ഹൈസ്കൂളിലെ ചരിത്രപാഠപുസ്തകത്തിൽ നമ്മൾ പഠിച്ച വിയറ്റ്നാമിനു യുദ്ധത്തിന്റെയും കലാപങ്ങളുടെയും നിറങ്ങളായിരുന്നു. അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിച്ചു തകര്‍ത്തു തരിപ്പണമാക്കിയ നാട്, വിപ്ലവനായകൻ ഹോ ചിമിന്റെ നേതൃത്വത്തിലുള്ള തിരിച്ചടിയുടെയും പ്രതിരോധത്തിന്റെയും കഥകൾ… വിയറ്റ്നാമിന്റെ ഭൂതകാലത്തെക്കുറിച്ചു നമ്മൾ കേട്ടതേറെയും ക്രൈം ത്രില്ലർ സിനിമയുടെ സ്വഭാവമുള്ളതായിരുന്നു.
കാലം മാറി, വിയറ്റ്നാമും…. പഴയ വിയറ്റ്നാമല്ല പുതിയ വിയറ്റ്നാം. യുദ്ധങ്ങളുടെ നാടെന്ന പേരുദോഷമുള്ള ജാതകം ഇന്ന് ആ നാട് മാറ്റിയെഴുതിക്കഴിഞ്ഞു. തുടര്‍ച്ചയായ യുദ്ധങ്ങള്‍ (1940-1975) അടിമുടി തകര്‍ത്ത വിയറ്റ്നാമിലെ ഗ്രാമങ്ങളും പട്ടണങ്ങളുമെല്ലാം, ഇന്നു “ഞങ്ങളുടെ വിയറ്റ്നാം പഴയ വിയറ്റ്നാമല്ല’ എന്നു പറയാതെ പറയുന്നുണ്ട്.
വെടിയൊച്ചകള്‍ നിലച്ചെന്നു മാത്രമല്ല, കൃഷിയും വ്യവസായങ്ങളും ടൂറിസവുമെല്ലാം ഇഴചേര്‍ന്നു, വിയറ്റ്നാം പുരോഗതിയിലേക്കു വഴിമാറി. വിദേശ ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട ഇടമായും വിയറ്റ്നാം ഇന്നു മാറിക്കഴിഞ്ഞു. വിയറ്റ്നാമീസ് ഭാഷയിൽ സിന് ചാവോ (ഹലോ..) എന്നു സ്നേഹപൂര്‍വം വിളിച്ച് ആ രാജ്യവും ജനതയും സഞ്ചാരികളെ മാടിവിളിക്കുന്നുണ്ട്.
കാഴ്ചകളുടെ വിരുന്നാണു വിയറ്റ്നാം
സഞ്ചാരികൾക്കും വിവിധ രാജ്യങ്ങളുടെ വൈവിധ്യങ്ങളും സാംസ്കാരികഭൂമികകളുടെ നിറഭേദങ്ങൾ അന്വേഷിക്കുന്നവർക്കും വിയറ്റ്നാം കാഴ്ചയുടെ വിശാലമായ വിരുന്ന് കരുതിവച്ചിട്ടുണ്ട്. കേരളത്തിന്റെ ഭൂപ്രകൃതിയുമായും കാലാവസ്ഥയുമായും ഏറെ സാമ്യമുള്ള രാജ്യമായി വിയറ്റ്നാമിനെ സാമാന്യമായി പറയാം.
അപ്പോഴും ഭക്ഷണവിഭവങ്ങളുടെയും, ജീവിതശൈലികളുടെയും വൈവിധ്യത്തിൽ വിയറ്റ്നാം വേറിട്ട് നിൽക്കുന്നു.
ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഇന്ന് വിയറ്റ്നാം. സംസ്കാരത്തെയും പ്രകൃതിയെയും ബീച്ചുകളെയും ഇഷ്ടപ്പെടുന്ന ഏത് പ്രായക്കാർക്കും ഒരു പോലെ ആസ്വദിക്കാൻ കഴിയുന്ന നഗരങ്ങളും ഗ്രാമങ്ങളും. തലസ്ഥാനമായ ഹാ നോയ്, വാണിജ്യനഗരമായ ഹോ ചിമിൻ സിറ്റി, ഡനാങ് എന്നിവിടങ്ങളിലാണു മൂന്നു പ്രധാന വിമാനത്താവളങ്ങൾ.
സെൻട്രൽ വിയറ്റ്നാമിലെ ഹോയി ആൻ, ഹ്യൂ എന്നിവ രാജ്യത്തിന്റെ സാംസ്കാരിക പൈതൃകമുറങ്ങുന്ന നഗരങ്ങളാണെന്നു പറയാം. ഹോയ് ആൻ 16-ാം നൂറ്റാണ്ടിൽ തെക്കുകിഴക്കൻ ഏഷ്യയിലെ പ്രധാന വ്യാപാര തുറമുഖമായിരുന്നു. വിയറ്റ്നാമിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന സാംസ്കാരിക നഗര കേന്ദ്രം കൂടിയാണിത്.
ഹ്യൂ ചരിത്രനഗരം
1802 മുതൽ 1945 വരെ വരെ ഹ്യു നഗരം എൻഗുയെൻ അധീനതയിലായിരുന്നു. അതിനു മുന്‍പ് 143 വർഷക്കാലം എൻഗുയെൻ രാജവംശത്തിലെ 13 രാജാക്കന്മാരാണ് ഈ പ്രദേശം ഭരിച്ചതെന്നു ചരിത്രം. എൻഗുയെൻ ചക്രവർത്തിയായിരുന്ന ഖൈ ദിൻന്റെ ശവകുടീരം സന്ദർശിക്കാൻ അനേകരാണ് ദിവസേന എത്തുന്നത്.
പഴയ കാലത്തിന്റെ സ്മരണകൾ പേറുന്ന രാജകൊട്ടാരം അതിശയിപ്പിക്കുന്ന കാഴ്ചയാണ്. ചരിത്രം, വാസ്തുവിദ്യ, ആത്മീയ യാത്ര എന്നിവ ഇഷ്ടപ്പെടുന്ന നിരവധി പേർ ഇവിടെയെത്തുന്നുണ്ട്.
മാസാണ്… റിക്ഷായാത്ര
സൈക്കിൾ, സ്കൂട്ടർ റിക്ഷകൾ വിയറ്റ്നാം നഗരങ്ങളിലെ പൊതുവായ കാഴ്ചയാണ്. നഗരക്കാഴ്ചകൾ ആസ്വദിക്കാൻ മറ്റേതു വാഹനങ്ങളേക്കാൾ അതു തന്നെയാണ് ഊഷ്മളാനുഭവമാകുന്നത്.
ഹ്യു നഗരത്തിലെത്തുന്നവരെയും സൈക്കിൾ റിക്ഷകൾ വരവേൽക്കാനെത്തും. ഒരു റിക്ഷയിൽ രണ്ട് പേർക്ക് കയറാം. തിരക്കേറിയ നഗരത്തിലൂടെ റിക്ഷയിൽ ചുറ്റിയടിക്കാം. വിനോദ സഞ്ചാരികളോടു വലിയ സ്നേഹവും ആതിഥ്യമര്യാദയുമാണ് റിക്ഷ ചവിട്ടുന്നവർക്ക്.