മിതമായ അളവില് മദ്യം കഴിക്കുന്നത് ശരീരത്തിന് ദോഷകരമല്ലെന്നാണ് പൊതുവെയുള്ള ഒരു പറച്ചില്. എന്നാല് സുരക്ഷിതമായ മദ്യപാനം എന്നൊന്നില്ലെന്ന് വ്യക്തമാക്കുകയാണ് ലോകാരോഗ്യസംഘടന.
മദ്യപാനത്തിന്റെ ഉപയോഗം വര്ധിക്കുന്നതിനൊപ്പം കാന്സര് സാധ്യത കൂടി വര്ധിക്കുന്നുണ്ടെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.
യൂറോപ്പില് അമിത മദ്യപാനം മൂലം 200 മില്യണ് ആളുകള് കാന്സര് സാധ്യതാ പട്ടികയിലുണ്ടെന്നും സംഘടന പറയുന്നു. ലാന്സെറ്റ് പബ്ലിക് ഹെല്ത്തില് ഇതുസംബന്ധിച്ച റിപ്പോര്ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കുറഞ്ഞതും മിതമായ രീതിയിലുമുള്ള മദ്യത്തിന്റെ ഉപയോഗം പോലും യൂറോപ്യന് മേഖലയില് കാന്സര് സാധ്യത വര്ധിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്ട്ടില് പറയുന്നത്.
ആഴ്ച്ചയില് 1.5ലിറ്റര് വൈനോ, 3.5 ലിറ്റര് ബിയറോ കഴിക്കുന്നതുപോലും ആരോഗ്യത്തിന് ഹാനികരമാണ് എന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്.
കുടലിലെ കാന്സര്,സ്തനാര്ബുദം തുടങ്ങിയ ഏഴോളം കാന്സറുകള്ക്ക് മദ്യപാനം കാരണമാകുന്നു. എഥനോള് ശരീരത്തിലെത്തുന്നതു വഴി പല പ്രവര്ത്തനങ്ങളും തകരാറിലാവുകയും അതുവഴി കാന്സറിന് കാരണമാവുകയും ചെയ്യും.
ആല്ക്കഹോള് അടങ്ങിയ ഏത് പാനീയവും കാന്സര് സാധ്യത വര്ധിപ്പിക്കുന്നതാണെന്നും ലോകാരോഗ്യസംഘടന പറയുന്നു.
മദ്യത്തിന്റെ ഉപയോഗം ആരോഗ്യ പ്രശ്നങ്ങള് ഉണ്ടാക്കുന്നില്ല എന്ന് തെളിയിക്കാന് മതിയായ ശാസ്ത്രീയ തെളിവുകള് ആവശ്യമാണെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു.
മദ്യപാനത്തിന്റെ സുരക്ഷിതമായ ഉപയോഗം എന്നൊന്നിനെക്കുറിച്ച് പറയാനാവില്ല. എത്ര കുടിക്കുന്നു എന്നതിലല്ല, ആല്ക്കഹോള് അടങ്ങിയ ഏതൊരു പാനീയവും ആദ്യതുള്ളി കുടിക്കുന്നതില് തുടങ്ങി മദ്യപാനിയുടെ ആരോഗ്യം പ്രശ്നമായി തുടങ്ങുന്നു.
എത്ര അധികം മദ്യപിക്കുന്നോ അത്രത്തോളം അപകടകരമാണ്, എത്ര കുറച്ച് മദ്യപിക്കുന്നോ അത്ര സുരക്ഷിതവുമാണ് എന്നു മാത്രമേ ഉറപ്പിച്ച് പറയാനാവൂ എന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നുണ്ട്.
നേരത്തേ അമേരിക്കന് അസോസിയേഷന് ഫോര് കാന്സര് റിസര്ച്ചിന്റെ ജേര്ണലായ കാന്സര് എപിഡെമോളജി, ബയോമാര്ക്കേഴ്സ് & പ്രിവന്ഷനിലും സമാന കണ്ടെത്തല് വന്നിരുന്നു.
മദ്യപാനവും കാന്സര് സാധ്യതയും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പഠനത്തിലാണ് ഇതു വ്യക്തമാക്കിയിരിക്കുന്നത്. വൈന് ഉള്പ്പെടെ ആല്ക്കഹോള് അംശമുള്ള പാനീയങ്ങളെല്ലാം കാന്സര് സാധ്യത വര്ധിപ്പിക്കുമെന്നാണ് പഠനത്തില് പറഞ്ഞത്.
ഭൂരിഭാഗം പേരും ഇതേക്കുറിച്ച് അവബോധമില്ലാത്തവരോ അതല്ലെങ്കില് മദ്യം ഗുണം ചെയ്യുമെന്ന് കരുതുന്നവരോ ആണെന്ന് പഠനത്തില് വ്യക്തമാക്കിയിരുന്നു.
എഥനോള് അടങ്ങിയിട്ടുള്ള ബിയര്, വൈന് ഉള്പ്പെടെയുള്ള മദ്യങ്ങളെല്ലാം കാന്സര് സാധ്യത വര്ധിപ്പിക്കുമെന്നും പഠനത്തില് പങ്കുവെക്കുകയുണ്ടായി. 3,800 പേരെ പങ്കെടുപ്പിച്ചുള്ള ഒരു ഗവണ്മെന്റ് സര്വേയാണ് പഠനത്തിന് ആധാരമാക്കിയത്.
കാന്സറിന്റെ പ്രധാന കാരണങ്ങളിലൊന്ന് മദ്യപാനമാണെന്നും എന്നിട്ടും അത് പലര്ക്കും അറിയാത്തത് ശ്രദ്ധിക്കപ്പെടേണ്ട വിഷയമാണെന്നും ഗവേഷകര് പങ്കുവെച്ചു.
മദ്യപാനവും കാന്സര് സാധ്യതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ജനങ്ങളുടെ അവബോധം പരിശോധിക്കുകയായിരുന്നു പഠനലക്ഷ്യം.