മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് റാംജീറാവു സ്പീക്കിംഗ്. പുതുമുഖതാരങ്ങളെവച്ച് അക്കാലത്തൊരുക്കിയ ഹിറ്റ് ചിത്രങ്ങളിലൊന്നായി ഈ ചിത്രം മാറി. സിദ്ധിഖ് ലാല്‍ കൂട്ടുകെട്ട് സ്വതന്ത്രമായ ആദ്യ സിനിമ കൂടിയായിരുന്നു ഇത്. ഇരുവരും തിരക്കഥ എഴുതിയ നാടോടിക്കാറ്റ് ഹിറ്റായശേഷമാണ് സംവിധാനമോഹവുമായി സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ട് ഇറങ്ങിത്തിരിച്ചത്. റാംജീറാവു സ്പീക്കിംഗിന്റെ തിരക്കഥയുമായി ഇവര്‍ നേരേ പോയത് ഫാസിലിന്റെ അടുത്തേക്കാണ്. അവിടെയെത്തുംവരെ മോഹന്‍ലാലിനെയും ശ്രീനിവാസനെയും കേന്ദ്രകഥാപാത്രങ്ങളാക്കാനായിരുന്നു പദ്ധതി. എന്നാല്‍ മോഹന്‍ലാലും ശ്രീനിവാസനും നായകനാകേണ്ടെന്ന് ഫാസില്‍ ഇവരോട് പറഞ്ഞു.
ഫാസിലിന്റെ തീരുമാനത്തിനു പിന്നില്‍ കാരണവുമുണ്ട്. മോഹന്‍ലാലും ശ്രീനിയും സൂപ്പര്‍താരങ്ങളായി വിലസുന്ന സമയമാണത്. പുതുമുഖ സംവിധായകരായതിനാല്‍ പടംവിജയിച്ചാല്‍ ക്രെഡിറ്റ് ലാലിന്റെയും ശ്രീനിയുടെയും പേരില്‍ പോകും. സംവിധായകര്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടുകയുമില്ല. ഇതോടെയാണ് മുകേഷിനെയും സായ്കുമാറിനെയും കൊണ്ടുവരാന്‍ സിദ്ധിഖ്-ലാല്‍ തീരുമാനിച്ചത്. വലിയ പൈസമുടക്കിയുള്ള ലൊക്കേഷനോ വലിയ താരനിരയോ ചിത്രത്തിന് ഉണ്ടായിരുന്നില്ലെങ്കിലും ചിത്രം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായി.