നിരവധി സമരമാര്‍ഗങ്ങള്‍ കണ്ടവരാണ് മലയാളികള്‍. എന്നാല്‍ വ്യത്യസ്തമായൊരു സമരം കണ്ടുകൊണ്ടാണ് മാവേലിക്കര കുറത്തിക്കാടുകാര് കഴിഞ്ഞദിവസം ഉണര്‍ന്നത്. ഭര്‍ത്താവ് തന്നെ സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഭാര്യയുടെ സമരം. കുറത്തികാട് സ്വദേശിയായ യുവാവിന്റെ വീടിനു വീടിന്റെ മുമ്പിലാണ് സമീപവാസി കൂടിയായ ഭാര്യ കുത്തിയിരുന്നത്. ഭര്‍ത്തൃവീട്ടില്‍ ആറു മണിക്കൂറിലേറെയാണ് യുവതി സമരമിരുന്നത്.
ഇവരുടെ പ്രണയവിവാഹം ഒരുവര്‍ഷം മുമ്പായിരുന്നു. വിവാഹത്തിന് ശേഷം വഴക്കും ബഹളവും തുടങ്ങി. വിവാഹം കഴിഞ്ഞ് ഭര്‍ത്താവും കുടുംബവും തന്നെ ഉപദ്രവിക്കുന്നതായി കാണിച്ച് യുവതി കുറത്തികാട് പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് പ്രശ്നങ്ങള്‍ പരിഹരിച്ച് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. യുവാവ് യുവതിക്കൊപ്പം ഒന്നിച്ച് പോകാന്‍ തയാറായില്ല. ഗാര്‍ഹികപീഡന നിയമപ്രകാരം പോലീസ് കേസ് എടുക്കുമെന്ന ഘട്ടത്തില്‍ എത്തിയതോടെ 15 ദിവസം മുമ്പ് യുവാവ് കുറത്തികാട് പോലീസ് സ്റ്റേഷനിലെത്തി യുവതിയെ സ്വീകരിക്കാമെന്നും തന്റെ പേരിലുള്ള പരാതികള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. തൊട്ടടുത്ത ദിവസം തന്നെ യുവാവിനെതിരേ നല്കിയ പരാതികള്‍ യുവതി പിന്‍വലിച്ചു.
യുവതിയെ ഒരാഴ്ചയ്ക്കുള്ളില്‍ വാടകവീട്ടില്‍ താമസിപ്പിച്ചു കൊള്ളാമെന്ന് യുവാവും എഴുതി നല്കി. ഒരാഴ്ച കഴിഞ്ഞിട്ടും വിളിക്കാതായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം യുവതി ഫോണില്‍ വിളിച്ചപ്പോള്‍ സ്വീകരിക്കാന്‍ തയാറല്ലെന്ന് കാട്ടി യുവാവ് അസഭ്യം പറഞ്ഞു. ഈ കാരണംകൊണ്ടാണ് ഇന്നലെ രാവിലെ എട്ടു മണിയോടെ യുവാവിന്റെ വീട്ടുപടിക്കലെത്തി യുവതി കുത്തിയിരുന്നത്. ഉച്ചയ്ക്ക് രണ്ടുമണിയോടെ പോലീസ് എത്തി യുവാവ് സ്ഥലത്തില്ലെന്നറിയിച്ച് വീട്ടിലേക്ക് അയച്ചു.