സെബി മാത്യു
പഠിക്കുന്ന കാലത്ത് സന്ദീപ് സിംഗിന്റെ ചുവടുകള്‍ ഇടത്തേക്കായിരുന്നു. അതും കടും ചുവപ്പില്‍, കനത്ത മുദ്രാവാക്യങ്ങളുമായി വിപ്ലവ വേഷത്തില്‍. ഇപ്പോള്‍ സമാധാനത്തിന്റെ നിറമായ വെള്ളയിലേക്കു വന്നപ്പോള്‍ വേഷം രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ഉപദേശകന്റേതായി.
ചുവപ്പിലായിരുന്നപ്പോള് മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിനെ കരിങ്കൊടി കാണിച്ച ചരിത്രവുമുണ്ട് ഈ മുന്‍ ജെഎന്‍യു നേതാവിന്. ഇപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെയും സഹോദരി പ്രിയങ്ക ഗാന്ധിയുടെയും ഉപദേശകനായി ദേശീയ ഖദര്‍ ധാരികള്‍ക്കൊപ്പം വിലസുമ്പോള്‍ പണ്ടു വിരോധമുയര്ത്തിയ കോണ്‍ഗ്രസുകാര്‍ ഉള്‍പ്പെടെയുള്ള വെള്ള വേഷധാരികളോട് സന്ദീപ് പറയും, ഇത് നമ്മളാ.!
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേഷ്ടാവായി സന്ദീപ് സിംഗിന്റെ പേര് ഇതുവരേയും ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. പക്ഷേ, രാഹുലിനുവേണ്ടിയുള്ള പ്രസംഗങ്ങള്‍ തയാറാക്കുന്നതും സഖ്യ ചര്‍ച്ചകള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ രാഹുലിനുവേണ്ടി കേള്വിക്കാരനാകുന്നതും സന്ദീപാണ്. ഉത്തര്‍പ്രദേശില്‍ പ്രിയങ്കയ്ക്ക് രാഷ്ട്രീയ ഉപദേശം നല്‍കാനും രാഹുല്‍ സന്ദീപിനെയാണ് നിയോഗിച്ചിരിക്കുന്നത്. പ്രിയങ്കയ്ക്കൊപ്പം സംസ്ഥാനത്തുടനീളമുള്ള യാത്രയില്‍ സഹചാരിയായി സന്ദീപുണ്ട്. രണ്ടു വര്‍ഷം മുന്‍പ് തൊട്ട് സന്ദീപ് സിംഗ് രാഹുലിനൊപ്പമുണ്ടെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ തന്നെ പറയുന്നത്.
ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡിലെ ഇടത്തരം കുടുംബത്തില്‍ ജനിച്ച സന്ദീപ് സിംഗ് അലഹബാദിലെ ബിരുദപഠനത്തിന് ശേഷമാണ് ജെഎന്‍യുവിലെത്തുന്നത്. ജെഎന്‍യുവിലെ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ ഐസയോടായിരുന്നു സന്ദീപിന് താത്പര്യം. തുടര്‍ന്നങ്ങോട്ട് ഐസയുടെ കരുത്തുറ്റ നേതാവുമായി. വിട്ടുകൊടുക്കാത്ത സ്വഭാവവും വാക്ചാതുരിയും തീപ്പൊരി പ്രസംഗവും കൈമുതലായിരുന്ന സന്ദീപ് 2007ല്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥി യൂണിയന് നേതാവായി തെരഞ്ഞെടുക്കപ്പെട്ടു.
മന്മോഹനു മുന്നിലെ കരിങ്കൊടി
2005ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്മോഹന് സിംഗ് ജെഎന്‍യു സന്ദര്‍ശിക്കവേയായിരുന്നു സന്ദീപിന്റെ നേതൃത്വത്തിലുള്ള വിദ്യാര്‍ഥി സംഘത്തിന്റെ പ്രതിഷേധം. പ്രധാനമന്ത്രിയുടെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് കരിങ്കൊടി കാണിച്ച കേസിലെ പ്രതിയായിരുന്നു സന്ദീപ് സിംഗ്. എന്നാല്‍, കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ മന്മോഹനെ കരിങ്കൊടി കാണിച്ചതില്‍ സന്ദീപ് ഖേദപ്രകടനവും നടത്തി.
