വിനയന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് ആകാശഗംഗ. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ഹൊറര്‍ ചിത്രമെന്ന ഖ്യാതിയും ഈ ചിത്രത്തിനു സ്വന്തം. ആകാശഗംഗയില്‍ നായകവേഷം ചെയ്യാന്‍ വിനയന്‍ ആദ്യം സമീപിച്ചത് കുഞ്ചാക്കോ ബോബനെയായിരുന്നു. ചോക്ലേറ്റ് നായകനായി തിളങ്ങിനിന്നിരുന്ന ചാക്കോച്ചന്‍ പക്ഷേ ആ റോള്‍ ഏറ്റെടുക്കാന്‍ തയാറായില്ല. ബെന്നി പി. നായരമ്പലമായിരുന്നു ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ഭീകര രംഗങ്ങളും ഹാസ്യവും ചേര്‍ത്ത് ഒരുക്കിയ ചിത്രം പിന്നീട് അന്യ ഭാഷയിലേക്ക് മൊഴിമാറ്റി പ്രദര്‍ശിപ്പിച്ചിരുന്നു. അവളാ ആവിയാ എന്ന പേരിലാണ് തമിഴിലേക്ക് റീമേക്ക് ചെയ്തത്.
കുഞ്ചാക്കോ ബോബന്‍ ആകാശഗംഗയെ കൈവിടാന്‍ ഒരു കാരണമുണ്ട്. ആ ചിത്രത്തിനു തൊട്ടുമുമ്പ് ചാക്കോച്ചന്‍ അഭിനയിച്ച ചിത്രമായിരുന്നു മയില്‍പ്പീലിക്കാവ്. സൂപ്പര്‍താരമെന്ന ലേബലില്‍ നില്‍ക്കുന്ന ചാടിക്കേറി അഭിനയിച്ച മയില്‍പ്പീലിക്കാവ് എട്ടുനിലയില്‍ പൊട്ടി. ചിത്രം ബോക്‌സോഫീസില്‍ പരാജയപ്പെട്ടത് കുഞ്ചാക്കോ ബോബനെ വല്ലാതെ വേദനിപ്പിച്ചു. പരീക്ഷണചിത്രമെന്ന നിലയിലായിരുന്നു കുഞ്ചാക്കോ ബോബന്‍ ആ ചിത്രത്തെ കണ്ടിരുന്നത്.
മയില്‍പ്പീലിക്കാവിന്റെ പരാജയത്തില്‍ നിരാശനായിരുന്ന ചാക്കോച്ചന്റെ അടുത്തേക്കാണ് താരതമ്യേന പുതുമുഖമായ വിനയന്‍ കഥ പറയാനെത്തുന്നത്. ഇനിയും ഒരു പരീക്ഷണചിത്രത്തിന് തലവച്ചുകൊടുത്താല്‍ പണി പാളുമെന്ന് മനസിലാക്കിയ ചാക്കോച്ചന്‍ പ്രോജക്ടില്‍നിന്ന് പിന്‍മാറി. ചോക്ലേറ്റ് നായകനില്‍നിന്ന് ഹൊറര്‍ ചിത്രത്തിലേക്ക് മാറിയാല്‍ ആരാധകര്‍ സ്വീകരിക്കുമോയെന്ന ചിന്തയും ആകാശഗംഗയെ കൈവിട്ടുകളയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു.