യുവനടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തിനു പിന്നിലെ ഒരു സൂത്രധാരന്‍ ഉണ്ടെന്ന നിഗമനത്തിലേക്ക് പോലീസ് എത്തുന്നു. നടിയെ തട്ടിക്കൊണ്ടുപോയപ്പോള്‍ കൂടെയുണ്ടായിരുന്നവരെ ചോദ്യം ചെയ്തതില്‍ നിന്ന് കിട്ടിയ നിര്‍ണായക വിവരങ്ങളില്‍ നിന്നാണ് പോലീസ് ഈ നിഗമനത്തിലേക്കെത്തുന്നത്. നടിയെ തട്ടിക്കൊണ്ടുപോയി ചിത്രങ്ങളെടുത്തശേഷം നടിയെ സംവിധായകന്റെ വീട്ടില്‍ ഇറക്കി വിടുകയായിരുന്നു ചെയ്തത്. ഇതിനുശേഷം പള്‍സര്‍ സുനി ആരെയോ ഫോണില്‍ വിളിച്ച് അണ്ണാ അവളെ ശരിയാക്കിയിട്ടുണ്ട് എന്ന് പറഞ്ഞതായി പിടിയിലായ മണികണ്ഠന് സമ്മതിക്കുന്നു. എന്നാല്‍ ആരെയാണ് വിളിച്ചതെന്ന കാര്യത്തില്‍ കൂടെയുണ്ടായിരുന്നവര്‍ക്ക് അത്ര ഉറപ്പില്ല.
നടിയെ തട്ടിക്കൊണ്ടു പോകാന്‍ കാത്തു കിടന്ന സമയത്ത് സുനിക്ക് നിരന്തരം വാട്സാപ്പ് മെസേജുകള്‍ വന്നിരുന്നതായും പിടിയിലായവര്‍ പറയുന്നു. ആ സമയമൊക്കെ സുനി വല്ലാത്ത സമ്മര്‍ദത്തിലായിരുന്നുവെന്നും ഇവര്‍ മൊഴി നല്‍കിയതായി സൂചനയുണ്ട്. അതേസമയം, സുനിയുടെ ഒരു മാസത്തെ ടെലിഫോണ്‍ സംഭാഷണ രേഖകള്‍ കേസില്‍ നിര്‍ണായകമാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ചിത്രങ്ങള്‍ എടുത്തു ബ്ലാക്മെയില്‍ ചെയ്തു പണം തട്ടുകയെന്നതിനെക്കാള് നടിയെ മാനസികമായി തകര്‍ക്കുകയും വിവാഹം മുടക്കുകയും ചെയ്യുകയെന്നതാണ് അക്രമത്തിനു പിന്നിലുള്ള ലക്ഷ്യമെന്നാണ് സൂചന. ബ്ലാക്മെയിലാണു ലക്ഷ്യമെങ്കില്‍ മണിക്കൂറുകളോളം കാറില്‍ ബന്ദിയാക്കി മാനസികമായി പീഡിപ്പിക്കുന്നതിനു പകരം കൃത്യം നിര്‍വഹിച്ച് എത്രയും പെട്ടെന്നു തടിതപ്പാനല്ലേ പ്രതികള്‍ ശ്രമിക്കുകയെന്ന വാദവും പോലീസ് ഉയര്‍ത്തുന്നുണ്ട്.
അതേസമയം, കേസില്‍ പങ്കുണ്ടെന്ന് സോഷ്യല്‍ മീഡിയയിലടക്കം ആരോപിക്കപ്പെടുന്ന പ്രമുഖ നടനെ പോലീസ് ചോദ്യം ചെയ്തെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആലുവ പോലീസ് സിവില്‍ ഡ്രെസില്‍ താരത്തിന്റെ വീട്ടിലെത്തിയാണ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ രാഷ്ട്രദീപിക ആലുവ പോലീസിനെ ബന്ധപ്പെട്ടെങ്കിലും അവര്‍ ഇക്കാര്യം നിഷേധിക്കുകയാണുണ്ടായത്. വെള്ളിയാഴ്ച്ച രാത്രി തൃശൂരില്‍ നിന്ന് വരികയായിരുന്ന നടിയെ അങ്കമാലിക്ക് സമീപം വച്ചാണ് നാലംഗസംഘം കാര്‍ തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോയത്. രണ്ടുമണിക്കൂറിനുശേഷം കൊച്ചി കാക്കനാട്ട് നടിയെ ഇറക്കിവിട്ട് സംഘം കടന്നുകളയുകയായിരുന്നു. വഴിയിലുടനീളം ഉപദ്രവിക്കുകയും ചിത്രങ്ങളെടുക്കുകയും ചെയ്തു എന്നാണ് നടിയുടെ മൊഴി.