സി.എസ്. ദീപു
തൃശൂർ: ‘ചിരിക്കുകയും ചിരിപ്പിക്കുകയും മാത്രം ചെയ്ത എന്റെ ജീവിതത്തിന്റെ ഏറിയപങ്കും കരച്ചിലും കഷ്ടപ്പാടും അന്തമില്ലാത്ത അലച്ചിലുകളും മാത്രമായിരുന്നു. ഈ ലോകത്തു മനുഷ്യരെ ചിരിപ്പിച്ചവരുടെയെല്ലാം സ്ഥിതിയിതായിരുന്നു.
സർക്കസ് തന്പിലെ കോമാളി മുതൽ ചാർലി ചാപ്ലിൻവരെ…’. പുറത്തു ചിരിയുടെ തിരമാലകൾ തീർക്കുന്പോഴും ആത്മസംഘർഷത്തിന്റെ കഥകളാണ് ഇന്നസെന്റ് അടുപ്പക്കാരോട് അധികവും പങ്കിട്ടത്. തിരശീലയിലും വേദികളിലും ചിരിച്ചും ചിരിപ്പിച്ചും നിൽക്കുന്ന ഇന്നസെന്റല്ല, ചിരിക്കു പിന്നിലെ മനുഷ്യനാണു യാഥാർഥ്യമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
എട്ടുമക്കളിൽ അഞ്ചാമനായ ഇന്നസെന്റ് മാത്രമായിരുന്നു പഠനത്തിൽ മോശം. ഒരിക്കൽ പതിവിലും വൈകി മുറ്റത്തു നടക്കുന്ന അപ്പനെക്കണ്ട് ഇന്നസെന്റ് ചോദിച്ചു ‘എന്താ അപ്പാ ഒരു വയ്യായ്ക?’ ‘നിന്നെക്കുറിച്ച് ആലോചിച്ച് ഉറക്കം വരുന്നില്ലെ’ന്ന് അപ്പൻ.
‘അതാലോചിച്ചാ ഈ ജന്മം മുഴുവൻ ഉറക്കമുണ്ടാകില്യാട്ടോ’ എന്ന് മറുപടി! അതു കേട്ടു പൊട്ടിച്ചിരിച്ചുകൊണ്ടാണ് അപ്പൻ മുറിക്കുള്ളിലേക്കു കയറിപ്പോയത്.
സ്കൂളിൽ നിരന്തരമായി തോൽക്കുകയും കൂടെപ്പിറപ്പുകൾ ജയിച്ചുകയറുകയും ചെയ്തതോടെ പഠിപ്പു നിർത്താൻ പറഞ്ഞതായിരുന്നു ആദ്യ പ്രതിസന്ധി. ഒരു ദിവസം ഉച്ചഭക്ഷണം കഴിഞ്ഞപ്പോഴാണ് അപ്പൻ പറഞ്ഞത് ‘ഇന്നസെന്റേ , നീയിനി പഠിക്കേണ്ട.
ഇനി നീ പഠിപ്പു തുടർന്നാൽ അനിയൻ നിന്റെ ക്ലാസിൽ വരും. അതു നിനക്കു ബുദ്ധിമുട്ടാകും…’ വീട്ടിൽ ഒന്നിച്ചു ജീവിക്കുന്നവർക്കു ക്ലാസിൽ ഒന്നിച്ചിരിക്കാൻ എന്താ വിഷമം?’ എന്ന് മറുപടി. പതിവുപോലെ അപ്പൻ ചിരിച്ചു.
പക്ഷേ, ആ ചിരിക്കപ്പുറം പഠിപ്പു നിന്നു. പഠനം നിർത്തിയതിന്റെ പിറ്റേന്ന് എല്ലാവർക്കുമൊപ്പം കഞ്ഞി കുടിക്കുന്പോൾ കണ്ണു നിറഞ്ഞു. വീടിനു തന്നെക്കൊണ്ടു ഗുണമില്ലെന്നറിഞ്ഞപ്പോൾ കഞ്ഞി കയ്ച്ചു.
