ആരാണ് ഈ ബിപിന്‍ റാവത്ത്. രണ്ടു മൂന്നു ദിവസങ്ങളിലായി ആരോപണപ്രത്യാരോപണങ്ങളില്‍ ബിപിന്‍ റാവത്തെന്ന പേരാണ് സജീവം. ഇന്ത്യയുടെ പുതിയ കരസേനാമേധാവിയുടെ ചരിത്രം അറിയുന്നവര്‍ ചുരുക്കം. ഐതിഹാസികമായ ആ ജീവിതകഥ ഇതാ… തീവ്രവാദികളെ എന്നും ഭയപ്പെടുത്തുന്ന നാമമാണ് ലഫ്. ജനറല്‍ ബിപിന്‍ റാവത്തിന്റേത്. അങ്ങ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തീവ്രവാദികളെയും കാഷ്മീരിലെ നുഴഞ്ഞുകയറ്റക്കാരെയും ദയാദാക്ഷണ്യമില്ലാതെ കൊന്നൊടുക്കിയ യുദ്ധവീരന്. മിന്നലാക്രമണങ്ങളിലൂടെ തീവ്രവാദകേന്ദ്രങ്ങള്‍ ചാരമാക്കിയ ബുദ്ധിരാക്ഷസന്… വിശേഷണങ്ങളേറെയാണ്. അതുകൊണ്ട് തന്നെയാണ് സീനിയോരിറ്റിയുള്ള രണ്ടുപേരെ മറികടന്ന് പുതിയ കരസേന മേധാവിയായി റാവത്തിനെ സര്‍ക്കാര്‍ നിയമിച്ചതും.
സംഭവബഹുലമാണ് റാവത്തിന്റെ സൈനികജീവിതം. ഒപ്പംനിന്ന് പോരാടുന്ന തന്റെ സഹപ്രവര്‍ത്തകരെ യുദ്ധഭൂമിയില്‍ തനിച്ചാക്കി മടങ്ങുന്ന പതിവ് സൈനികമേധാവികളില്നിന്ന് വ്യത്യസ്തനാണ് അദ്ദേഹം. ഒരു വര്‍ഷം മുമ്പ് ജൂണില്‍ മണിപ്പൂരില്‍ നടന്ന സംഭവം തന്നെ ഉത്തമോദാഹരണം. അന്ന് 18 ഇന്ത്യന്‍ സൈനികരെയാണ് നാഗ വിമതര്‍ കൂട്ടക്കൊല നടത്തിയത്. സൈന്യത്തിന്റെ ഭാഗത്തുനിന്നും കാര്യമായ തിരിച്ചടിയുണ്ടാകില്ലെന്ന് വിമതര്‍ കരുതി. എന്നാല്‍ തീവ്രവാദകേന്ദ്രങ്ങളില്‍ കടന്നുകയറിയ റാവത്തിന്റെ നേതൃത്വത്തിലുള്ള പട്ടാളക്കാര്‍ ഒരു രാത്രി കൊണ്ടു തീവ്രവാദികളെയെല്ലാം വകവരുത്തി. മ്യാന്മാറിലേക്ക് കടന്ന തീവ്രവാദികളെയും വെറുതെവിട്ടില്ല. പിന്നാലെ ചെന്ന് കൊന്നൊടുക്കി. അതും ആ രാജ്യത്തെ സുരക്ഷ ഉദ്യോഗസ്ഥര്‍ പോലും അറിയാതെ. അന്ന് ദിമാപൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന 3 കോര്‍പ്സ് കമാന്‍ഡറായിരുന്ന ലഫ്. ജനറല്‍ ബിപിന്‍ റാവത്ത്. അദ്ദേഹത്തിന്റെ തലച്ചോറില്‍ വിരിഞ്ഞ ബുദ്ധിയായിരുന്നു അന്ന് സൈനികര്‍ പൂര്‍ത്തിയാക്കിയത്.
റാവത്ത് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായിമാറുന്നത് 1978ലാണ്. ആദ്യ കാലത്ത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലായിരുന്നു ചുമതലയെങ്കില്‍ പിന്നീട് കാഷ്മീര്‍ അടക്കമുള്ള പ്രശ്നമേഖലകളിലേക്ക് അദ്ദേഹത്തെ നിയോഗിച്ചു. കാഷ്മീരിലെ മിന്നലാക്രമണങ്ങളുടെ സൂത്രധാരന്‍ റാവത്തായിരുന്നു. തീവ്രവാദി ആക്രമണങ്ങള്‍ക്കു പേരുകേട്ട ഉറി മേഖലയില്‍ റാവത്ത് വന്നതില്പിന്നെ തീവ്രവാദികള്‍ക്ക് നേരെ കടുത്ത പ്രത്യാക്രമണം സൈന്യം അഴിച്ചുവിട്ടു. ചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തപ്പെട്ട ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്കിനു നേതൃത്വം നല്‍കിയത് റാവത്താണ്. ഇപ്പോള്‍ പുതിയൊരു ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോള്‍ രാജ്യത്തിന് വിശ്വസിക്കാം ക്രിക്കറ്റിനെ ഏറെ സ്നേഹിക്കുന്ന ഈ മനുഷ്യനെ.