മട്ടന്നൂർ: മട്ടന്നൂർ മേഖലയിലെ വീടുകളിലെ ജനൽചില്ലുകളിലും സ്റ്റിക്കറുകൾ പതിച്ചതായി കണ്ടെത്തി. മട്ടന്നൂർ നഗരസഭയിലെ പയ്യപ്പറമ്പ്, പെരിയച്ചൂർ എന്നിവിടങ്ങളിലെ 10 വീടുകളിലാണ് സ്റ്റിക്കർ പതിച്ച നിലയിൽ കാണപ്പെട്ടത്.
പയ്യപ്പറമ്പിലെ കെ.രാജേഷ്, രതീഷ്, റോജ, അനീഷ്, ശ്രീജിത്ത്, കൃഷ്ണൻ, രാജൻ, വസന്ത എന്നിവരുടെയും പെരിയച്ചൂരിലെ ഒരു വീട്ടിലുമാണ് സ്റ്റിക്കർ കണ്ടെത്തിയത്.
വീടിന്റെ പിൻഭാഗത്തെ ജനൽ ചില്ലിലാണ് സ്റ്റിക്കർ പതിച്ചിരുന്നത്. ഒരു വീട്ടിൽ വെള്ള സ്റ്റിക്കറും മറ്റു വീടുകളിൽ കറുത്ത സ്റ്റിക്കറുമാണ് പതിച്ചത്. വീട്ടുക്കാരുടെ പരാതി പ്രകാരം മട്ടന്നൂർ പോലീസ് വീടുകളിലെത്തി അന്വേഷണം നടത്തി. കഴിഞ്ഞ ദിവസം രാത്രി പരിയാരം ഹസൻ മുക്കിൽ വീടിന്റെ ജനൽ ഗ്ലാസിലും കറുത്ത സ്റ്റിക്കർ പതിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഹസൻ മുക്കിലെ ബൈത്തുൽ ആയിഷയിലെ ലത്തീഫിന്റെ വീട്ടിലായിരുന്നു സ്റ്റിക്കർ കണ്ട്ത.
ഇതു സംബന്ധിച്ചു പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പയ്യപ്പറമ്പ് മേഖലയിലും സ്റ്റിക്കറുകൾ കണ്ടെത്തിയത്. സംസ്ഥാനത്ത് കുട്ടികളെ തട്ടികൊണ്ടു പോകുന്ന സംഘം വ്യാപകമായി എത്തിയിട്ടുണ്ട് എന്ന പ്രചരണത്തിനു പിന്നാലെയാണ് ദുരൂഹത സാഹചര്യത്തിൽ സ്റ്റിക്കറുകൾ കണ്ടെത്തിയത്. വീട്ടു സാധനങ്ങൾ വിൽക്കാനും ഭിക്ഷ യാചിക്കുന്ന അപരിചിതരെ കണ്ടാലും ശ്രദ്ധിക്കണമെന്നു പോലീസ് നിർദേശം നൽകിയിട്ടുണ്ട്.
മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മൂന്ന് സ്ഥലങ്ങളിലെ വീടുകളിൽ സ്റ്റിക്കർ പതിച്ചതിനെക്കുറിച്ചു പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്. സ്റ്റിക്കർ ആരാണ് പതിച്ചതെന്നും ഇതിന്റെ ലക്ഷ്യം എന്താണെന്നുമാണ് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ അന്വേഷിച്ചു വരികായണ്. കഴിഞ്ഞ മാസം അവസനത്തോടെ കയനിൽ വച്ചു കുട്ടികളെ തട്ടിക്കൊണ്ടു പോകാനെത്തിയയെന്ന സംശയത്തിൽ ആന്ധ്ര സ്വദേശിയായ മധ്യവയസ്കനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ഉരുവച്ചാലിൽ വച്ചു രണ്ടു വിദ്യാർഥികളെ വാഹനത്തിലെത്തിയ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായും പരാതിയുണ്ടായിരുന്നു.