ഭാര്യ ഫേസ്ബുക്കിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് ആരെങ്കിലും ലൈക്കോ കമന്റോ നൽകിയാൽ ഭർത്താവിന്റെ വക ക്രൂരമർദനം. ഉറുഗ്വേ സ്വദേശിനിയായ ഇരുപത്തിയൊന്നുകാരി അഡോൾഫിന കാമെലി ഓർട്ടിഗോസയ്ക്കാണ് സ്വന്തം ഭർത്താവ് പെഡ്രോ ബെർഹീറ്റോയിൽ നിന്നും ഈ ദുരനുഭവം ഉണ്ടായത്. മർദ്ദനത്തെ തുടർന്ന് മുഖാകൃതി മാറിപ്പോയതിനാൽ ഇവരെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരിക്കുകയാണ്.
ഫേസ്ബുക്കിൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങൾക്ക് ആരെങ്കിലും പ്രതികരണം നൽകുകയാണെങ്കിൽ അക്രമാസക്തനാകുന്ന ഭർത്താവ് ക്രൂരമായി മർദ്ദിക്കുമെന്നാണ് അഡോൾഫിന പറയുന്നത്. അഡോൾഫിയുടെ ഫേസ്ബുക്ക് അക്കൗണ്ടിന്റെ പാസ്വേഡ് കൈക്കലാക്കിയ പെഡ്രോ സ്വയം അഡോൾഫിയുടെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയും അതിനു ലഭിക്കുന്ന ഓരോ പ്രതികരണങ്ങൾക്കും ഇവരെ മർദ്ദിക്കുകയും ചെയ്യുമായിരുന്നു. അഡോൾഫിക്ക് തങ്ങൾ ഓരോ ലൈക്കും കമന്റും നൽകുന്പോൾ അവർ ഭർത്താവിന്റെ ക്രൂരപീഡനത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണെന്ന് സുഹൃത്തുക്കൾ അറിഞ്ഞിരുന്നില്ല.
മർദ്ദനത്തെ തുടർന്ന് ആളുകൾ കണ്ടാൽ മനസിലാകാത്ത വിധം മുഖത്ത് നീരുവച്ചിരുന്നു. സുഹൃത്തുക്കളുമായി മികച്ച സൗഹൃദം കാത്തുസൂക്ഷിക്കുന്നതാണ് ഭാര്യയെ മർദ്ദിക്കാൻ ഇദ്ദേഹത്തെ പ്രേരിപ്പിച്ച കാരണം. ദിനംപ്രതിയുള്ള മർദ്ദനത്തിനിടെ ശബ്ദം പുറത്തു കേൾക്കാതിരിക്കാനായി ഇയാൾ അവളുടെ വായിൽ തുണി തിരുകുമായിരുന്നു. അതുകൊണ്ട് ഇവരുടെ പല്ലിനു മാത്രം പരിക്കുകളൊന്നുമില്ല. അഡോൾഫിയുടെ അവസ്ഥ കണ്ട് ഭയന്നു പോയ പെഡ്രോയുടെ പിതാവാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മകനെതിരെ പരാതി നൽകുകയും ചെയ്തത്. മുപ്പത് വർഷം ജയിൽ ശിക്ഷ ലഭിക്കാൻ സാധ്യതയുള്ള കുറ്റമാണ് പെഡ്രോ ചെയ്തിരിക്കുന്നത്.