ദാമ്പത്യബന്ധത്തില്‍ വിശ്വാസവഞ്ചന കാട്ടുന്ന ഭര്ത്താക്കന്മാര്ക്ക് ഭാര്യമാര്‍ പണി കൊടുത്ത കഥകള്‍ ധാരാളം കേട്ടിട്ടുണ്ട്. എന്നാല്‍ കൊളംബിയക്കാരിയായ സാന്ദ്ര മിലേന വ്യത്യസ്ഥയാകുന്നത് വഞ്ചകനായ ഭര്‍ത്താവിനോടുള്ള പ്രതികാരം വീട്ടിയതിലെ വ്യത്യസ്ഥത കൊണ്ടാണ്.
ഭര്‍ത്താവ് തന്നെ വഞ്ചിക്കുകയാണെന്നു മനസിലാക്കിയതോടെ സാന്ദ്ര അയാളെ ഉപേക്ഷിച്ചു പോകുവാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ വഞ്ചകനായ ഭര്‍ത്താവിനെ അങ്ങനെ വെറുതേ വിട്ടാല്‍ പിന്നെ എന്താ ഒരു രസം, ഒരു പണി കൊടുത്തു കളയാം എന്നു തന്നെ സാന്ദ്ര തീരുമാനിക്കുകയായിരുന്നു. തങ്ങളുടെ ഇത്രയും കാലത്തെ സമ്പാദ്യമായ 7000 ഡോളര്‍(4.5 ലക്ഷം രൂപ) വിഴുങ്ങിയാണ് ഈ 28കാരി പ്രതികാരം നിറവേറ്റിയത്. പ്രതികാരം ചെയ്തെങ്കില്‍ വയറിനറിയില്ലല്ലോ ഇത് പ്രതികാരമാണെന്ന്. വയറുവേദനയെത്തുടര്‍ന്ന് സാന്ദ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ആശുപത്രിയിലെത്തിയ ഡോക്ടര്‍മാര്‍ വയറുവേദനയുടെ കാര്യം ചോദിച്ചപ്പോള്‍ ആദ്യം സാന്ദ്ര വെളിപ്പെടുത്തിയില്ല. തുടര്‍ന്ന് നടത്തിയ എക്സ്റേ പരിശോധനയില്‍ കള്ളി വെളിച്ചത്തായി. ശസ്ത്രക്രിയക്കിടെ വയറിനുള്ളില്‍ നിന്ന് ഡോളര്‍ നോട്ടുകള്‍ കിട്ടിയ ഡോക്ടര്‍മാര്‍ ഞെട്ടി. ഒടുവില്‍ ഒന്നിനു പിറകെ ഒന്നായി അമ്പത്തേഴ് നോട്ടുകള്‍ സാന്ദ്രയുടെ വയറ്റില്‍ നിന്നും കണ്ടെടുത്തു. മൂന്നു ലക്ഷത്തിനടുത്ത് മൂല്യം വരുന്നതാണ് ഈ നോട്ടുകള്‍. ബാ്ക്കി ഒന്നരലക്ഷം രൂപ ദഹിച്ചു പോയി. സാന്ദ്രയുടെ വയറ്റില്‍ നിന്നു കണ്ടെത്തിയ പണമെല്ലാം പോലീസിനെ ഏല്‍പ്പിച്ചതായി സര്‍ജറിയ്ക്ക് നേതൃത്വം നല്കിയ ഡോക്ടര്‍ പറഞ്ഞു. ആരാണ് പണത്തിന്റെ അവകാശിയെന്നത് കോടതി തീരുമാനിക്കട്ടെയെന്നാണ് പോലീസ് പറയുന്നത്.