ഹിമാചല്‍ പ്രദേശില്‍ ഒരു സീറ്റില്‍ സിപിഎം സ്ഥാനാര്‍ഥി ജയിച്ച വാര്‍ത്തയാണ് ഇപ്പോള്‍ ഇടതുപ്രവര്‍ത്തകര്‍ ഇപ്പോള്‍ ആഘോഷിക്കുന്നത്. രണ്ടായിരം വോട്ടിനാണ് സിപിഎം സ്ഥാനാര്‍ഥി ജയിച്ചത്. സത്യത്തില്‍ തിയോഗ് മണ്ഡലത്തില്‍ രാകേഷ് സിന്‍ഹയെന്ന ട്രേഡ് യൂണിയന്‍ നേതാവ് ജയിച്ചതിനു പിന്നില്‍ വലിയൊരു കഥയുണ്ട്. കോണ്‍ഗ്രസിന് പറ്റിയ അബദ്ധം സിപിഎമ്മിന് ലഭിച്ച ലോട്ടറിയായത് ഇങ്ങനെ-
കോണ്‍ഗ്രസിന്റെ ശക്തയായ പ്രതിനിധി വിദ്യ സ്റ്റോക്സ് ആയിരുന്നു വര്‍ഷങ്ങളായി നിയമസഭയില്‍ തിയോഗിനെ പ്രതിനിധീകരിച്ചിരുന്നത്. ദീര്‍ഘകാലം ഇന്ത്യന്‍ ഹോക്കി ടീമിന്റെ അഡ്മിനിസ്റ്റേറ്ററായിരുന്ന വിദ്യ സ്റ്റോക്സ് എട്ടു തവണ ഹിമാചല്‍ നിയമസഭാംഗമായിട്ടുണ്ട്. എന്നാല്‍ ഇത്തവണ അപ്രതീക്ഷിതമായി വിദ്യ സ്റ്റോക്സിന്റെ പത്രിക തള്ളപ്പെടുകയായിരുന്നു. പത്രികയിലെ പിഴവുകളാണ് ഇതിന് ഇടയാക്കിയത്. അതോടെ തിയോഗിന്റെ തിരഞ്ഞെടുപ്പു ചിത്രം അടിമുടി മാറി.
കോണ്‍ഗ്രസിന്റെ ഡമ്മി സ്ഥാനാര്‍ഥി ദീപക് റാത്തോറാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ബാക്കിയായത്. ഡമ്മി സ്ഥാനാര്‍ഥിയെ ഒഴിവാക്കി സിപിഎമ്മിന് പിന്തുണ നല്കാന്‍ കോണ്‍ഗ്രസ് ഒടുവില്‍ തീരുമാനിക്കുകയായിരുന്നു. കോണ്‍ഗ്രസിന് സ്ഥാനാര്‍ഥിയില്ലാതായതോടെയാണ് സിപിഎം സ്ഥാനാര്‍ഥിയുടെ വിജയം എളുപ്പമായത്. രാകേഷ് വര്‍മയായിരുന്നു ബിജെപി സ്ഥാനാര്‍ഥി.