താന്‍ എന്തുകൊണ്ട് ബിജെപി വിടുന്നു എന്നു വിശദീകരിച്ച് പാര്‍ട്ടിയുടെ പ്രചാരണ വിദഗ്ധന്‍ കൂടിയായ ശിവംശങ്കര്‍ സിംഗ് ഫേസ്ബുക്കിലിട്ട പോസ്റ്റ് വൈറലാകുന്നു. പാര്‍ട്ടിയില്‍ ജനാധിപത്യമില്ലെന്നും ഭരണകൂടം അസത്യം പ്രചരിപ്പിക്കുകയാണെന്നും കുറ്റപ്പെടുത്തുന്ന പോസ്റ്റില്‍ തട്ടിപ്പുകള്‍ തെളിവുകള്‍ സഹിതം കണ്ടെത്തിയാല്‍ പോലും അതില്‍ കുറ്റബോധം പ്രകടിപ്പിക്കാറില്ലെന്നും ശിവംശങ്കര്‍ പറയുന്നു.
നോട്ട് നിരോധനവും ചരക്ക് സേവന നികുതിയും അടക്കം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന സ്വപ്ന പദ്ധതികള്‍ തിരിച്ചടിയായെന്നു ചൂണ്ടിക്കാട്ടുന്നതിനൊപ്പം നല്ലതും മോശമായതും ആക്ഷേപകരവുമായ പല കാര്യങ്ങളും അക്കമിട്ടു വിശദീകരിച്ചിട്ടുണ്ട്. നോട്ട് അസാധുവാക്കല്‍ വന്‍ പരാജയമായിരുന്നു. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ത്തെന്ന് എല്ലാവര്ക്കും ബോധ്യമായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി അതു സമ്മതിക്കാന്‍ തയാറായിട്ടില്ല.
വേണ്ടത്ര തയാറെടുപ്പുകളില്ലാതെ നടപ്പാക്കിയ ജിഎസ്ടി വ്യാപാരമേഖലയ്ക്ക് തിരിച്ചടിയായി. ചെടുകിട വ്യവസായങ്ങള്‍ പൂട്ടേണ്ട അവസ്ഥയിലായി. അന്വേഷണ ഏജന്‍സികളായ സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കു വേണ്ടി ദുരുപയോഗിക്കുന്നു. മോദിക്കോ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്കോ എതിരേ എന്തെങ്കിലും പറഞ്ഞാല്‍ അന്വേഷണ ഏജന്‍സികളെ കൊണ്ട് അവരെ പീഡിപ്പിക്കുന്നു.
അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കാലികോ പുളിന്റെ ആത്മഹത്യ കുറിപ്പ്, ജഡ്ജി ലോയയുടെ മരണം, സോഹ്റാബുദ്ദീന് ഷേയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസ്, ബിജെപി എംഎല്‍എ മാനഭംഗം ചെയ്ത പെണ്‍കുട്ടിയുടെ പിതാവിന്റെ മരണം എന്നിവയില്‍ കൃത്യമായ അന്വേഷണം നടത്തിയില്ല. ആസൂത്രണ കമ്മീഷന് ഇല്ലാതാക്കിയതോടെ രാജ്യത്തിന്റെ നിര്‍ണായക വിവരങ്ങള്‍ ലഭ്യമല്ലാതായി. ആസൂത്രണ കമ്മീഷനു പകരം കൊണ്ടുവന്ന നീതി ആയോഗ് സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് സ്ഥാപനമായി പ്രവര്‍ത്തിക്കുന്നു. സര്‍ക്കാര്‍ കൊണ്ടുവരുന്ന ഏതു കണക്കുകളും വിശ്വസിക്കേണ്ട ഗതികേടിലാണ് രാജ്യത്തെ ജനങ്ങള്‍.
തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ എന്ന രഹസ്യ ഇടപാടുകളിലൂടെ അഴിമതി നിയമപരമാക്കി. ഇതിലൂടെ കോര്‍പ്പറേറ്റുകളും വിദേശശക്തികളും രാഷ്ട്രീയ പാര്‍ട്ടികളെ വിലയ്ക്കെടുക്കാനുള്ള അവസരം കൊണ്ടുവന്നു. ആയിരം കോടി നല്കുന്ന കമ്പനിക്കു വേണ്ടി നിയമം പാസാക്കുന്നു. മേക്ക് ഇന്‍ ഇന്ത്യ, ആദര്‍ശ് ഗ്രാമീണ്‍ യോജന തുടങ്ങി കൊട്ടിഘോഷിച്ച പദ്ധതികളെല്ലാം വന്‍ പരാജയം. എന്നിട്ടും അത് മറച്ചുവച്ച് ഭരണനേട്ടമായി പ്രചരിപ്പിക്കുന്നു. തൊഴിലില്ലായ്മയും കര്‍ഷക പ്രതിസന്ധിയും രാജ്യത്ത് രൂക്ഷമാണ്.
ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളെ പ്രതിപക്ഷത്തിന്റെ നാടകമായി അവതരിപ്പിച്ചു പുച്ഛിച്ചു തള്ളുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇന്ധന വില വര്‍ധനയ്ക്കെതിരേ ശബ്ദമുയര്‍ത്തിയവര്‍ ക്രൂഡ് ഓയില്‍ വില ഗണ്യമായി കുറഞ്ഞപ്പോഴും കുതിച്ചുയര്‍ന്ന എണ്ണവിലയെ ന്യായീകരിക്കുന്നു. അടുത്ത പൊതു തെരഞ്ഞെടുപ്പിലും വ്യാജ ദേശീയത ഉയര്‍ത്തി ധ്രുവീകരണം നടത്താനാണ് ബിജെപിയുടെ ലക്ഷ്യം. അതിനുള്ള തന്ത്രങ്ങളാണ് ബിജെപി ആസൂത്രണം ചെയ്യുന്നതെന്നും ശിവംശങ്കര്‍ സിംഗ് വിശദമാക്കുന്നു.