പാര്‍വതി തിരുവോത്തിനെപ്പോലെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപം കേട്ട അധികം നടിമാര്‍ ഉണ്ടാവില്ല. എന്നാല്‍ അതേ സോഷ്യല്‍ മീഡിയ തന്നെ പാര്‍വതിയെ ഇപ്പോള്‍ വാനോളം പുകഴ്ത്തുകയാണ്. പാര്‍വതി കേന്ദ്ര കഥാപാത്രമായെത്തുന്ന ഉയരെ സിനിമാസ്നേഹികള്ക്കിടയില് മികച്ച അഭിപ്രായമാണ് നേടുന്നത്. അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം സിനിമ കാണാനെത്തിയ പാര്‍വതിയെ സുഹൃത്തുക്കള്‍ അഭിനന്ദനം കൊണ്ടു പൊതിഞ്ഞു. ‘ഇതു പാര്‍വതിക്കു മാത്രം ചെയ്യാന്‍ കഴിയുന്ന സിനിമ’, എന്നായിരുന്നു ചലച്ചിത്രതാരം ജോമോളുടെ പ്രതികരണം.
‘ഇതൊരു സിനിമയായി തോന്നിയില്ല. നമ്മളും അതില്‍ ഭാഗമാകുന്ന പോലെ തോന്നും. ഇങ്ങനെയൊരു വിഷയം മലയാള സിനിമയില്‍ വന്നിട്ടില്ല. ധൈര്യപൂര്ണമായ സമീപനം. തീര്‍ച്ചയായും പാര്‍വതിക്കു മാത്രമേ ഇതു ചെയ്യാന്‍ കഴിയൂ,’ ജോമാള്‍ പറഞ്ഞു. സിനിമ അടിപൊളിയെന്നായിരുന്നു ടൊവീനോ തോമസ് പ്രതികരിച്ചത്. ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രവും ടൊവീനോ ചെയ്യുന്നുണ്ട്. സിനിമയുടെ ത്രില്ലര്‍ അനുഭവം തീവ്രമായി പകരാന്‍ സംവിധായകന് മനു അശോകിന് കഴിഞ്ഞിട്ടുണ്ടെന്ന് ടൊവീനോ പറഞ്ഞു. ‘ഞാന്‍ അഭിനയിക്കുന്ന സിനിമയായിട്ടു പോലും എനിക്ക് വൈകാരികമായ അടുപ്പം തോന്നി. കുറെ തവണ ഷൂട്ടിലും ഡബിങ്ങിലും ദൃശ്യങ്ങള്‍ കാണുന്നതുകൊണ്ട് സാധാരണ സിനിമ കാണുമ്പോള്‍ അത്രയും ഫീല്‍ ചെയ്യാന്‍ പറ്റാറില്ല. എന്നാല്‍, ഈ സിനിമ അതിന്റെ പൂര്‍ണതയില്‍ വല്ലാത്തൊരു ആത്മസംതൃപ്തി നല്കിയ ഒന്നാണ്,’ ടൊവീനോ പറഞ്ഞു.
സുഹൃത്തുക്കള്‍ക്കും അണിയറക്കാര്‍ക്കുമൊപ്പം സിനിമ കണ്ടപ്പോള്‍ വല്ലാത്തൊരു എനര്ജിയായിരുന്നെന്ന് പാര്‍വതി പറഞ്ഞു. എല്ലാവരും സിനിമയെക്കുറിച്ച് നല്ല അഭിപ്രായമാണ് പറയുന്നതെന്നും എല്ലാവരും അതു വന്നു കാണണമെന്നും പാര്‍വതി പറഞ്ഞു. ‘തനിക്കു നേരെ വരുന്ന കല്ലുകള്‍ കൊണ്ട് സാമ്രാജ്യം പണിയുന്നവള്‍’ എന്നാണ് ചില സിനിമാസ്നേഹികള്‍ ഇപ്പോള്‍ പാര്‍വതിയെക്കുറിച്ച് പറയുന്നത്.