നാലര പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഓള് ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം എന്ന രാഷ്ട്രീയ പ്രസ്ഥാനം വീണ്ടുമൊരു കടുത്ത പ്രതിസന്ധിക്കു മുന്നിലെത്തിയിരിക്കുന്നു. തമിഴ് സിനിമാ രംഗത്തു മുടിചൂടാ മന്നനായിരുന്ന എം.ജി. രാമചന്ദ്രന് സ്ഥാപിച്ച പാര്‍ട്ടിക്ക് അദ്ദേഹത്തിന്റെ മരണത്തെത്തുടര്‍ന്നാണ് ആദ്യം വെല്ലുവിളിയുണ്ടായത്. 1987ലാണ് എംജിആര്‍ വിടവാങ്ങിയത്. പിന്‍ഗാമിയെച്ചൊല്ലി അന്നുണ്ടായ തര്‍ക്കത്തിനു സമാനമാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ ഉരുണ്ടുകൂടുന്ന പ്രശ്നങ്ങള്‍.
ലോക്സഭയില്‍ പാര്‍ട്ടിക്ക് 37 അംഗങ്ങളുണ്ട്. നവനീത് കൃഷ്ണനെപ്പോലെ മികച്ച രാജ്യസഭ അംഗങ്ങള്‍ വേറെയും. ജയലളിതയുടെ പ്രഭാവത്തില്‍ നിഷ്പ്രഭരായ ഇവരെല്ലാം ജയയുടെ അഭാവത്തില്‍ എങ്ങനെ ചിന്തിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും പാര്‍ട്ടിയുടെ ഭാവി. വര്‍ഷങ്ങള്‍ക്കു മുമ്പ് ജയയെക്കുറിച്ചു വീഡിയോ ഫിലിം നിര്‍മിക്കാന്‍ എത്തിയ ശശികല നടരാജനാണ് ഇപ്പോള്‍ പാര്‍ട്ടിലെ ഒരു പ്രധാന അധികാരകേന്ദ്രം. ശശികലയും ഭര്‍ത്താവ് നടരാജനും ബന്ധുക്കളും ചേര്‍ന്ന് ജയയെ ഹൈജാക്ക് ചെയ്തിരിക്കുന്നു എന്ന ആരോപണം തമിഴ് രാഷ്ട്രീയത്തില്‍ ഒരു കാലത്ത് വലിയ ചര്‍ച്ചയായിരുന്നു. 1991ല്‍ ജയ മുഖ്യമന്ത്രിയായപ്പോഴാണ് ശശികലയും കൂട്ടരും അതിശക്തരായത്. മന്നാര്‍ഗുഡിയില്‍ നിന്നുള്ള 40 അംഗസംഘവുമായാണ് ശശികല അക്കാലത്ത് പോയസ് ഗാര്‍ഡനില്‍ താമസമാക്കിയത്. മന്നാര്‍ഗുഡി മാഫിയ എന്നാണ് എതിരാളികള്‍ ശശികലയേയും പരിവാരങ്ങളേയും വിമര്‍ശിച്ചിരുന്നത്.
ഭരണരംഗത്ത് അനധികൃതമായി ഇടപെട്ട് അഴിമതി നടത്തുന്നുവെന്ന ആരോപണം ഇവര്‍ക്കെതിരേ ശക്തമായി. 1996ലെ ജയയുടെ പരാജയത്തിനു പ്രധാന കാരണം ഇതാണെന്നു വിലയിരുത്തുന്നവര്‍ ഏറെയാണ്. 2011ല്‍ വീണ്ടും ജയ അധികാരത്തിലെത്തിയപ്പോള്‍ മന്നാര്‍ഗുഡി സംഘം സജീവമായി. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയ രാജിവയ്ക്കേണ്ടി വന്നാല്‍ ശശികലയെ മുഖ്യമന്ത്രിയാക്കാന്‍ വരെ ഇവര്‍ കരുക്കള്‍ നീക്കി. അക്കാലത്ത് ഗുജറാത്ത് മുഖ്യമന്ത്രയായിരുന്ന നരേന്ദ്ര മോദി വരെ മന്നാര്‍ഗുഡി മാഫിയയെ കരുതിയിരിക്കാന്‍ ജയയെ ഉപദേശിച്ചിരുന്നുവെന്നു പ്രചാരണമുണ്ടായിരുന്നു.
