ബാഹുബലി 2 പുറത്തിറങ്ങിയപ്പോള്‍ ഏവരും ആഹ്ലാദത്തിലായിരുന്നു. ചിത്രം കണ്ടശേഷം പക്ഷേ ഒരാള്‍ മാത്രം അത്ര സന്തോഷത്തിലായിരുന്നില്ല. അതു മറ്റാരുമല്ല, ഒന്നാംഭാഗത്തില്‍ തകര്‍ത്തുവാരിയ തമന്ന തന്നെ. കാരണം മറ്റൊന്നുമല്ല, തമന്നയ്ക്കു രണ്ടാംഭാഗത്തില്‍ കാര്യമായ റോളൊന്നുമില്ലെന്നതു തന്നെ. സിനിമയുടെ ചിത്രീകരണം പുരോഗമിക്കവേ തമന്ന കുതിര സവാരിയും ആയുധ പരിശീലനവും നടത്തുന്ന വാര്‍ത്ത വൈറലായിരുന്നു. രണ്ടാം ഭാഗത്തില്‍ അനുഷ്കയ്ക്കാണ് പ്രാധാന്യമെങ്കിലും തമന്ന ഒട്ടും പ്രാധാന്യം കുറയാതെ ഉണ്ടാവുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ചിത്രം പുറത്തിറങ്ങിയപ്പോഴോ തമന്നയ്ക്ക് കാര്യമായ സീനുകളില്ല. ആരോ ഒതുക്കി കളഞ്ഞ പോലെ, അവന്തിക എന്ന കഥാപാത്രത്തെ ഒഴിവാക്കാനാവാത്ത രംഗങ്ങളില്‍ മാത്രമാണ് തമന്നയെത്തുന്നത്. താരവും ഇതില്‍ പരിഭവമറിയിച്ചിരുന്നു.
തമന്ന ഒതുക്കപ്പെട്ടതിന്റെ കാരണം ഇപ്പോള്‍ പുറത്തായി. സംവിധായകന് എസ്.എസ്. രാജമൗലി തന്നെയാണ് തമന്നയുടെ മിക്ക രംഗങ്ങളും ചിത്രത്തില്‍ നിന്ന് ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചത്. താരത്തിനോട് വിരോധമുണ്ടായിട്ടല്ല. മറിച്ച് സാങ്കേതികമായ പൂര്‍ണത ചിത്രത്തിന് വേണമെന്ന് രാജമൌലിക്ക് നിര്‍ബന്ധമായിരുന്നു. നിര്‍ഭാഗ്യമെന്നല്ലാതെ എന്തു പറയാന്‍, താരത്തിന്റെ രംഗങ്ങളില്‍ പലതിലും വിഷ്വല്‍ എഫ്ക്ട് ശരിയായില്ല. അത്തരം രംഗങ്ങളെല്ലാം ചിത്രത്തില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. എന്തായാലും തമന്ന ദുഃഖിതയാണ്.