തക്കാളി വില റോക്കറ്റ് പോലെ കുതിക്കുന്ന സാഹചര്യത്തില്‍ ഇതേച്ചൊല്ലിയുള്ള നിരവധി കഥകളാണ് ദിനം പ്രതി സോഷ്യല്‍ മീഡിയയിലും മറ്റും നിറയുന്നത്.
തക്കാളി കാരണം കുടുംബകലഹം വരെയുണ്ടായി എന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
കറിയില്‍ തക്കാളി ചേര്‍ത്തതിന്റെ പേരില്‍ വഴക്കിട്ട് പിരിഞ്ഞ ദമ്പതിമാരെ ഒടുവില്‍ പോലീസ് ഒന്നിപ്പിച്ചതാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന കൗതുകകരമായ ഒരു വാര്‍ത്ത.
മദ്ധ്യപ്രദേശിലാണ് സംഭവം. ഷാഹ്ഡോള്‍ സ്വദേശികളായ സഞ്ജീവ് വര്‍മയും ഭാര്യ ആരതിയുമാണ് തക്കാളിയുടെ പേരില്‍ വിവാഹമോചനത്തിന്റെ വക്കുവരെയെത്തിയത്.
ഗ്രാമത്തില്‍ ഭക്ഷണശാല നടത്തുകയാണ് ഇരുവരും. ഭക്ഷണമുണ്ടാക്കുന്നതിനിടെ സഞ്ജീവ് കറിയില്‍ രണ്ടു തക്കാളി അധികം ചേര്‍ത്തു.
പൊന്നും വിലയുള്ള തക്കാളി അനാവശ്യമായി പാഴാക്കിയതില്‍ ക്ഷുഭിതയായ ആരതി സഞ്ജീവുമായി വഴക്കിടുകയായിരുന്നു.
ഒടുവില്‍ വാക്കേറ്റം ശക്തമായതോടെ സഞ്ജീവിനോട് പറയാതെ മകളെയുമെടുത്ത് ആരതി വീട് വിട്ടിറങ്ങി.
ഇരുവരേയും കണ്ടെത്താനാകാതെ വന്നതോടെ സഞ്ജീവ് പോലീസിന്റെ സഹായം തേടുകയായിരുന്നു.
അന്വേഷണത്തിനൊടുവില്‍ ആരതി സഹോദരിയുടെ വീട്ടിലുണ്ടെന്ന് കണ്ടെത്തി. പോലീസ് ഇടപെട്ടാണ് ഇവരുടെ വഴക്ക് പറഞ്ഞു തീര്‍ത്തത്.
അര കിലോഗ്രാം തക്കാളി ആരതിയ്ക്ക് സമ്മാനമായി നല്കിയ സഞ്ജീവ് മേലില്‍ ആരതിയുടെ അനുവാദമില്ലാതെ പാചകം ചെയ്യില്ലെന്ന് വാക്ക് നല്‍കുകയും ചെയ്തു. തക്കാളിയുടെ ഒരു പവര്‍ എന്താല്ലേ…