ന്യൂഡല്‍ഹി:വിദേശ പര്യടനങ്ങള്‍ക്കു പോകുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഭാര്യമാരെയും മക്കളെയും ഒപ്പം കൂട്ടുന്നത് ബിസിസിഐയ്ക്ക് തലവേദനയാവുന്നു. ആഴ്ചകളും മാസങ്ങളും നീളുന്ന വിദേശ പരമ്പരകളില്‍ രണ്ടാഴ്ചത്തേക്ക് കുടുംബാംഗങ്ങളെയും ഒപ്പം കൂട്ടാന്‍ താരങ്ങള്‍ക്ക് അനുവാദമുണ്ട്. ഈ പശ്ചാത്തലത്തില്‍ ഭാര്യമാരെയും മക്കളെയും അവരെ നോക്കാനുള്ളവരെയുമൊക്കെയായി താരങ്ങള്‍ തിരിക്കുന്നത്. ഇതുമൂലം താരങ്ങളുടെ യാത്രയും പരിശീലനവുമെല്ലാം യഥാവിധം ക്രമീകരിക്കുന്നതില്‍ ബിസിസിഐ പ്രതിസന്ധി നേരിടുകയാണെന്ന് ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ബിസിസിഐ സമാനമായ വെല്ലുവിളി നേരിട്ടു. താരങ്ങള്‍, കോച്ചിങ് സ്റ്റാഫ്, താരങ്ങളുടെയും കോച്ചിങ് സ്റ്റാഫിന്റെയും കുടുംബാംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് നാല്‍പതോളം പേര്‍ക്കാണ് ബിസിസിഐ സൗകര്യങ്ങളൊരുക്കേണ്ടി വന്നത്. ഓസ്‌ട്രേലിയയില്‍ രണ്ടു ബസുകള്‍ വാടകയ്‌ക്കെടുത്തായിരുന്നു എല്ലാവരുടെയും യാത്രയ്ക്ക് ബിസിസിഐ സൗകര്യമൊരുക്കിയത്. ചില സമയത്ത് ഇതും തികയാതെ വന്നതായി ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് പറയുന്നു.
വിദേശപര്യടനങ്ങളില്‍ ഭാര്യമാരെയും കാമുകിമാരെയും ഒപ്പം കൂട്ടാന്‍ അനുവദിക്കണമെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി തന്നെ ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെ, വിദേശപര്യടനങ്ങളില്‍ ആദ്യത്തെ പത്തു ദിവസങ്ങള്‍ക്കുശേഷം ഭാര്യമാരെയും ഒപ്പം കൂട്ടാന്‍ ബിസിസിഐ താരങ്ങള്‍ക്ക് അനുവാദം നല്‍കി. അതിനിടെ, വിദേശപര്യടനങ്ങള്‍ക്കിടെ താരങ്ങള്‍ക്കു കുടുംബാംഗങ്ങളെ കാണാനും അവരോടൊത്തു സമയം ചെലവഴിക്കാനും പ്രത്യേക സമയം അനുവദിക്കുന്ന രീതിയും ഇടയ്ക്ക് ബിസിസിഐ പരീക്ഷിച്ചിരുന്നു.
താരങ്ങള്‍ക്കൊപ്പമെത്തുന്ന കുടുംബാംഗങ്ങളുടെ ചെലവെല്ലാം അവര്‍ തന്നെയാണ് വഹിക്കുന്നത്. എന്നാല്‍ താരങ്ങളുടെ പരിശീലനവും യാത്രകളും ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങളാണ് കുടുംബാംഗങ്ങലുടെ വരവോടെ അവതാളത്തിലാകുന്നത്. ‘വളരെ കുറച്ച് അംഗങ്ങളുള്ള സംഘത്തോടൊപ്പമാണ് താരങ്ങളുടെ യാത്രയെങ്കില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ എളുപ്പമാണ്. താമസ, യാത്രാ സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്താനും എളുപ്പമാണ്. യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്കു ചെയ്യുന്നതു മുതല്‍ എല്ലാ കാര്യങ്ങളും ക്രമീകരിക്കുന്നത് ബിസിസിഐയുടെ ചുമതലയാണ്. മേയ് മാസം ആരംഭിക്കുന്ന ലോകകപ്പിന്റെ സമയത്തും കുടുംബാംഗങ്ങളോടൊത്താണ് താരങ്ങളുടെ യാത്രയെങ്കില്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് വലിയ തലവേദന തന്നെയായിരിക്കും’ – ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.
ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയുണ്ടായ ചില സംഭവവികാസങ്ങള്‍ ബിസിസിഐയുടെ അപ്രീതിക്കു കാരണമായെന്നും റിപ്പോര്‍ട്ടുണ്ട്. ടീമില്‍ പതിവുകാരല്ലാത്ത ചില താരങ്ങള്‍പോലും രണ്ടാഴ്ചയോളം കുടുംബാംഗങ്ങളുമായി വന്നത് ബിസിസിഐയെ കുറച്ചൊന്നുമല്ല വലച്ചത്. ഇത്രയും പേരെ ഒരുമിച്ചു കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നാണ് ബിസിസിഐയുടെ നിലപാട്. താരങ്ങളുടെ കുടുംബാംഗങ്ങള്‍ക്കെല്ലാം മല്‍സരങ്ങള്‍ക്കു ടിക്കറ്റ് ഉറപ്പാക്കുന്നതും പലപ്പോഴും ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇതു പണത്തിന്റെ പ്രശ്‌നം മാത്രമല്ലെന്നും ചില നിയന്ത്രണങ്ങള്‍ ആവശ്യമാണെന്നും ബിസിസിഐ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ ചര്‍ച്ചകള്‍ക്കു വഴിവെക്കുമെന്നുറപ്പാണ്.