തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
ഇതേത്തുടർന്ന് സംസ്ഥാനത്ത് 11 വരെ ഇടിമിന്നലിനും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത.
കേരളത്തില്‍ ഇന്ന് രണ്ട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്.
പത്തനംതിട്ട മൂഴിയാർ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും ശനി, ഞായർ ദിവസങ്ങളിൽ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ആണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
മോശം കാലാവസ്ഥയ്ക്ക് സാധ്യത ഉള്ളതിനാൽ കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.
അടുത്ത മണിക്കൂറുകളിൽ കാലവർഷം കേരളതീരത്തേക്ക് എത്തും. മധ്യ-കിഴക്കൻ അറബിക്കടലിൽ വീശുന്ന ബിപോർജോയ് ചുഴലിക്കാറ്റ് അതിതീവ്രമായി വടക്ക് ദിശയിൽ സഞ്ചരിക്കുകയാണ്.
നിലവിൽ ഗോവ തീരത്ത് നിന്ന് 860 കി.മീ അകലെയായുള്ള ബിപോർജോയ് ചുഴലിക്കാറ്റിന് മണിക്കൂറിൽ 160 കി.മീറ്റാണ് വേഗം.