അടൂർ: കുടുംബവഴക്കിനെത്തുടർന്ന് അടൂർ പഴകുളത്ത് ഭർത്താവ് ഭാര്യയെ കുട്ടികളെ മുന്പിലിട്ടു വെട്ടിക്കൊന്നു. പഴകുളം മുസ്്ലിംപള്ളിക്കു സമീപം അജ്മൽഭവനിൽ റെജീന (38)യാണ് വെട്ടേറ്റു മരിച്ചത്.
ഭർത്താവ് ഷെഫീക്ക് പോലീസ് കസ്റ്റഡിയിലാണ്.ഷെഫീക്ക് റെജീനയുമായി വഴക്കിട്ട് നാലു ദിവസം മുന്പ് വീട്ടിൽ നിന്നു മാറിത്താമസിച്ചുവരികയായിരുന്നുവെന്ന് പറയുന്നു. ഇന്നലെ രാത്രി 11.30ഓടെ വീടിന്റെ അടുക്കള വാതിൽ തുറന്ന് ഉള്ളിൽ പ്രവേശിച്ച ഷെഫീക് വെട്ടുകത്തി ഉപയോഗിച്ച് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പറയുന്നു.
മക്കളോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന റെജീനയെ വിളിച്ചുണർത്തിയ ശേഷമാണ് വെട്ടിക്കൊലപ്പെടുത്തിയത്. കഴുത്തിലും നെഞ്ചിലും പുറത്തും ആഴത്തിൽ വെട്ടേറ്റ റെജീനയെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. രാത്രിയിൽ സ്ഥലത്തെത്തിയ പോലീസ് സംഘം ഷെഫീക്കിനെ കസ്റ്റഡിയിലെടുത്തു.