കായംകുളം കൊച്ചുണ്ണിയെന്ന നിവിന്‍ പോളി ചിത്രത്തില്‍ ഏറെ തിളങ്ങിയത് മോഹന്‍ലാലായിരുന്നു. 30 മിനിറ്റ് മാത്രമാണ് ലാല്‍ ചിത്രത്തില്‍ ഉള്ളതെങ്കിലും കൈയ്യടി നേടാന്‍ സൂപ്പര്‍സ്റ്റാറിനായി. ചിത്രത്തിന്റെ സംവിധായകന് റോഷന് ആന്‍ഡ്രൂസ് മറ്റൊരു വെളിപ്പെടുത്തലുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇത്തിക്കര പക്കിയുടെ റോളിന് മോഹന്‍ലാലിനെ സമീപിക്കുന്നതിന് മുമ്പ് മറ്റ് പലരെയും സമീപിച്ചിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റോഷന് ആന്‍ഡ്രൂസ്.
പല സൂപ്പര്സ്റ്റാര്സിനോടും താന്‍ കഥ പറഞ്ഞിരുന്നെന്നും എന്നാല്‍ യുവതാരമായ നിവിന്റെ സിനിമയില്‍ എന്തിനാണ് തങ്ങള്‍ അഭിനയിക്കേണ്ടത് എന്നായിരുന്നു ഇവരുടെ ചോദ്യമെന്നായിരുന്നു റോഷന് പറയുന്നത്. എന്നാല്‍ സിനിമയെക്കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ മോഹന്‍ലാല്‍ വേഷം ഏറ്റെടുക്കാന്‍ തയ്യാറായെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒരു പ്രമുഖ നടനോട് കഥ പറയാന്‍ പോയ വഴിക്ക് തിരിച്ചുവന്നതാണെന്നും റോഷന് പറയുന്നു.
എന്നാല്‍ അവരുടെ പേരുകള്‍ താന്‍ പുറത്തുപറയില്ലെന്നും റോഷന് പറഞ്ഞു. ആദ്യം കഥ പറയുന്നത് ആന്റണി പെരുമ്പാവൂരിനോട് ആണെന്നും തുടര്‍ന്ന് മോഹന്‍ലാലിനോട് പറഞ്ഞെന്നും റോഷന് പറഞ്ഞു. സിനിമയില്‍ ലാലേട്ടന് മികച്ച രംഗങ്ങള്‍ കൊടുക്കണമെന്ന് നിര്‍ദ്ദേശിച്ചത് നിവിന്‍ പോളി തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിത്രം ഇപ്പോള്‍ തന്നെ 40 കോടി രൂപ സ്വന്തമാക്കി.