വൈപ്പിൻ: കുടുംബ വഴക്കിനെ തുടർന്ന് സ്കിപിംഗ് റോപ് ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊല്ലാൻ ശ്രമിച്ചെന്ന വീട്ടമ്മയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ. എടവനക്കാട് കൂട്ടുങ്കൽ ചിറ സ്വദേശിയും അണിയൽ ബസാർ ഭാഗത്ത് വാടക്ക് താമസിക്കുന്നതുമായ മേലേപ്പീടികയിൽ ജുനൈദ്(46) ആണ് അറസ്റ്റിലായത്.
മരണത്തിൽ നിന്നും രക്ഷപ്പെട്ട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ഭാര്യ നാസിനി(42)യുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വധശ്രമത്തിനു കേസ് എടുത്താണ് പോലീസ് പ്രതിയെ അറസ്റ്റ്ചെയ്തത്. 20നായിരുന്നു സംഭവം.
ഭാര്യയുടെ മൊഴിപ്രകാരം പോലീസ് പറയുന്നതിങ്ങനെ: മൂന്ന് മക്കളുള്ള ഈ ദന്പതികൾ എടവനക്കാട് അണിയൽ ബസാറിൽ വാടക വീട്ടിലാണ് താമസം. പ്രതിക്ക് പറവൂർ ഭാഗത്തുള്ള ഒരു സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നു. പലപ്പോഴും ഫോണ്വിളിക്കുകയും പതിവായിരുന്നത്രേ.
ഇതേ തുടർന്ന് ഇത് ആരെന്ന് കണ്ടെത്തി ഭാര്യ ഒരു ദിവസം ആ സ്ത്രീയുടെ വീട്ടിലെത്തി ഈ ബന്ധം തുടരരുതെന്ന് മുന്നറിയിപ്പ് നൽകിയത്രേ. ഇത് അറിഞ്ഞ പ്രതി 20ന് പകൽ 11 ഓടെ ഭാര്യയുമായി വഴക്കുണ്ടാക്കുകയും മൂക്കിനിടിക്കുകയും ചെയ്തു.
നിലത്ത് വീണ ഇവരുടെ കഴുത്തിൽ സ്കിപ്പിംഗ് റോപ്പ് ഇട്ട് മുറുക്കി. ബോധരഹിതയായതോടെ മരിച്ചു വെന്ന് കരുതി പിടിവിട്ട പ്രതി ഭാര്യയേയും കൊണ്ട് ആദ്യം എടവനക്കാടും പറവൂരും ഉള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടെ നിന്നാണ് എറണാകുളത്തെ പ്രമുഖ ആശുപത്രിയിലേക്ക് കൊണ്ട് പോയത്. ഇവർ അപകട നില തരണം ചെയ്തിട്ടുണ്ട്.
സംഭവത്തെ തുടർന്ന് ഞാറക്കൽ സിഐ എ.എ. അഷറഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രിക്ക് സമീപത്ത് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഘത്തിൽ എസ്ഐ ആർ. രഗീഷ്കുമാർ, എഎസ്ഐ സജീവ്, സിപിഒമാരായ എം.ആർ രാജേഷ്, പ്രവീണ് , ഡബ്ല്യൂ സിപിഒ അശ്വതി എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.