കൂറ്റനാട്: കേരളത്തിൽ കാണുന്ന അപൂർവ നായ വർഗത്തിൽപ്പെട്ട വന്യജീവിയായ വെളുത്തനിറത്തിലുള്ള കുറുനരിയുടെ ചിത്രം വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഷിനോ ജേക്കബ് കൂറ്റനാട് പകർത്തി. ജില്ലയുടെ പടിഞ്ഞാറൻ ഭാഗമായ കൂറ്റനാടാണ് ഈ ജീവിയെ കാമറയിലാക്കിയത്.
ഗോൾഡൻ ജാക്കൽ എന്നും ഇന്ത്യൻ ജാക്കൽ എന്നിങ്ങനെ ഇംഗ്ലീഷ് പേരുകളിലുള്ള കുറുനരി കേരളത്തിലെ ഗ്രാമപ്രദേശങ്ങളിൽ കണ്ടുവരുന്നു. ഈ ജീവിയുടെ നിറം ശരീരം ചെന്പൻ, ബ്രൗണ്‍ നിറവും മുതുകു കറുത്ത രോമങ്ങൾ നിറഞ്ഞതുമാണ്.
ഇതിൽ കറുപ്പിന്റെ അളവ് കുറഞ്ഞും കൂടിയും ഇരിക്കാറുണ്ട്. കേരളത്തിൽ ഇതിനുമുന്‍പ് പൂർണമായും കറുത്തനിറത്തിലുള്ള കുറുനരിയേയും കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ ഇപ്പോൾ ശരീരത്തിൽ ഒട്ടും തന്നെ കറുപ്പ് നിറം ഇല്ലാതെ പൂർണമായും വെളുത്തനിറത്തിലുള്ളതിനെയാണ് കണ്ടെത്തിയത്.നാടൻ നായയുടെ വലിപ്പവും സാമ്യവുമുള്ള കുറുനരികൾ രാത്രി സഞ്ചരിക്കുന്ന ജീവികളാണ്.
പകൽനേരങ്ങളിൽ മണ്ണിലെ മാളങ്ങളിൽ വിശ്രമിക്കും. ചിലപ്പോഴൊക്കെ രാത്രിയിൽ ഓരിയിടാറുണ്ട്.എലി മുതലായ ചെറുജീവികളും പഴങ്ങളും അഴുകിയ മാംസാവശിഷ്ടങ്ങളും മറ്റുമാണ് കുറുനരിയുടെ ഭക്ഷണം.
ഒറ്റരാത്രികൊണ്ട് ഭക്ഷണംതേടി 12 മുതൽ 15 വരെ കിലോമീറ്റർ ദൂരം കുറുനരികൾ സഞ്ചരിക്കാറുണ്ട്. പലസ്ഥലങ്ങളിലും മനുഷ്യന്റഅണാർ ജീവിക്കുന്നതിനോട് തൊട്ടുചേർന്ന് സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് ജീവിക്കാൻ കുറുനരികൾക്ക് പ്രത്യേക കഴിവുണ്ട്.
സാധാരണ മനുഷ്യരെ കണ്ടാൽ കുറുനരികൾ ഓടിമറയുകയാണ് പതിവ്. നാട്ടിൻപുറങ്ങളിൽ പലയിടങ്ങളിലും കുറുനരികളെ കുറുക്കൻ എന്നുവിളിക്കുമെങ്കിലും, ബംഗാൾ ഫോക്സ് എന്നീ പേരുകളിൽ അറിയപ്പെടുന്ന വളരെ അപൂർവമായ മറ്റൊരു സ്പീഷിസ് ജീവിയാണ് കുറുക്കൻ.