നടി ഷീലയുടെ സഹോദരിപുത്രന്‍! ഐപിഎസ് നേടുന്നതിന് ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു; അങ്കമാലിയിലും പുതുവൈപ്പിനിലും സമരക്കാരെ അടിച്ചോടിച്ച യതീഷ് ചന്ദ്ര ഐപിഎസ് ആളു പുലിയാ…

വെബ്‌ഡെസ്ക്

അങ്ങ് അങ്കമാലിയില്‍ റോഡില്‍ വാഹനങ്ങള്‍ തടഞ്ഞ സഖാക്കന്മാരെയും പുതുവൈപ്പിനില്‍ സമരക്കാരെയും അടിച്ചോടിച്ച് വില്ലനും നായകനുമായി മാറിയ യതീഷ് ചന്ദ്ര ഐപിഎസാണ് ഇപ്പോള്‍ കേരള പോലീസിലെ താരം. ആരാണ് ഈ യതീഷ് ചന്ദ്ര? അധികമാര്‍ക്കും ഈ യുവ ഐപിഎസുകാരന്റെ ചരിത്രവും കുടുംബപശ്ചാത്തലവും അറിവുണ്ടാകില്ല. മലയാളത്തെ വിസ്മയിപ്പിച്ച പ്രിയ നടി ഷീലയുടെ അനിയത്തിയുടെ മകനാണ് 32കാരനായ യതീഷ്. 2011 ലെ കേരള കേഡര്‍ ഐപിഎസ് ബാച്ചുകാരന്‍. ഇലട്രോണിക്‌സ് എഞ്ചിനീയറിയംഗില്‍ ബിരുദധാരിയാണ്. പഠനത്തിന് ശേഷം ബംഗളൂരുവിലെ ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി നോക്കുന്നതിനിടെയാണ് തന്റെ എക്കാലത്തേയും സ്വപ്നമായ ഐപിഎസ് എത്തിപ്പിടിക്കാന്‍ യതീഷ്ചന്ദ്ര ശ്രമം നടത്തുന്നത്.

കര്‍ണാടകയിലെ ദേവാംഗരി ജില്ലയില്‍ നിന്നാണ് യതീഷ് വരുന്നത്. ഹൈദരബാദ് വല്ലഭായി പാട്ടേല്‍ പൊലീസ് അക്കാദമിയില്‍ ഐപിഎസ് ട്രെയിനിംങ് കഴിഞ്ഞിറങ്ങിയ യതീഷ്ചന്ദ്ര ട്രെയിനിംങ് പീരീഡില്‍ തന്നെ മികച്ചുനിന്നിരുന്നു. തന്റെ ടീമിന് മികച്ച ടീമിനുള്ള ട്രോഫിയും അദ്ദേഹം വാങ്ങിക്കൊടുത്തു. സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആയ ശ്യാമള സാരംഗാണ് ഭാര്യ. ഒരു മകനുണ്ട്.

പക്കാ വെജിറ്റേറിയനായ യതീഷിന്റെ ലാത്തിയുടെ ചൂട് ആദ്യമായി അറിഞ്ഞത് വടകരയിലെയും സമീപപ്രദേശങ്ങളിലെയും തെമ്മാടികളാണ്. വര്‍ഗീയകലാപങ്ങളും രാഷ്ട്രീയകലാപങ്ങളും പതിവായ മലബാര്‍ ഭാഗം വൃത്തിയാക്കിയാണ് അദേഹം മധ്യകേരളത്തിലേക്ക് ചുവടുമാറ്റുന്നത്. 2015ല്‍ ആലുവ റൂറല്‍ എസ്പിയായിരിക്കെ ഇടതുപക്ഷം നടത്തിയ ഉപരോധ സമരത്തിന് നേരെ അങ്കമാലിയില്‍ വച്ച് നടപടിയെടുത്തപ്പോഴാണ് ഈ യുവ ഐപിഎസുകാരന്‍ മാധ്യമങ്ങളുടെ ചാര്‍ട്ട് ലിസ്റ്റില്‍ ഇടംപിടിക്കുന്നത്. സിപിഎമ്മുകാരുടെ വഴിതടയല്‍ നിര്‍ത്തണമെന്നും യാത്രക്കാരെ കടത്തിവിടണമെന്നും യതീഷ് ആവശ്യക്ഷപ്പെട്ടു. എന്നാല്‍ നേതാക്കളും അനുയായികളും ചെവികൊണ്ടില്ല. അന്ന് സിപിഎം നേതാക്കളെ വരെ തെരുവില്‍ കൈകാര്യം ചെയ്ത് കൈയ്യടിയും വാങ്ങി അദേഹം. ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ന് തെരുവുഗുണ്ടയെന്നാണ് യതീഷ് ചന്ദ്രയെ വിശേഷിപ്പിച്ചത്. ഭ്രാന്തന്‍ നായയെപ്പോലെയാണെന്നാണ് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദന്‍ പറഞ്ഞിരുന്നത്.

