ശബരിമല ദര്‍ശനം നടത്താന്‍ ആഗ്രഹമുണ്ടെന്ന് പ്രഖ്യാപിച്ച് എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനം നടത്തിയ യുവതികള്‍ക്ക് ഒപ്പം വന്ന യുവാവ് ആരായിരുന്നു? കട്ടി താടിയുള്ള യുവാവിനെപ്പറ്റി അന്വേഷിച്ചെങ്കിലും ആര്‍ക്കും ഇയാള്‍ ആരാണെന്ന കാര്യത്തില്‍ വ്യക്തതയില്ലായിരുന്നു. എന്നാല്‍ ബിജെപി- ആര്‍എസ്എസ് കേന്ദ്രങ്ങള്‍ ഇയാളുടെ രാഷ്ട്രീയത്തെപ്പറ്റി വ്യക്തമായ പ്രചാരണം സോഷ്യല്‍മീഡിയയില്‍ തുടങ്ങിയിട്ടുണ്ട്.
ശബരിമലയിലേക്ക് പോകാന്‍ മാലയിട്ട ആളാണെന്ന തരത്തില്‍ പെണ്‍കുട്ടികള്‍ക്കൊപ്പം പ്രസ് ക്ലബിലെത്തിയത് നിലമ്പൂര്‍ സ്വദേശിയായ സംഗീത് കരക്കോട് എന്നയാളാണ്. ഇയാളുടെ ജോലിയായി പറഞ്ഞിരിക്കുന്നത് ബ്യൂട്ടീഷ്യന് എന്നാണ്. ഫേസ്ബുക്കിലെ ചിത്രങ്ങളില്‍ നിന്ന് സജീവ സിപിഎം ഡിവൈഎഫ് ഐ നേതാവെന്ന് വ്യക്തം. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരണം നടക്കുന്നത്. മദ്യക്കുപ്പികള്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളും സംഗീതിന് തിരിച്ചടിയായിട്ടുണ്ട്. വിശ്വാസികളെ അപമാനിക്കാന്‍ കരുതിക്കൂട്ടി നടത്തുന്ന ശ്രമങ്ങളാണ് ഇതെന്ന് വ്യക്തമെന്നാണ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്.
അതേസമയം ശബരിമലയ്ക്കു പോകാന്‍ മാലയിട്ടെന്ന് പറഞ്ഞ് പത്രസമ്മേളനത്തിനെത്തിയ ധന്യ വിജയന് സുലു എന്ന പെണ്‍കുട്ടിയുടെ പഴയ ശബരിമല വിരുദ്ധ പോസ്റ്റുകളും ആളുകള്‍ കുത്തിപ്പൊക്കിയിട്ടുണ്ട്. 2014 മെയ് മാസം പതിനാലിന് ധന്യ പോസ്റ്റ് ചെയ്തതിലെ അവസാന വരികള്‍ ഇങ്ങനെ- എന്റെ ജീവിതത്തില്‍ ശബരിമല എന്ന ക്ഷേത്രത്തെയോ അത് അവകാശപ്പെടുന്ന ദൈവികതയെയോ ഞാന്‍ അംഗീകരിക്കുകയോ വിശ്വസിക്കുകയോ ചെയ്യുന്നതല്ല- ഈ വാക്കുകളില്‍ നിന്ന് പ്രശ്നം ഉണ്ടാക്കാന്‍ വേണ്ടി മാത്രമാണ് ഇവര്‍ ശബരിമലയ്ക്കു പോകാന്‍ ഇറങ്ങിയതെന്ന് വ്യക്തമാണെന്ന് വിശ്വാസികള്‍ പറയുന്നു.
അതേസമയം സംഘര്‍ഷമുണ്ടാക്കി ശബരിമല ദര്‍ശനം ആഗ്രഹിക്കുന്നില്ലെന്നും കാത്തിരിക്കാന്‍ തയാറാണെന്നും യുവതികള്‍ പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാലയൂരാതെ വ്രതം നോല്‍ക്കുന്നത് തുടരുമെന്നും വരും തലമുറയ്ക്കെങ്കിലും സമാധാനമായി അയ്യപ്പ ദര്‍ശനം സാധ്യമാകാന്‍ ആഗ്രഹമുണ്ടെന്നുമാണ് യുവതികള്‍ പറഞ്ഞത്. മാലയിട്ടതിന് ശേഷം നിരവധി ഭീഷണികള്‍ തങ്ങള്‍ക്ക് നേരെയുണ്ടായെന്നും ഈ സാഹചര്യത്തിലാണ് സംഘര്‍ഷമുണ്ടാക്കി മലചവിട്ടേണ്ടെന്ന് തീരുമാനിച്ചതെന്നും ഇവര്‍ അറിയിച്ചു.