റ്റി.സി. മാത്യു
ഒടുവില്‍ വാള്‍മാര്‍ട്ട് ഇന്ത്യയില്‍ വന്നു. ലോകത്തിലെ ഏറ്റവും വലിയ ചില്ലറ വ്യാപാര ശൃംഖല ഇ-കൊമേഴ്‌സ് മേഖലയിലാണു വന്നിരിക്കുന്നത്. 11,000ലധികം സ്റ്റോറുകള്‍ നടത്തുന്ന കമ്പനി ഭാവി കണ്ടെത്താന്‍ ഇന്ത്യയെ ആശ്രയിക്കുകയാണെന്നും പറയാം. വളഞ്ഞവഴിയേ ഇന്ത്യന്‍ ചില്ലറവിപണിയില്‍ പ്രവേശിക്കുന്നുവെന്നും വ്യാഖ്യാനിക്കാം. അമേരിക്കയിലെ ചില്ലറവ്യാപാരത്തില്‍ കുത്തക അവകാശപ്പെടാവുന്ന കമ്പനിയാണു വാള്‍മാര്‍ട്ട്. സാം വാള്‍ട്ടണ്‍ 1962-ല്‍ തുടങ്ങിയ കമ്പനി സമീപകാലത്തു പല വെല്ലുവിളികള്‍ നേരിടുന്നുണ്ട്. വാള്‍ട്ടന്റെ കുടുംബം 51 ശതമാനം ഓഹരി കൈവശം വച്ചിട്ടുണ്ടെങ്കിലും കമ്പനി നടത്തിപ്പ് പ്രഫഷണലുകളുടെ കൈയിലാണ്. സമൂഹത്തിന്റെ മാറിവരുന്ന അഭിരുചിക്കനുസരിച്ചു കമ്പനി മാറുന്നില്ലെന്ന ആക്ഷേപം ചില്ലറയല്ല. കമ്പനി ഓണ്‍ലൈന്‍ ബിസിനസില്‍ വളരെ പിന്നിലാണ്. ആ മേഖലയില്‍ ചുരുങ്ങിയ കാലംകൊണ്ട് ആമസോണ്‍ നേടിയ വളര്‍ച്ച വിസ്മയാവഹമാണ്. നാളത്തെ വ്യാപാരം ഓണ്‍ലൈനിലായിരിക്കെ അതില്‍ വാള്‍മാര്‍ട്ട് മുന്നേറാത്തത് നിക്ഷേപകരുടെയും വിമര്‍ശനവിഷയമായി.
രണ്ടാം വരവ്
വാള്‍മാര്‍ട്ടിന്റെ വിദേശ ഇടപാടുകളെല്ലാം പരാജയമായതാണു കഥ. ബ്രിട്ടനിലും ചൈനയിലുമെല്ലാം അതു തെളിഞ്ഞു. ഇന്ത്യയിലും ഒന്നാം ശ്രമം പരാജയപ്പെട്ടു. 11 വര്‍ഷം മുമ്പ് എയര്‍ടെല്‍ ഉടമകളായ ഭാരതി ഗ്രൂപ്പുമായി ചേര്‍ന്നു സംയുക്ത സംരംഭമുണ്ടാക്കി. കാഷ് ആന്‍ഡ് കാരി വ്യാപാരം മാത്രമാണ് അനുവദനീയമായിരുന്നത്. ബഹുബ്രാന്‍ഡ് ചില്ലറവ്യാപാരത്തില്‍ വിദേശമൂലധനം പാടില്ലെന്നാണല്ലോ ഇന്ത്യന്‍ നയം. അതു മറികടക്കാനായിരുന്നു ഭാരതി – വാള്‍മാര്‍ട്ട് സഖ്യം. കാഷ് ആന്‍ഡ് കാരി സ്റ്റോറുകള്‍ ഹോള്‍സെയില്‍ വ്യാപാരം നടത്തുക. അവിടെനിന്നു ഭാരതി റീട്ടെയില്‍ സാധനങ്ങള്‍ വാങ്ങുക. അവരുടെ സ്റ്റോറുകളിലൂടെ വില്ക്കുക. ഇതായിരുന്നു പ്ലാന്‍. പക്ഷേ, ഉദ്ദേശിച്ചതുപോലെ നടന്നില്ല. കൈക്കൂലിയും രണ്ടു ഗ്രൂപ്പുകള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസവും കൂടി അതിനെ തകര്‍ത്തു.