പിണറായി വിജയന്റെ നേതൃത്വത്തില്‍ പുതിയ എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം അധികാരമേറ്റതോടെ ഇദ്ദേഹത്തെ കേരളത്തിന്റെ ഏതെങ്കിലും മൂലയിലേക്ക് ‘തട്ടുമെ’ന്ന് പ്രതീക്ഷിച്ചവര്‍ക്കേറ്റ തട്ടായിരുന്നു കൊച്ചി ഡിസിപിയായുള്ള യതീഷ് ചന്ദ്രയുടെ നിയമനം. കൊച്ചിയിലെ അന്താരാഷ്ട്ര ബന്ധം പോലുമുള്ള ക്രിമിനലുകളെ ഒതുക്കാന്‍ യതീഷ് ചന്ദ്രയെ പോലൊരു ഉദ്യോഗസ്ഥന് സാധിക്കുമെന്ന തിരിച്ചറിവായിരുന്നു കാരണം. മുമ്പ് വടകരയില്‍ എഎസ്പിയായിരുന്നപ്പോള്‍ നടത്തിയ കുഴല്‍പ്പണ വേട്ടയും ഓപ്പറേഷന്‍ കുബേരയുമെല്ലാം സമര്‍ത്ഥനായ പോലീസ് ഉദ്യോഗസ്ഥന്‍ എന്ന പേര് ഇദ്ദേഹത്തിന് സമ്മാനിച്ചിരുന്നു.

കൊച്ചിയില്‍ ചുമതലയേറ്റ ശേഷവും യതീഷ് ചന്ദ്രയുടെ പേരിലുണ്ടാകുന്ന വിവാദങ്ങള്‍ക്ക് കുറവുണ്ടായില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ചതിന് ഒരു യുവതി ഇദ്ദേഹത്തിന്റെ വാഹനം തടഞ്ഞു നിര്‍ത്തുകയും നിയമം ഓര്‍മിപ്പിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. ചാനലുകളുടെ കാമറകള്‍ക്ക് മുന്നില്‍ നടന്ന വിചാരണ അന്ന് അദ്ദേഹം തരണം ചെയ്തത് സമചിത്തതയോടെയും കൗശലത്തോടെയുമുള്ള പെരുമാറ്റത്തിലൂടെയാണ്. കുറ്റം മുഴുവന്‍ തന്റെ െ്രെഡവറില്‍ കെട്ടിവച്ച് തെറ്റ് ചൂണ്ടിക്കാട്ടാന്‍ യുവതി കാണിച്ച ധൈര്യത്തെ പ്രശംസിക്കുകയും ചെയ്ത് ഡിസിപി അന്ന് തലയൂരുകയായിരുന്നു. പുതുവൈപ്പിനിലെ സമരക്കാര്‍ക്കുനേരെ ലാത്തിചാര്‍ജ് നടത്തിയതിന് മനുഷ്യാവകാശ കമ്മീഷന്‍ കഴിഞ്ഞദിവസം അദേഹത്തെ വിസ്തരിച്ചു. അലന്‍ എന്നൊരു ഏഴുവയസുകാരന്‍ ഈ പോലീസുകാരന്‍ ഞങ്ങളെ തല്ലിയെന്ന് പരസ്യമായി ആരോപിച്ചതും ചര്‍ച്ചാവിഷയമായി.

Related posts