സിനിമയിലേക്ക്
കോടന്പാക്കത്തിന്റെ കനൽവഴികൾ ചവിട്ടിക്കടന്നാണ് ഇന്നസെന്റും സിനിമയിലെത്തിയത്. കാലടികൾ വെന്ത്, വയറുപുകഞ്ഞ്, മുന്നോട്ടുള്ള വഴിയൊന്നും തെളിയാതെയുള്ള മുടന്തി നടത്തം ആയിരുന്നു അത്. ഇരിങ്ങാലക്കുടയിൽത്തന്നെ തുടങ്ങിയ തീപ്പെട്ടിക്കന്പനിയിൽനിന്നാണ് അഭിനയത്തിന്റെ തുടക്കം.
‘ഇന്നസെന്റ് മാച്ച് ഫാക്ടറി’യെന്ന പേരിൽ കന്പനി നടത്തുന്പോൾ ഫോസ്ഫറസ്, സൾഫർ എന്നിവ വാങ്ങാൻ ഇടയ്ക്കിടയ്ക്കു ശിവകാശിക്കു പോകും. അങ്ങനെ മദിരാശിയും പരിചയമായി. ഒരുവട്ടം പോയ ഇന്നസെന്റ് തിരിച്ചുവന്നില്ല. കന്പനിയാവശ്യത്തിനു തന്ന പണത്തിൽനിന്ന് 250 രൂപ കൈയിൽവച്ച് ബാക്കി ചേട്ടന് അയച്ചു കൊടുത്തു.
ഒപ്പം ‘ഞാനിവിടെ നിൽക്കുകയാണെന്ന’ കുറിപ്പും. വീട്ടിൽ ഭൂകന്പമൊന്നുമുണ്ടായില്ല. പകരം അപ്പൻ പറഞ്ഞു ‘ഒന്നും പേടിക്കണ്ട. മൂന്നു ഭാഷയിൽ കടം ചോദിക്കാൻ അറിയാവുന്നതുകൊണ്ട് എവിടപ്പോയാലും അവൻ ജീവിച്ചോളും’.
ഏറെയലഞ്ഞശേഷമാണു സിനിമകളിൽ കുഞ്ഞുവേഷങ്ങൾ കിട്ടിയത്. പിന്നീടു പി.എ. തോമസ് നിർമിച്ച ജീസസ് എന്ന സിനിമയിൽ നിരവധി പേർക്കിടയിൽ രാജാവായി വേഷമിട്ടു. അന്നു ‘രാജാവി’ന്റെ മുന്നിൽ നൃത്തമാടിയത് സാക്ഷാൽ ജയലളിത!
ആ സീനിൽ അഭിനയിച്ചതിനു 15 രൂപ പ്രതിഫലം കിട്ടി. ശോഭനാ പരമേശ്വരൻ നായരുടെ ശിപാർശയിൽ രാമു കാര്യാട്ടിന്റെ ‘നെല്ല്’ എന്ന സിനിമയിലും വേഷം ലഭിച്ചു. 1500 രൂപ പ്രതിഫലം. അക്കാലത്ത് ഒരുവർഷത്തേക്ക് ഉമാ ലോഡ്ജിൽ 360 രൂപയായിരുന്നു വാടക. പണം തീർന്നതോടെ വീണ്ടും പട്ടിണിയും അലച്ചിലും.
ഒടുവിൽ സിനിമാമോഹം മതിയാക്കി കർണാടകയിലെ ദാവൻഗരെയിൽ സഹോദരൻ ആരംഭിച്ച തീപ്പെട്ടിക്കന്പനിയിൽ സഹായിയായി പുറപ്പെടുന്പോൾ മേശവലിപ്പിൽനിന്നു നുള്ളിപ്പെറുക്കി 25 രൂപ നൽകിയതും ഇതേ രാമു കാര്യാട്ടായിരുന്നു.
വീണ്ടും തീപ്പെട്ടിക്കന്പനി
ജ്യേഷ്ഠൻ സ്റ്റാൻസിലാവോസിന്റെ തീപ്പെട്ടിക്കന്പനിയിൽ സഹായിക്കാൻ കടുത്ത പനിയുമായിട്ടാണ് ഇന്നസെന്റ് പുറപ്പെട്ടത്. ട്രെയിനിൽ കയറിയയുടൻ ബോധരഹിതനായ ഇന്നസെന്റിനെ ആരും തിരിഞ്ഞുനോക്കിയില്ല.