നഷ്ടക്കഥ മാത്രം
ഇപ്പോള്‍ 1.07 ലക്ഷം കോടി രൂപ (1600 കോടി ഡോളര്‍) മുടക്കി ഫ്‌ലിപ്കാര്‍ട്ടിനെ വാങ്ങിയാണ് വാള്‍മാര്‍ട്ടിന്റെ വരവ്. ഇത് വാള്‍മാര്‍ട്ടിലെ വലിയ ഓഹരിയുടമകള്‍ക്ക് ഇഷ്ടമായിട്ടില്ല. അവര്‍ ഓഹരി വിറ്റു. വില്പന സമ്മര്‍ദം മൂലം നാല്പതുദിവസംകൊണ്ട് വാള്‍മാര്‍ട്ടിന്റെ കമ്പോളമൂല്യത്തില്‍ വന്ന ഇടിവ് 1750 കോടി ഡോളറാണ് (1.17 ലക്ഷം കോടി രൂപ).
നിക്ഷേപകരുടെ ആശങ്ക കാര്യമുള്ളതാണ്. ഫ്‌ലിപ്കാര്‍ട്ട് ഇതുവരെ ലാഭം ഉണ്ടാക്കിയിട്ടില്ല. കഴിഞ്ഞ മൂന്നു വര്‍ഷത്തെ നഷ്ടക്കഥ കാണു,
2014-15 2583 കോടി, 2015-16 4461 കോടി, 2016-17 4586 കോടി ആകെ 11830 കോടി രൂപ.
ഇങ്ങനെ നഷ്ടം വരുത്തി മുന്നോട്ടു പോകാമോ
പോകാം. അതിനു തക്ക രീതിയിലാണ് ഇപ്പോഴത്തെ മൂലധന വിപണി. ഫ്‌ലിപ്കാര്‍ട്ടിന്റെ ആശയം നല്ലതാണെന്നു കണ്ടാല്‍ അതില്‍ നിക്ഷേപിക്കും. കൂടുതല്‍ നല്ല ആശയമായി തോന്നി വേറെ നിക്ഷേപകര്‍ വരുമ്പോള്‍ ആദ്യനിക്ഷേപകര്‍ ലാഭത്തില്‍ ഓഹരി വിറ്റ് മടങ്ങും.
നൂറ് 330 ആയി
ഫ്‌ലിപ്കാര്‍ട്ടില്‍ 100 കോടി ഡോളര്‍ നിക്ഷേപിച്ച അമേരിക്കന്‍ നിക്ഷേപക കമ്പനി ടൈഗര്‍ ഗ്ലോബല്‍ തങ്ങളുടെ ഓഹരി വിറ്റത് 330 കോടി ഡോളറിന്. കഴിഞ്ഞ വര്‍ഷം 250 കോടി ഡോളര്‍ നിക്ഷേപിച്ച ജപ്പാനിലെ സോഫ്റ്റ് ബാങ്ക് ഓഹരി വിറ്റത് 400 കോടി ഡോളറിന്. എട്ടൊന്‍പതു മാസം കൊണ്ടു ലാഭം 150 കോടി ഡോളര്‍.
