ലോകം കണ്ട ഏറ്റവും അപകടകാരികളായ സ്ത്രീകളിലൊരാളായി വിലയിരുത്തപ്പെടുന്ന വ്യക്തിയാണ് സാമന്ത ലൂത്ത് വെയ്റ്റ് എന്ന ബ്രിട്ടീഷുകാരി.
ഇങ്ങനെ പറഞ്ഞാൽ ഏറെപ്പേർക്കും അവളെ അറിയാനാകുമെന്നു തോന്നുന്നില്ല. എന്നാൽ, വെളുത്ത വിധവ (വൈറ്റ് വിഡോ) എന്ന പേരുകേട്ടാൽ ആഗോള തലത്തിൽത്തന്നെ കുപ്രസിദ്ധയാണവൾ.
ഭീകരവാദത്തിനെതിരേ പോരടിക്കുന്ന എല്ലാ അന്വേഷണ ഏജൻസികളും തെരയുന്ന പേരുകളിലൊന്നാണ് വെളുത്ത വിധവ എന്നത്. തീവ്രവാദവഴിയിൽ ഭർത്താവിനൊപ്പം നടക്കുക മാത്രമല്ല നിരവധിപേരെ കൊലപ്പെടുത്താൻ ചുക്കാൻ പിടിക്കുകയും ചെയ്തതിലൂടെയാണ് സാമന്ത ലോകമെന്പാടും ഭീതിപരത്തുന്ന വനിത എന്ന കുപ്രസിദ്ധി പേരിനൊപ്പം എഴുതിച്ചേർത്തത്.
രക്ഷപ്പെടൽ
ഏറെ തെരച്ചിൽ നടത്തിയിട്ടും അന്വേഷണ ഏജൻസികൾക്ക് പിടകൂടാനാവാത്ത അപകടകാരി കൂടിയാണ് സാമന്ത ലൂത്ത് വെയ്റ്റ്. ആഫ്രിക്കയിലും മിഡിൽ ഈസ്റ്റിലുമായി നിരവധി ഭീകര ആക്രമണങ്ങൾക്കു പിന്നിൽ ഇവർ പ്രവർത്തിച്ചെന്ന വിവരം അന്വേഷണ ഏജൻസികൾക്കുണ്ട്.
എന്നാൽ, ഇതുവരെ ഇവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. രണ്ടു മക്കളെയുമായി ഇവർ ബ്രിട്ടനിൽനിന്ന് എങ്ങനെ സുരക്ഷിതമായി രക്ഷപ്പെട്ടു എന്നതും അന്വേഷണ ഏജൻസികളെ കുഴയ്ക്കുന്ന ചോദ്യമാണ്.
ഇവർക്കായി ഇപ്പോഴും പല അന്വേഷണ ഏജൻസികളും തെരച്ചിൽ നടത്തുന്നുണ്ട്. സാമന്ത ലൂത്ത് വെയ്റ്റ് നേതൃത്വം നൽകിയ വിവിധ ഭീകര ആക്രമണങ്ങളിൽ നാനൂറോളം പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.
ചാവേർ ഭർത്താവ്
ബ്രിട്ടനിൽനിന്ന് ആദ്യമായി ഭീകരപ്രവർത്തനത്തിൽ നേരിട്ട് ഏർപ്പെട്ട വനിതയായിട്ടാണ് ഇവരെ കണക്കാക്കുന്നത്. ബ്രിട്ടനെ വിറപ്പിച്ച ചാവേർബോംബർ ജെർമെയ്ൻസ് ലിൻഡ്സെയുടെ ഭാര്യയായതോടെയാണ് സാമന്തയും സജീവമായ തീവ്രവാദ പ്രവർത്തനങ്ങളിൽ ചുവടുറപ്പിക്കുന്നത്.
അതിനുമുന്പേ തന്നെ ഇത്തരം ആശയങ്ങളിൽ ഇവർ ആകൃഷ്ടയായിരുന്നു. സൊമാലിയ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പായ അൽ-ഷബാബിലെ അംഗമായിരുന്നു സാമന്ത.
സിറിയ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ആഗോള ഭീകര സംഘടനയായ ഐഎസിൽ വനിതകൾക്കു പരിശീലനം നൽകാനും സാമന്ത മുന്നിട്ടിറങ്ങിയതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.
സാധാരണ പെൺകുട്ടി
ഇംഗ്ലണ്ടിലെ അയ്ലസ്ബറിയിലെ ക്രൈസ്തവ കുടുംബത്തിൽ ജനിച്ചവളാണ് സാമന്ത. അച്ഛനൊരു പട്ടാളക്കാരനായിരുന്നു. ചെറുപ്പത്തിൽ വളരെ നാണംകുണുങ്ങിയായിരുന്നു ഇവൾ.
ശാന്തമായി പ്രവർത്തിക്കുന്ന സാധാരണ പെൺകുട്ടി. കൗമാരപ്രായത്തിൽത്തന്നെ സാമന്ത ചില സ്വാധീനങ്ങളാൽ മതം മാറി ഇസ്ലാം മതത്തിന്റെ ഭാഗമായി.
ഒാൺലൈൻ വഴിയുള്ള ചില ബന്ധങ്ങളാണ് ഇവളെ സ്വാധീനിച്ചതെന്നു കരുതപ്പെടുന്നു. സാമന്തയുടെ മതംമാറ്റത്തെ വീട്ടുകാരോ കൂട്ടുകാരോ അംഗീകരിച്ചില്ലെങ്കിലും അവളുടെ സ്വാതന്ത്ര്യം എന്നു കരുതി ആരും നിരുത്സാഹപ്പെടുത്താൻ പോയില്ല.
എന്നാൽ, ഇതിനകം അപകടകരമായ ചില ബന്ധങ്ങളിലേക്ക് അവളുടെ സൗഹൃദങ്ങൾ വളർന്നിരുന്നു. (തുടരും).