തിരുവനന്തപുരത്ത് വിമാനമിറങ്ങിയ ശേഷം അപ്രത്യക്ഷയായ ജര്‍മന്‍ യുവതി ലിസ വെയ്‌സ് കേരളത്തില്‍ തന്നെയുണ്ടെന്ന് സൂചന. ലിസയ്ക്ക് ഐഎസ് ബന്ധമുണ്ടെന്ന സൂചന പുറത്തു വന്നതിനെത്തുടര്‍ന്ന് അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) ഏറ്റെടുക്കുമെന്നാണ് വിവരം.
മാര്‍ച്ച് ഏഴിനുള്ള വിമാനത്തില്‍ ലിസയ്ക്കൊപ്പമെത്തിയ ബ്രിട്ടീഷ് പൗരന്‍ മുഹമ്മദാലി 15-ന് നെടുമ്പാശേരി വിമാനത്താവളത്തിലൂടെ ഇന്ത്യ വിട്ടതായി കണ്ടെത്തിയിരുന്നു. ഇവര്‍ക്കൊപ്പം ഒരാള്‍ കൂടി ഉണ്ടായിരുന്നെന്നാണു സൂചന. എന്നാല്‍, ഇയാള്‍ ആരാണെന്നോ എവിടേക്കു പോയെന്നോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇവരെത്തിയ വിമാനത്തിലെ മറ്റു യാത്രക്കാരെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. മുഹമ്മദാലി എവിടേക്കു പോയെന്നും അന്വേഷിക്കുന്നുണ്ട്. തിരുവനന്തപുരത്തെത്തിയ ലിസയെ കാണാനില്ലെന്നറിയിച്ച് ജര്‍മന്‍ കോണ്‍സുലേറ്റാണ് ഡി.ജി.പിക്കു പരാതി നല്‍കിയത്.
ലിസയുടെ അമ്മയുടെ ആവശ്യപ്രകാരമായിരുന്നു പരാതി. വലിയതുറ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും എങ്ങുമെത്തിയില്ല. കൊല്ലം അമൃതപുരിയില്‍ പോകാനുള്ള വിലാസമാണ് ലിസയുടെ പക്കല്‍ ഉണ്ടായിരുന്നതെന്ന് പോലീസ് പറയുന്നു. എന്നാല്‍ ഇവര്‍ അമൃതപുരിയില്‍ ചെന്നിരുന്നില്ലെന്നു വ്യക്തമായി. സംസ്ഥാനത്തെ ചില മതപഠന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. ഏതാനും വര്‍ഷം മുമ്പ് ലിസ ഇസ്ലാം മതം സ്വീകരിച്ചിരുന്നു.
പിന്നീട് അതില്‍നിന്ന് അകലാന്‍ തീരുമാനിച്ചിരുന്നെന്നും അതിന്റെ ഭാഗമായി 2009-ല്‍ ലിസ അമൃതപുരിയില്‍ എത്തിയിരുന്നെന്നുമാണ് അവരുടെ സഹോദരി കരോളിന്‍ ഹെലിങ് മാധ്യമങ്ങളോടു പറഞ്ഞത്. എന്നാല്‍, ഇതിനു സ്ഥിരീകരണം ലഭിച്ചിട്ടില്ല. ലിസയും സംഘത്തിലുണ്ടായിരുന്ന മൂന്നാമനും വേഷപ്രച്ഛന്നരായി കേരളത്തില്‍ത്തന്നെയുണ്ടെന്ന് എന്‍.ഐ.എയ്ക്കു സൂചന ലഭിച്ചതായി അറിയുന്നു.