പഴയ നിക്ഷേപകരില്‍ ഭൂരിപക്ഷത്തിനും നല്ല ലാഭം നല്‍കി വാള്‍മാര്‍ട്ട് ഫ്‌ലിപ്കാര്‍ട്ടിന്റെ നിയന്ത്രണം കൈയടക്കി. നഷ്ടമാണ് സമീപഭാവിയില്‍ എന്നു മനസിലാക്കിയാണ് അവര്‍ നിക്ഷേപിക്കുന്നത്. 2020 മാര്‍ച്ചില്‍ അവസാനിക്കുന്ന ധനകാര്യ വര്‍ഷം അവര്‍ കണക്കാക്കുന്ന നഷ്ടം 9111 കോടി രൂപ. ഇതുവരെ നഷ്ടം. അടുത്ത വര്‍ഷങ്ങളിലും നഷ്ടം. അപ്പോള്‍ എന്തിന് മോഹവില നല്കി ഫ്‌ലിപ്കാര്‍ട്ടിനെ വാങ്ങി
വളരുന്നത് ഓണ്‍ലൈന്‍
എല്ലാവരും ഉറപ്പു പറയുന്ന ഒരു കാര്യമുണ്ട്. ഇനി ഓണ്‍ലൈനാണു വിജയിക്കാന്‍ പോകുന്ന ബിസിനസ് സംവിധാനം. ഇന്ത്യന്‍ ഓണ്‍ലൈന്‍ ചില്ലറവ്യാപാരം ഇപ്പോള്‍ 3000 കോടി ഡോളറിനടുത്താണ്. അതു മൊത്തം ചില്ലറ വ്യാപാരത്തിന്റെ രണ്ടു ശതമാനം മാത്രം. 2026 ആകുമ്പോള്‍ ഇതു 12 ശതമാനമാകും. 20,000 കോടി ഡോളറാകും അന്ന് ഓണ്‍ലൈന്‍ വ്യാപാരം. സാങ്കേതിക വിദ്യയിലെ മാറ്റങ്ങളെപ്പറ്റിയുള്ള പ്രവചനങ്ങളെല്ലാം തെറ്റാറാണു പതിവ്. പ്രവചനക്കാര്‍ കരുതുന്നതിലും കൂടിയ വേഗത്തിലും വലുപ്പത്തിലുമാണു മാറ്റം സംഭവിക്കുക.
പോര് ഇന്ത്യയിലേക്ക്
ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണി പിടിക്കാന്‍ ആമസോണ്‍ ഏതാനും വര്‍ഷമായി രംഗത്തുണ്ട്. 500 കോടി ഡോളര്‍ ഇവിടെ മുടക്കാനാണു ജെഫ് ബെസോസിന്‍െ കമ്പനി ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. അമേരിക്കയിലെ പോര് ഇവിടേക്കും വരുന്നു എന്നതാണ് വാള്‍മാര്‍ട്ടിന്റെ ഫ്‌ലിപ്കാര്‍ട്ട് വാങ്ങലിലൂടെ സംഭവിക്കുന്നത്. ഫ്‌ലിപ്കാര്‍ട്ടിനു പോരാട്ടത്തിനു വേണ്ട പണം മാത്രമല്ല കിട്ടുക. വിപണനതന്ത്രങ്ങളും കിട്ടും. പുതിയ സാങ്കേതികവിദ്യ സ്വായത്തമാക്കലും എളുപ്പമാകും. ആമസോണ്‍ കൂടുതല്‍ ഡോളറുകള്‍ ഇന്ത്യയില്‍ എറിയേണ്ടി വരും. 130 കോടി ജനങ്ങള്‍ ഉള്ളതും സമ്പന്നവിഭാഗം വര്‍ധിച്ചുവരുന്നതുമായ ഇന്ത്യന്‍ വിപണിയില്‍ ആദ്യം ചുവടുറപ്പിക്കുന്നവരാകും വിജയിക്കുക.
