അസലൊരു ഏകാധിപതി. മമത ബാനര്‍ജിയെ അങ്ങനെ തന്നെ വിശേഷിപ്പിക്കാം. ബിജെപിയുടെ ഹിന്ദുത്വവാദത്തിനെതിരായ പോരാട്ടത്തിന്റെ ചുക്കാന്‍ പിടിക്കുന്ന വീരവനിതയെന്നാണ് പലരും ദീദിയെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ബിജെപിയുടെ ഏറ്റവും അടുപ്പമുള്ള സഖ്യകക്ഷിയായിരുന്നു മമത ഒരിക്കല്‍. അടല്‍ബിഹാരി വാജ്‌പേയ് സര്‍ക്കാരില്‍ സുപ്രധാന വകുപ്പും കൈകാര്യം ചെയ്തിട്ടുണ്ട് ഈ അവിവാഹിത.
ബംഗാളില്‍ സിപിഎമ്മിനെ തൂത്തെറിഞ്ഞതോടെ സ്വന്തമായി ഒരു സാമ്രാജ്യം കിട്ടിയതോടെ കേന്ദ്രത്തെ ഉപേക്ഷിച്ചു. ഇനി പ്രധാനമന്ത്രിയാകാന്‍ സാധിക്കുമെങ്കില്‍ മാത്രം ഇന്ദ്രപ്രസ്ഥത്തിലേക്ക് പോയാല്‍ മതിയെന്നാണ് ദീദിയുടെ മനസിലിരുപ്പ്. കോണ്‍ഗ്രസ് നേതാവിന്റെ മകളായി പിറന്ന് തൃണമൂല്‍ കോണ്‍ഗ്രസെന്ന പാര്‍ട്ടി കെട്ടിപ്പടുത്ത് സിപിഎമ്മിനെ ബംഗാളില്‍ നിന്ന് ആട്ടിയോടിച്ച ദീദി ബംഗാളിലെ ഒരുകൂട്ടര്‍ക്ക് ഇപ്പോഴും വീരവനിത തന്നെയാണ്.
ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മും മമതയ്ക്ക് ഒരു വെല്ലുവിളിയേ അല്ല. എതിരാളികളെ രാഷ്ട്രീയ ഗുണ്ടകളെയും പോലീസിനെയും ഉപയോഗിച്ച് അടിച്ചൊതുക്കുകയാണ് മമതയുടെ രീതി. വിമര്‍ശകരെ മര്യാദയ്ക്ക് ജീവിക്കാന്‍ അനുവദിക്കില്ല. ഇങ്ങനെയൊക്കെയാണെങ്കിലും അണികളെ കൊണ്ട് അവര്‍ പറയിപ്പിക്കുന്നത് ജനാധിപത്യത്തിന്റെ കാവല്‍ക്കാരിയെന്നാണ്. സിപിഎം പ്രവര്‍ത്തകരെ കൂട്ടത്തോടെ പരിവര്‍ത്തനം ചെയ്യിച്ചാണ് അവര്‍ രണ്ടാംവട്ടവും ബംഗാളിന്റെ അധികാരം പിടിച്ചെടുത്തത്.
ഇപ്പോള്‍ മമതയുടെ ഏറ്റവും വലിയ ചങ്കിടിപ്പ് ബിജെപിയുടെ വളര്‍ച്ചയാണ്. കേരളത്തിലെ ബിജെപിയുടെ അത്രപോലും ബംഗാളില്‍ താമരയ്ക്ക് സ്വാധീനം ഇല്ലായിരുന്നു. എന്നാല്‍ കോണ്‍ഗ്രസും സിപിഎമ്മും തളര്‍ന്നതോടെ മമതയെ എതിര്‍ക്കുന്നവരെല്ലാം താമരയിലേക്ക് ആകര്‍ഷിക്കപ്പെട്ടു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ബിജെപി ബംഗാളില്‍ വലിയ വളര്‍ച്ചയാണ് കൈവരിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും പിന്നിലാക്കി അവര്‍ രണ്ടാം സ്ഥാനത്തെത്തി.
പുറമെ ധൈര്യം കാണിക്കുന്നുണ്ടെങ്കിലും ബിജെപിയുടെ വളര്‍ച്ച മമതയെ വിറളി പിടിപ്പിക്കുന്നുണ്ട്. തൃണമൂല്‍ എന്നാല്‍ മമതയെന്ന നിലയിലാണ് കാര്യങ്ങള്‍. മറ്റാരെയും പാര്‍ട്ടിയില്‍ വളര്‍ത്താന്‍ അവര്‍ അനുവദിച്ചിട്ടില്ല. അതുകൊണ്ട് തന്നെയാണ് ചിട്ടിത്തട്ടിപ്പു കേസില്‍ തന്റെ കൂട്ടാളികളെ അറസ്റ്റു ചെയ്യാതിരിക്കാന്‍ അവര്‍ മുന്നില്‍ നിന്നതും.