തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിലെ രണ്ടാമനാരെന്നു മുഖ്യമന്ത്രി പിണറായി വിജയനോടു ഫയല്‍ വഴി ചോദിച്ച പൊതുഭരണ സെക്രട്ടറി ഉഷാ ടൈറ്റസിനെ മാറ്റാന്‍ മന്ത്രിസഭാ തീരുമാനം. പൊതുവിദ്യാഭ്യാസ സെക്രട്ടറിയായാണ് ഉഷ ടൈറ്റസിനെ മാറ്റി നിയമിച്ചത്. രാജിവച്ച ഇ.പി. ജയരാജനു പകരം എം.എം. മണിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയും വ്യവസായ-വാണിജ്യ, കായിക വകുപ്പുകളുടെ ചുമതല എ.സി. മൊയ്തീനു നല്‍കുകയും ചെയ്ത സാഹചര്യത്തിലാണു മന്ത്രിസഭയിലെ രണ്ടാമനെ സംബന്ധിച്ചു പൊതുഭരണ വകുപ്പു ചോദ്യം ഉന്നയിച്ചത്.
പ്രോട്ടോകോള്‍ സംബന്ധിച്ച സംശയ പരിഹാരത്തിന്റെ ഭാഗമായാണു മന്ത്രിസഭയിലെ രണ്ടാമനാരെന്നു മുഖ്യമന്ത്രിയോടു ചോദിച്ചത്. ഈ ഫയലിനു മുഖ്യമന്ത്രി നേരത്തെ മറുപടി നല്‍കിയിരുന്നില്ല. രണ്ടാം നമ്പര്‍ കാര്‍ ഉപയോഗിക്കുന്നതു സിപിഐയുടെ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനും നിയമസഭയില്‍ മുഖ്യമന്ത്രി കഴിഞ്ഞുള്ള രണ്ടാം സീറ്റില്‍ ഇരിക്കുന്നത് എ.കെ. ബാലനുമാണ്. ഉഷാ ടൈറ്റസിനു പകരം പൊതുഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി ഷീല തോമസിനെ നിയമിച്ചു. വി.എസ്. അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണ പരിഷ്കാര കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറിയുടെ അധിക ചുമതല ഷീലാ തോമസ് വഹിക്കും.
വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കേ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു ഷീലാ തോമസ്. പൊതു വിദ്യാഭ്യാസ സെക്രട്ടറിയുടെ ചുമതല ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. ശ്രീനിവാസിന് അധിക ചുമതല നല്‍കിയിരിക്കുകയായിരുന്നു. ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിനു ഏവിയേഷന്‍ വകുപ്പിന്റെ അധിക ചുമതല നല്‍കി. സാമൂഹിക നീതി വകുപ്പു സെക്രട്ടറിയായിരുന്ന എ. ഷാജഹാനെ തദ്ദേശ ഭരണ വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിച്ചു. സാമൂഹ്യനീതി വകുപ്പിന്റെ അധിക ചുമതല മിനി ആന്റണിക്കു നല്‍കി. ഭക്ഷ്യ- സിവില്‍ സപ്ലൈസ് സെക്രട്ടറിയാണ് മിനി ആന്റണി. കേരള സംസ്ഥാന സഹകരണ ബാങ്ക് എംഡിയായി സുരേഷ് ബാബുവിനെ നിയമിച്ചു. കേരള കോ- ഓപ്പറേറ്റീവ് അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ അധിക ചുമതലയും അദ്ദേഹത്തിനുണ്ടാകും.