മാന്യമായി വേഷം ധരിച്ചവരൊക്കെ അവഗണിച്ചപ്പോൾ ഒരു വേശ്യയാണ് ആകെയുണ്ടായിരുന്ന ഷാൾ പുതപ്പിച്ചു തിരക്കേറിയ ട്രെയിനിൽ കിടക്കാൻ സ്ഥലമുണ്ടാക്കിയത്. സമൂഹത്തിന്റെ കണക്കുകൂട്ടലുകളും കാഴ്ചപ്പാടുകളും തെറ്റാണെന്നു വീണ്ടും തിരിച്ചറിയുകയായിരുന്നു താനെന്നാണ് അദ്ദേഹം ഇതേക്കുറിച്ചു പറഞ്ഞത്.
ചേട്ടൻ നാട്ടിലേക്കു മടങ്ങിയതോടെ തീപ്പെട്ടിക്കന്പനി നടത്തിപ്പ് ഇന്നസെന്റിനായി. താമസിയാതെ അതും പൂട്ടി. പിന്നാലെ വിവാഹം കഴിഞ്ഞതോടെ ഡൽഹിയിലും ബോംബെയിലും ചെന്നു ചെരുപ്പ്, ലേഡീസ് ബാഗ് തുടങ്ങിയ സ്റ്റേഷനറി സാധനങ്ങൾ വാങ്ങി നാട്ടിൽ കൊണ്ടുവന്നു വിൽക്കുന്ന പരിപാടി തുടങ്ങി.
അതും പൊളിഞ്ഞതോടെയാണ് ഇരിങ്ങാലക്കുട മുനിസിപ്പൽ കൗണ്സിലറായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതിനിടെ ‘വിടപറയും മുന്പേ’യും ‘ഇളക്കങ്ങളും’ നിർമിച്ചു. സാന്പത്തികമായി പരാജയപ്പെട്ടെങ്കിലും ’ഇളക്കങ്ങ’ളിൽ ചെറുതെങ്കിലും ശ്രദ്ധേയമായ വേഷം ചെയ്തു.
താരമാക്കിയത് ‘മാന്നാർ മത്തായി’
നിർമിച്ച സിനിമകളെല്ലാം പൊട്ടി ഇരിങ്ങാലക്കുടയിൽ വന്നപ്പോഴാണു ശ്രീനിവാസനൊപ്പം തിരക്കഥാ രചനയിലേക്കു കടന്നത്. അതും പൊളിഞ്ഞു നിൽക്കുന്പോഴാണു കെ.എസ്. സേതുമാധവൻ ‘അവിടത്തെപ്പോലെ ഇവിടെയും’ എന്ന സിനിമയെടുത്തത്. വേഷം ലഭിച്ചു.
അഭിയിക്കാനുള്ള സീൻ എഴുതിയുണ്ടാക്കിയതും ഇന്നസെന്റാണ്. പടം ഓടിയില്ലെങ്കിലും വേഷം ശ്രദ്ധിക്കപ്പെട്ടു. പിന്നീടു ശ്രീനിവാസന്റെ ശിപാർശയിൽ പ്രിയദർശന്റെ ‘പുന്നാരം ചൊല്ലിച്ചൊല്ലി’ എന്ന സിനിമയിൽ. ആ സംഘത്തിലും അംഗമായെങ്കിലും ജീവിതം മുടന്തുകയായിരുന്നു.
അക്കാലത്താണ് ‘റാംജി റാവു സ്പീക്കിംഗ്’ എന്ന സിനിമയിൽ അഭിനയിക്കാൻ സിദ്ദിഖ് ലാൽ വിളിക്കുന്നത്. ഇരുപതിനായിരം രുപയാണു പ്രതിഫലം. അതിൽ മാന്നാർ മത്തായി എന്ന റോൾ അഭിനയിച്ചു തീർത്തു. ഡബ്ബിംഗ് കഴിഞ്ഞപ്പോൾ 5000 രൂപകൂടി അധികമായി നൽകി.