വിപരീത തന്ത്രങ്ങള്‍
വാള്‍മാര്‍ട്ടിന്റെ വില്പനതന്ത്രത്തിനു നേര്‍വിപരീതമാണ് ഫ്‌ലിപ്കാര്‍ട്ടിന്റേത്. ”എന്നും ഏറ്റവും കുറഞ്ഞ വില/എന്നും ഏറ്റവും കുറച്ച് ചെലവ്” ആണ് വാള്‍മാര്‍ട്ടിന്റെ തന്ത്രം. ഏറ്റവും കുറഞ്ഞ ചെലവില്‍ വാങ്ങി, ഏറ്റവും കുറഞ്ഞ വിലയില്‍ വില്‍ക്കുക. ചെലവു ചുരുക്കലിന്റെ നേട്ടമാണ് ഉപയോക്താവിനു വിലക്കുറവായി നല്കുന്നത്. ഫ്‌ലിപ്കാര്‍ട്ട് ഡിസ്‌കൗണ്ട് പരമാവധി നല്കുന്ന രീതിയാണു നടപ്പാക്കിയത്. ഒപ്പം കാഷ് ഓണ്‍ ഡെലിവറി (ഉല്‍പന്നം നല്കുന്‌പോള്‍ പണം നല്കുക) ആണു മറ്റൊന്ന്. ഇന്ത്യക്കാരില്‍ 83 ശതമാനത്തിനും പണം നേരിട്ടു കൈമാറുന്നതാണ് ഇഷ്ടമെന്ന സര്‍വേ ഫലങ്ങള്‍ വച്ചാണ് ഫ്‌ലിപ്കാര്‍ട്ട് ഇതിനു തയാറായത്. വിതരണച്ചെലവ് കൂടിയ ഈ രീതി സ്വാഭാവികമായും ലാഭം കുറച്ചു.
വാള്‍മാര്‍ട്ട് കൂടിയ അളവില്‍ സാധനങ്ങള്‍ വാങ്ങി കുറഞ്ഞ ചെലവില്‍ കൈകാര്യം ചെയ്യുന്നു. ഫ്‌ലിപ്കാര്‍ട്ട് ഡിസ്‌കൗണ്ടും ചെലവേറിയ വിതരണരീതിയും സ്വീകരിച്ചു. ഇനി വാള്‍മാര്‍ട്ടിന്റെ രീതി ഫ്‌ലിപ്കാര്‍ട്ടില്‍ നടപ്പാകുമോ എന്നതാണ് അറിയേണ്ടത്.
പിന്‍വാതില്‍ പ്രവേശം
ഓണ്‍ലൈന്‍ ചില്ലറ വ്യാപാരത്തിലൂടെ വാള്‍മാര്‍ട്ട് ഇന്ത്യന്‍ ചില്ലറവ്യാപാരവിപണി പിന്‍വാതിലിലൂടെ കൈയടക്കുമെന്നാണ് ആര്‍എസ്എസ് പ്രസ്ഥാനമായ സ്വദേശി ജാഗരണ്‍ മഞ്ച് (എസ്‌ജെഎം) പറയുന്നത്. ബഹു ബ്രാന്‍ഡ് ചില്ലറവ്യാപാരത്തില്‍ വിദേശികള്‍ പറ്റില്ല എന്ന നയം നിലവിലിരിക്കെ ഈ പ്രവേശനം നിയമവിരുദ്ധമാണെന്നും അവര്‍ പറയുന്നു. ചില്ലറ വ്യാപാരികളുടെ അഖിലേന്ത്യാ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സും (സിഎഐടി) ഇതേ അഭിപ്രായം പറയുന്നു. ഇന്ത്യയില്‍ നിര്‍മിക്കൂ (മേക്ക് ഇന്‍ ഇന്ത്യ) എന്ന മുദ്രാവാക്യം മുഴക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടിനു യോജിച്ചതല്ല വാള്‍മാര്‍ട്ടിന്റെ വരവ് എന്നും ആക്ഷേപമുണ്ട്.
ഏറ്റവുമധികം ചൈനീസ് ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കന്പനിയാണു വാള്‍മാര്‍ട്ട്. ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണി ചൈനീസ് ഉത്പന്നങ്ങളുടെ വിപണിയായി അവര്‍ മാറ്റുമെന്നും വിമര്‍ശനമുണ്ട്. ഏതായാലും ഓണ്‍ലൈനിലെ ആഗോളഭീമന്മാരുടെ പോര് ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കു കുറേക്കാലം നേട്ടമാകും. ഒപ്പം ഓണ്‍ലൈന്‍ വിപണി വലുതാവുകയും ചെയ്യും. ഇന്ത്യന്‍ വ്യാപാരികള്‍ക്കു ക്ഷീണം വരുന്നത് ഇതിന്റെ പാര്‍ശ്വഫലം.