വൈറ്റ് വിഡോ എന്ന പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച സാമന്ത ല്യൂത്ത് വൈറ്റ് അമ്പതോളം സ്ത്രീകള്‍ക്ക് ചാവേറാക്രമണത്തിന് പരിശീലനം നല്‍കിയതായി റിപ്പോര്‍ട്ട്. ഈ സമ്മറില്‍ ബീച്ച് റിസോര്‍ട്ടുകളിലെത്തിയ ആക്രമണം സംഘടിപ്പിക്കുന്നതിനായാണ് ഇവരെ സാമന്ത് സജ്ജരാക്കിയതെന്നും പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം സൂചിപ്പിക്കുന്നു.
ലണ്ടനില്‍ 2005-ല്‍ നടന്ന ആക്രമണത്തില്‍ ഇവരുടെ ഭര്‍ത്താവായിരുന്നു ചാവേറായത്. അയാളുടെ മരണത്തിനുശേഷമാണ് സാമന്ത ഭീകരതയുടെ വഴി തിരഞ്ഞെടുത്തത്. അതോടെ, വൈറ്റ് വിഡോയെന്ന പേരില്‍ ഇവര്‍ കുപ്രസിദ്ധയായത്.
ബക്കിംഗ്ഹാം ഷെയറിലെ ഐയ്ല്ബറി സ്വദേശിയായ സാമന്ത നാലുമക്കളുടെ അമ്മ കൂടിയാണ്. ബ്രിട്ടനടക്കം യൂറോപ്യന്‍ രാജ്യങ്ങളുടെ പേടിസ്വപ്നമായ വൈറ്റ് വിഡോ, മതഭ്രാന്തികളായ അമ്പതോളം പേരെ ഭീകരപ്രവര്‍ത്തനത്തിനായി റിക്രൂട്ട് ചെയ്യുകയും അവരെ ചാവേറാക്രമണം നടത്തേണ്ടതെങ്ങനെയെന്ന് പരിശീലിപ്പിച്ചതായുമാണ് റിപ്പോര്‍ട്ട്. അതില്‍ പലരെയും പല ദൗത്യങ്ങളേല്പ്പിച്ച് ഇതിനോടകം നിയോഗിച്ചതായും ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗം പറയുന്നു.
അരയില്‍ ബെല്‍റ്റ് ബോംബ് സ്ഥാപിച്ച് കണ്ണായ സ്ഥലങ്ങളിലെത്തി പൊട്ടിത്തെറിക്കേണ്ടതെങ്ങനെയെന്ന പരിശീലനമാണ് ഇവര്‍ നല്‍കിയിട്ടുള്ളത്. ബ്രിട്ടന്, ഗ്രീസ്, തുര്‍ക്കി, സൈപ്രസ്, സ്പെയിന് എന്നിവിടങ്ങളിലും കാനറി ദ്വീപിലും സ്ഫോടനം നടത്താനായാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളതെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇവര്‍ അയച്ച ഇ-മെയിലുകളും ഫോണ്‍വിളികളും പരിശോധിച്ചാണ് വിവിധ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇക്കാര്യം കണ്ടെത്തിയിട്ടുള്ളത്. ആഫ്രിക്കയിലും മിഡില്‍ഈസ്റ്റിലും നടന്ന ഒട്ടേറെ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്തത് സാമന്തയാണെന്നാണ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ പറയുന്നത്.
2015-ല്‍ ടുണീഷ്യയിലെ എല്‍ കാന്റൂയിയിലുണ്ടായ ഐസിസ് കൂട്ടക്കൊലയ്ക്ക് പിന്നിലും ഇവരുണ്ടെന്നാണ് വിശ്വസിക്കുന്നത്. 38 പേരാണ് അന്നത്തെ ആക്രമണത്തില്‍ മരിച്ചത്. കുട്ടിക്കാലത്തെ ഇസ്ലാം മതം സ്വീകരിച്ച സാമന്ത ജമൈക്കന്‍ വംശജനായ ജെര്മൈന് ലിന്‍ഡ്സേ എന്ന ഭീകരനെ വിവാഹം കഴിച്ചതോടെയാണ് ഭീകരതയുടെ ലോകത്തെത്തുന്നത്.
ലണ്ടനില്‍ 2005 ജൂലൈ ഏഴിന് നടന്ന സ്ഫോടന പരമ്പരയ്ക്ക് പിന്നില്‍ ജര്മൈന് പ്രവര്‍ത്തിച്ചിരുന്നു. ഒരു സ്ഫോടനത്തില്‍ ചാവേറായി പോയതും ജര്മൈനായിരുന്നു. ഈ സ്ഫോടന പരമ്പരയിലാകെ കൊല്ലപ്പെട്ടത് 52 പേരാണ്. പുതിയ വാര്‍ത്ത വന്നതോടെ ലണ്ടന്‍ പോലീസ് ആകെ പരിഭ്രാന്തിയിലാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ബീച്ച് റിസോര്‍ട്ടുകള്‍ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.