മങ്കൊമ്പ്: ക്രിസ്മസ് ദിനത്തിൽ കുടുംബാംഗങ്ങളുമൊത്തു കായലിലൂടെ വള്ളത്തിൽ കൃഷിയിടത്തിലേക്കു പോകുന്നതിനിടെ, ഓളത്തില്‍പ്പെട്ട വള്ളത്തിൽ നിന്നു തെറിച്ചുവീണ ഭാര്യയെ രക്ഷിക്കാന്‍ വെള്ളത്തില്‍ ചാടിയ ഗൃഹനാഥന് മരിച്ചു. കാവാലം വടക്ക് തൈവേലില് ജോസഫ് (അപ്പച്ചന്-56) ആണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് എന്ജിന് ഘടിപ്പിച്ച വള്ളത്തില്‍ മാരാന് കായലിലുള്ള സ്വന്തം കൃഷിസ്ഥലത്തേക്കു പോകുമ്പോഴാണ് അപകടം. രാജപുരം കായലിന്റെ വടക്ക് ഇരുപത്തിനാലായിരം കായലിലൂടെ പോകുന്നതിനിടെ അപ്പച്ചന് ഓടിച്ചിരുന്ന വള്ളം ഓളത്തില്പ്പെടുകയായിരുന്നു.
ആടിയുലഞ്ഞ വള്ളത്തില്‍നിന്ന് അപ്പച്ചന്റെ ഭാര്യ ലീന വെള്ളത്തിലേക്കു വീണു. അപ്പച്ചനും സഹോദരപുത്രന് മിബിനും ലീനയെ രക്ഷിക്കാനായി വെള്ളത്തിലേക്കു ചാടി. ഇരുവരും ചേര്‍ന്നു ലീനയെ ഉയര്‍ത്തിയെങ്കിലും വള്ളം അവരുടെ സമീപത്തുനിന്നു ഒഴുകിമാറിയിരുന്നു.
അപ്പച്ചന്റെ മക്കളായ റിറ്റിയും രേഷ്മയും ഇവരോടൊപ്പം വള്ളത്തിലുണ്ടായിരുന്നു. ചേക്കാത്തറയില്നിന്നു ചങ്ങനാശേരിക്കു പോകുകയായിരുന്ന ജലഗതാഗതവകുപ്പിന്റെ യാത്രാബോട്ടിലെ ജീവനക്കാര്‍ വള്ളത്തിലുണ്ടായിരുന്ന പെൺകുട്ടികളുടെ നിലവിളി കേട്ട് ബോട്ടുമായെത്തി വെള്ളത്തിലുണ്ടായിരുന്നവരെ രക്ഷിച്ചു.
അപകടത്തില്‍പ്പെട്ടവരെയും കയറ്റി ബോട്ട് വളരെ വേഗം ലിസ്യൂ ബോട്ടുജെട്ടിയില്‍ എത്തി. തുടർന്ന് വണ്ടിയില്‍ തുരുത്തിയിലും ചെത്തിപ്പുഴയിലുമുള്ള ആശുപത്രികളില്‍ എത്തിച്ചെങ്കിലും അപ്പച്ചന്റെ ജീവന് രക്ഷിക്കാനായില്ല.
കാവാലം ലിസ്യുവില്‍ സ്റ്റേഷനറിക്കട നടത്തുകയായിരുന്നുഅപ്പച്ചൻ. ചങ്ങനാശേരി കാട്ടാംപള്ളില്‍ കുടുംബാംഗമായ ലീന തിരുവല്ല ഐസിസി ബാങ്കിലെ ജീവനക്കാരിയാണ്. രണ്ടു പെണ്മക്കളില് മൂത്തയാളായ റെറ്റി മൈസൂരില്‍ നഴ്സിംഗിനും രേഷ്മ വാഴപ്പള്ളി സെന്റ് തെരേസാസില്‍ പ്ലസ് വണ്ണിനും പഠിക്കുന്നു. ജോസഫിന്റെ സംസ്കാരം നടത്തി.