മങ്കിപോക്സ് ലോകവ്യാപകമാവുന്ന സാഹചര്യത്തില്‍ ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാന്‍ ഒരുങ്ങി ലോകാരോഗ്യ സംഘടന.
ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ അടുത്തയാഴ്ച്ച യുഎന്‍ ഹെല്‍ത്ത് ഏജന്‍സി അടിയന്തിര യോഗം വിളിച്ചു ചേര്‍ക്കുന്നുണ്ട്.
ജൂണ്‍ എട്ടുവരെയുള്ള കണക്കുകള്‍ പ്രകാരം 2821 പേരെയാണ് മങ്കിപോക്സ് ബാധിച്ചിരിക്കുന്നത്. യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ 1285 മങ്കിപോക്സ് കേസുകളാണുള്ളത്.
കാമറൂണ്‍, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്, കോംഗോ, ലൈബീരിയ തുടങ്ങിയ എട്ടോളം ആഫ്രിക്കന്‍ രാജ്യങ്ങളിലും രോഗം പടരുന്നുണ്ട്. രോഗം പടരുന്ന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 72 മരണമാണ് ജൂണ്‍ എട്ടുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സ്ഥിതി കൈവിട്ടുപോകുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നും വേണ്ട നടപടി കൈക്കൊള്ളേണ്ട സമയമായെന്നും ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദനോം ഗബ്രിയേഷ്യസ് പറഞ്ഞു.
കോവിഡിനോളം അപകടകാരിയല്ല മങ്കിപോക്സ് എങ്കിലും രോഗംബാധിച്ച ഒരാളെ കൃത്യമായി ഐസൊലേറ്റ് ചെയ്യുന്നതില്‍ തുടങ്ങി അപകടസാധ്യതയുള്ളവരെ മാറ്റിനിര്‍ത്തുക, ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കേണ്ടതുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.
അതിനിടെ മങ്കിപോക്സ് വാക്സിനേഷന് സംബന്ധിച്ച് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ സ്മോള്പോക്സിനു ഉപയോഗിക്കുന്ന വാക്സിന് മങ്കിപോക്സിന് നല്‍കാമെന്നും പറയുന്നുണ്ട്.