ഒടുവില്‍ ജയയെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നുള്ള കടുത്ത വിമര്‍ശനങ്ങള്‍ ശശികലയ്ക്കും ബന്ധുക്കള്‍ക്കുമെതിരേ ശക്തമായതിനെത്തുടര്‍ന്ന് 2011 ഡിസംബര്‍ 17ന് മന്നാര്‍ഗുഡി പരിവാരങ്ങളോട് വീട്ടില്‍ നിന്നിറങ്ങാന്‍ ജയ ആജ്ഞാപിച്ചു. ശശികലയെ അടക്കം എല്ലാ ബന്ധുക്കളേയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുകയും ചെയ്തു. എന്നാല്‍, 2012 മാര്‍ച്ചില്‍ ശശികലയെ ജയ വീണ്ടും കൂടെക്കൂട്ടി. ബന്ധുക്കളെയെല്ലാം ഒഴിവാക്കിയ ശശികല തുടര്‍ന്നു ജയയുടെ വിശ്വസ്തയായി വീണ്ടും മാറി. ഇപ്പോള്‍ ശശികലയുടെ നീക്കങ്ങള്‍ എന്താകുമെന്നു പ്രവചിക്കാന്‍ പ്രയാസമായിരിക്കും. നേതാവാകാന്‍ ശശികല ശ്രമിച്ചാല്‍ പാര്‍ട്ടിയില്‍ പിളര്‍പ്പ് ഉറപ്പാണ്.
സിനിമാരംഗത്തുനിന്നു പാര്‍ട്ടിക്കു നേതാവുണ്ടാകണമെന്ന അഭിപ്രായത്തിനും പ്രസക്തിയുണ്ട്. സിനിമാ രംഗത്ത് നിന്നല്ലാതെ ഒരു പിന്‍ഗാമി ജയലളിതയ്ക്കുണ്ടായാല് തമിഴകത്തു പാര്‍ട്ടിക്കു പിടിച്ചുനില്ക്കാന് കഴിയില്ലെന്നാണ് ഇക്കൂട്ടര്‍ വിശ്വസിക്കുന്നത്. സിനിമാരംഗത്തു വളരെ വിശാലമായ സൗഹൃദമൊന്നും ഇല്ലെങ്കിലും യുവതാരം അജിത്തുമായി വളരെ അടുത്ത ബന്ധം ജയലളിതയ്ക്കുണ്ട്. അജിത്തിന്റെ ആരാധകരില്‍ വലിയ വിഭാഗം എഡിഎംകെ അനുഭാവികളാണുതാനും. അജിത്തിനെ പിന്ഗാമിയാക്കാനാണു ജയലളിത ആഗ്രഹിച്ചതെന്ന പ്രചാരണവും ഇപ്പോള്‍ ശക്തമാണ്. അധികാര തര്‍ക്കം പാര്‍ട്ടിക്കുള്ളില്‍ മൂര്‍ച്ഛിച്ചാല്‍ പിളര്‍പ്പിനുള്ള സാധ്യതയും രാഷ്ട്രീയനിരീക്ഷകര്‍ കാണുന്നുണ്ട്. ഇപ്പോള്‍ തെരഞ്ഞെടുപ്പൊന്നും ഇല്ലാത്തതിനാല്‍ പ്രതിസന്ധി പെട്ടെന്നുണ്ടാകാന്‍ സാധ്യതയില്ലെന്നു വിലയിരുത്തുന്നവരുമുണ്ട്. എന്നാല്‍, രാഷ്ട്ര തന്ത്രജ്ഞനായ ഡിഎംകെ നേതാവ് എം. കരുണാനിധിയുടെ നീക്കങ്ങള്‍ എഡിഎംകെയ്ക്കു വിനയാകുമെന്നാണ് പലരും കരുതുന്നത്. ബിജെപിയുടെ കരുനീക്കങ്ങളും കാത്തിരുന്നു കാണേണ്ടിവരും.