷ്യം വരും.