കഴിഞ്ഞ നാലഞ്ചു വര്‍ഷമായി ലോകക്രമം തന്നെ മാറ്റിമറിച്ച കോവിഡ് മഹാമാരി ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്.
ആഗോള ആരോഗ്യ അടിയന്തരാവസ്ഥ എന്ന നിലയിയിലുള്ള കോവിഡ് ഭീഷണിയ്ക്ക് അവസാനമായെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനവുമെത്തി.
എന്നാലിപ്പോള്‍ കോവിഡ്-19നേക്കാള്‍ മാരകമായ മഹാമാരിയെ നേരിടാന്‍ ലോകം തയാറായിരിക്കണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന എത്തിയിരിക്കുകയാണ്.
ലോകമെമ്പാടും കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അഡാനം പുതിയ മഹാമാരിയെക്കുറിച്ചുള്ള മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
ആഗോള ആരോഗ്യ അടിയന്തരാവസ്ഥ എന്ന നിലയില്‍ കോവിഡ് അവസാനിക്കുന്നുവെന്നത് ആഗോള ആരോഗ്യ ഭീഷണിയെന്ന നിലയിലുള്ള കോവിഡിന്റെ അവസാനമായി കാണരുതെന്ന് ടെഡ്രോസ് അഡാനം പറഞ്ഞു.
കോവിഡിന്റെ പുതിയ വകഭേദം മൂലം പുതിയ കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതിനു പുറമേ കൂടുതല്‍ മാരകമായേക്കാവുന്ന പുതിയ വൈറസിന്റെ ഭീഷണി ഉയര്‍ന്നുവരാനുള്ള സാധ്യതയുമുണ്ട്.
76-ാം ലോക ആരോഗ്യ അസംബ്ലിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ടെഡ്രോസ് അഡാനം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
പുതിയ മഹാമാരിയെത്തുമ്പോള്‍ നാം കൂടുതല്‍ സ്ഥിരതയോടെ ഒറ്റക്കെട്ടായി മറുപടി നല്കാന് ഒരുങ്ങിയിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.