കേരളത്തില്‍ അടിത്തറ ശക്തിപ്പെടുത്താന്‍ തന്ത്രങ്ങളില്‍ മാറ്റംവരുത്തി ബിജെപി. നേതാക്കളെ വളര്‍ത്തിക്കൊണ്ടു വന്ന് പാര്‍ട്ടി വളര്‍ത്തുന്നതിലും എളുപ്പം ഇതര പാര്‍ട്ടികളിലെ ജനപ്രിയ നേതാക്കളെ ബിജെപി പാളയത്തിലെത്തിക്കുകയെന്ന തന്ത്രമാകും പാര്‍ട്ടി പയറ്റുക. ഇതിന്റെ ഭാഗമായി ചില കോണ്‍ഗ്രസ്, സിപിഎം നേതാക്കളുമായി ബിജെപി ദേശീയ നേതൃത്വം ചര്‍ച്ചകള്‍ നടത്തിയതായി സൂചനയുണ്ട്. കണ്ണൂര്‍ രാഷ്ട്രീയത്തിലെ കരുത്തനായ കോണ്‍ഗ്രസ് നേതാവുമായി ആദ്യ ഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസ് നേതൃത്വവുമായി അകന്നുനില്ക്കുന്ന ഈ നേതാവിനെ പാളയത്തിലെത്തിച്ചാല്‍ കണ്ണൂരില്‍ ഉള്‍പ്പെടെ അക്കൗണ്ട് സ്വാധീനം വര്‍ധിപ്പിക്കാമെന്നാണ് ബിജെപി പ്രതീക്ഷ.
ശശി തരൂരാണ് ബിജെപിയിലേക്ക് ചേക്കേറാനൊരുങ്ങുന്ന മറ്റൊരു നേതാവെന്നാണ് സൂചന. ഇക്കാര്യം കെപിസിസി പ്രസിഡന്റ് എം.എം. ഹസന് കഴിഞ്ഞദിവസം അറിയാതെ പറയുകയുമുണ്ടായി. എന്നാല്‍ തന്റെ ആശയങ്ങള്‍ ബിജെപിയുടേതിനു വിരുദ്ധമാണെന്നും ഒരു കാരണവശാലും സംഘ്പരിവാര്‍ താവളത്തിലേക്കില്ലെന്നുമാണ് തരൂരിന്റെ പരസ്യ പ്രതികരണം. തരൂരിന്റെ ബിജെപി പ്രവേശനം സംബന്ധിച്ച് പലവിധത്തിലുള്ള കിംവദന്തികള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി.
ദീര്‍ഘകാലം യുപിഎ മന്ത്രിസഭയില്‍ പ്രവര്‍ത്തിച്ച മറ്റൊരു എംപിയും ബിജെപിയുമായി ചര്‍ച്ച നടത്തിയെന്ന അഭ്യൂഹവുമുണ്ട്. ബിജെപിയെ വിമര്‍ശിക്കുന്നതില്‍ പിശുക്കു കാണിക്കുന്നുവെന്ന് സ്വന്തം പാര്‍ട്ടിയില്‍നിന്ന് പോലും ഈ എംപിക്കെതിരേ വിമര്‍ശനമുയര്‍ന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി അരുണ്‍ ജയറ്റ്ലി എന്നിവരുമായി അടുപ്പം പുലര്‍ത്തുന്ന ഈ നേതാവിന്റെ പേരും ഭാഗ്യന്വേഷികളുടെ പട്ടികയിലുണ്ട്.
കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള വിവിധ പാര്‍ട്ടികളില്‍ നിന്ന് ചില നേതാക്കളും പ്രവര്‍ത്തകരും വൈകാതെ ബിജെപിയിലെത്തുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.മുരളീധര്‍ റാവു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മോദിയുടെ നേതൃത്വവും ബിജെപിയുടെ വികസന അജന്‍ഡയും അംഗീകരിക്കുന്ന ആരേയും സ്വാഗതം ചെയ്യും. പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന് തോന്നുന്ന ആരുമായും ചര്‍ച്ച നടത്തും. കേരളമാണ് ബിജെപിയുടെ പ്രധാന ശ്രദ്ധാകേന്ദ്രം. കേരളത്തില്‍ എന്‍ഡിഎ വിപുലീകരിക്കും. ഹരിയാനയിലും അസമിലും സംഭവിച്ചതുപോലെയുള്ള രാഷ്ട്രീയ മാറ്റങ്ങള്‍ കേരളത്തിലും സംഭവിക്കുമെന്നും റാവു കൂട്ടിച്ചേര്‍ത്തു.
അതേസമയം, താനുള്‍പ്പെടെയുള്ള നാല് നേതാക്കള്‍ ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണം പച്ചക്കള്ളമാണെന്ന് കെ സുധാകരനും വ്യക്തമാക്കി. കോണ്‍ഗ്രസിന് ക്ഷീണം സംഭവിച്ചിട്ടുണ്ടെന്നത് വസ്തുതയാണ്. എന്നാല്‍ അത് തകര്‍ന്നുവെന്ന് വിശ്വസിക്കുന്നില്ല. ഇവിടെ കൂടെയുള്ളവരെ വെട്ടിക്കൊന്ന ഒരു പാര്‍ട്ടിയെ മരണം വരെ അംഗീകരിക്കില്ലെന്നും സുധാകരന് പറയുന്നു. ശശി തരൂര്‍ ഒരു പൂര്‍ണ രാഷ്ട്രീയക്കാരനായിട്ടില്ലെന്നും എന്നാല്‍ അദ്ദേഹം കോണ്‍ഗ്രസിന്റെ മുതല്‍ക്കൂട്ടാണെന്നും സുധാകരന് പറഞ്ഞു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെപ്പോലെ നേതാക്കളെ പണം കൊടുത്തു വാങ്ങാന്‍ കേരളത്തില്‍ സാധിക്കില്ല. ബിജെപിയെയും സിപിഎമ്മിനെയും ഒരു പോലെ എതിര്‍ക്കുമെന്നും സുധാകരന് പറഞ്ഞു.