സിനിമ റിലീസായി. ജീവിതം സാധാരണ നിലയിൽ തുടർന്നു. ഒരു ദിവസം മകന് ഉച്ചഭക്ഷണവുമായി ഡോണ്ബോസ്കോ സ്കൂളിലെത്തി. അവനു ഭക്ഷണം കൊടുക്കുന്പോൾ പറഞ്ഞു ‘അപ്പച്ചൻ റാംജി റാവു സ്പീക്കിംഗ് എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. നിറച്ചും തമാശയാണ്…’. ‘എനിക്കതു കാണണം’ ഉൗണുകഴിക്കുന്നതിനിടെ മകൻ പറഞ്ഞു.
അന്നു വൈകുന്നേരം ആലീസും മകനുമൊപ്പം തൃശൂരിലെ തിയറ്ററിലെത്തി. സിനിമ തുടങ്ങിയതോടെ ഹാൾ ഫുട്ബോൾ ഗാലറിപോലെയായി. ആളുകൾ സീറ്റിൽ കയറിനിന്നുവരെ ചിരിക്കുന്നു. ചിരിയുടെ തിരമാലകൾക്കിടയിൽ ഇന്നസെന്റ് മാത്രം ആരുമറിയാതെ കരഞ്ഞു.
‘ഇതിനാണല്ലോ ദൈവമേ, ഞാൻ ഇത്രനാൾ അലഞ്ഞത്. പട്ടിണികിടന്നത്. ഭ്രാന്തിന്റെ വക്കോളം എത്തിയത്. ഉടുതുണിക്കു മറുതുണിയില്ലാതെ ഒളിച്ചിരുന്നത്…’ കണ്ണുനിറഞ്ഞു തിരശീലയിലെ കാഴ്ച മറഞ്ഞപ്പോൾ ഇന്നസെന്റ് ജീവിതമെന്തെന്ന് ഒരിക്കൽക്കൂടി തിരിച്ചറിഞ്ഞു.
പുറത്തിറങ്ങിയപ്പോൾ തിയറ്റർ മുറ്റത്തെ കാഴ്ച മറ്റൊന്നായിരുന്നു. സിനിമ കഴിഞ്ഞിറങ്ങിയവരും കാണാനെത്തിയവരും ഒന്നും മിണ്ടാതെ ഇന്നസെന്റിനെ നോക്കി നിൽക്കുന്നു.
അല്പം കഴിഞ്ഞ് അവർക്കിടയിലൂടെ കാറിൽ കയറി. കാർ നീങ്ങിത്തുടങ്ങിയപ്പോൾ അതുവരെ ഒന്നും മിണ്ടാതെനിന്ന ജനം ‘ഇന്നസെന്റേട്ടാ’ എന്ന് ആർത്തുവിളിച്ചു. ഇന്നസെന്റ് എന്ന നടന്റെ ഉദയം ഈ സിനിമയിലൂടെയായിരുന്നു.
എന്തുകൊണ്ട് ജുബ്ബ…
ഇരിങ്ങാലക്കുട: ഇന്നസെന്റിനെ സിനിമയ്ക്കു പുറത്ത് കൂടുതലും കണ്ടിട്ടുള്ളത് നീളന് ജുബ്ബ ധരിച്ചാണ്. എന്തുകൊണ്ട് ജുബ്ബ ധരിക്കുന്നതെന്നു ചോദിച്ചപ്പോള് ഇന്നസെന്റ് പറയാറുള്ള ഒരു കഥയുണ്ട്…
ഒരിക്കല് ജയറാം തന്റെ സ്വന്തം നാടായ പെരുമ്പാവൂരില് ഒരു പ്രോഗ്രാമിനെത്തി. പ്രോഗ്രാമിന്റെ തിരക്കിനിടയില് ആരോ ജയറാമിന്റെ മുണ്ട് അഴിച്ചുകൊണ്ടുപോയി.
ഭാഗ്യത്തിനു ജയറാം ജുബ്ബയാണു ധരിച്ചിരുന്നത്. അന്നു മുതല് തനിക്കും തോന്നി ജുബ്ബയാണ് നല്ലതെന്ന്. മുണ്ടഴിഞ്ഞു പോയാലും ജുബ്ബയുണ്ടല്ലോ. നാണക്കേട് ഉണ്ടാവില്ലല്ലോ…