മുംബൈ: യുവാവിനെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കിയ സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. കൊല്ലപ്പെട്ട അർഷാദ് അലി ഷെയ്ഖിന്റെ (30) ഭാര്യ റുക്സാനയാണ് അറസ്റ്റിലായത്. യുവതിയും പ്രതികളിലൊരാളായ ജയ് ചൗഡയും തമ്മിലുളള അടുപ്പമാണു കൊലപാതകത്തിനു കാരണമെന്നു പോലീസ് വ്യക്തമാക്കി.
ഭർത്താവിനെ കൊലപ്പെടുത്തി ചൗഡയ്ക്കൊപ്പം ജീവിക്കാനായിരുന്നു റുക്സാനയുടെ പദ്ധതി. ഇതിനായി ഇരുവരും ശിവജിത് സുരേന്ദ്ര സിംഗ് എന്നായാളുമായി ഗൂഢാലോചന നടത്തിയാണു കൊലപാതകം ആസൂത്രണം ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച ദക്ഷിണ മുംബൈയിലെ പൈധുണിയിലെ വീട്ടിലേക്ക് അർഷാദിനെ വിളിച്ചുവരുത്തിയ ചൗഡ മദ്യം നൽകിയശേഷം തലയ്ക്കടിച്ചും കത്തി ഉപയോഗിച്ചും കൊലപ്പെടുത്തുകയായിരുന്നു.
വീഡിയോ ചിത്രീകരിച്ച് വിദേശ സുഹൃത്തിന് ചൗഡ അയച്ചുകൊടുത്തതായും പോലീസ് കണ്ടെത്തി. മൃതദേഹം സ്യൂട്ട്കേസിലാക്കി വിജനമായ സ്ഥലത്ത് ഉപേക്ഷിക്കാൻ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചെങ്കിലും രക്തം കണ്ട പോലീസുകാരന്റെ സംശയമാണു കൊലപാതകം പുറത്തറിയാൻ കാരണമായത്.