ജെഎന്‍യു പഠനത്തിനുശേഷം ഇടത് രാഷ്ട്രീയത്തില്‍നിന്നും പിന്‍വാങ്ങിയ സന്ദീപ് അന്നാ ഹസാരെയ്ക്കും അരവിന്ദ് കേജരിവാളിനുമൊപ്പം ലോക്പാല്‍ പ്രക്ഷോഭങ്ങളുടെ ഭാഗമായിരുന്നു. പിന്നീട് ഇതില്‍നിന്നു വിട്ടശേഷമാണ് കോണ്‍ഗ്രസിലേക്ക് അടുക്കുന്നത്. പാര്‍ട്ടി അധ്യക്ഷന്‍ പ്രസംഗം എഴുതിക്കൊടുത്ത് കോണ്‍ഗ്രസില്‍ ഹരിശ്രീ കുറിച്ച സന്ദീപ് വളരെപെട്ടന്നു തന്നെ പാര്‍ട്ടിയുടെ നയതന്ത്രജ്ഞനോളം വളര്‍ന്നു. പാര്‍ട്ടിയുടെ നിര്‍ണായക ഘട്ടങ്ങളില്‍ നയം രൂപീകരിക്കാന്‍പോന്ന രാഷ്ട്രീയ ഉപദേശകന് എന്ന നിലയില്‍ വരെ അതെത്തി നില്ക്കുന്നു.
രാഹുലിന്റെയും പ്രിയങ്കയുടെയും കോര്‍പറേറ്റ് വിരുദ്ധവും പാവങ്ങള്‍ക്കൊപ്പമെന്ന നിലപാട് വിളിച്ചുപറയുന്നതുമായ പ്രസംഗങ്ങളുടെയും സോഷ്യല്‍മീഡിയ പോസ്റ്റുകളുടെയും തലച്ചോറ് സന്ദീപിന്റെതാണ്. കോണ്‍ഗ്രസ് അധികാരത്തിലുണ്ടായിരുന്നപ്പോള്‍ രാജസ്ഥാനിലും മധ്യപ്രദേശിലും കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളിയിരുന്നു. എന്നാല്‍, ഈ സര്‍ക്കാരാകട്ടെ, വ്യവസായികള്‍ക്കും വ്യാപാരികള്‍ക്കും മാത്രമാണ് നേട്ടമുണ്ടാക്കിയതെന്ന പ്രീയങ്ക ഗാന്ധിയുടെ പ്രസ്താവനയ്ക്കു പിന്നിലും സന്ദീപിന്റെ വാക്ചാതുരി ആയിരുന്നു.
ദളിത് എംപി സാവിത്രി ഫൂലെ ബിജെപി വിട്ട് കോണ്ഗ്രസിലേക്കെത്തിയതും പിന്നീട് പ്രിയങ്കയുടെ ഗംഗാ യാത്രയില്‍ ഒപ്പംചേര്‍ന്നതും സന്ദീപിന്റെ സ്വന്തം ആശയത്തില്‍നിന്നുണ്ടായ രാഷ്ട്രീയ ബുദ്ധിയായിരുന്നെന്നാണ് വിലയിരുത്തല്‍.
ഭീം ആര്‍മി നേതാവ് ചന്ദ്ര ശേഖര്‍ ആസാദിനെ പ്രിയങ്ക സന്ദര്‍ശിച്ചതിന് പിന്നിലും സന്ദീപിന്റെ ബുദ്ധി തന്നെ. സന്ദീപിന്റെ ചരിത്ര ബോധവും പ്രസംഗ കലയിലെ നൈപുണ്യവും ഭാഷാ പ്രയോഗത്തിലുള്ള ആഴമേറിയ അറിവും പ്രിയങ്കയ്ക്കും കൂട്ടര്‍ക്കും ഏറെ പിടിച്ചുവത്രെ. തുടര്‍ന്നുള്ള പൊതുപരിപാടികളില്‍ സന്ദീപിന്റെ സജീവ സാന്നിധ്യം പ്രിയങ്ക ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.