പങ്കാളിക്കുവേണ്ടി മരിക്കാന്‍ തയാറാകുന്നവരാണ് മിക്ക ഭാര്യാഭര്‍ത്താക്കന്മാരും. എന്നാല്‍ തന്റെ ജീവിത പങ്കാളി മരിച്ചുകാണണമെന്ന് ആഗ്രഹിക്കുകയാണ് ലിന്‍സെ എന്ന ഈ യുവതി. ഇവള്‍ ഇങ്ങനെ ആഗ്രഹിക്കാന്‍ വ്യക്തമായ കാരണവുമുണ്ട്. മരണത്തിന് പോലും വേണ്ടാത്ത അവസ്ഥയില്‍ കോമ സ്‌റ്റേജില്‍ കഴിയുന്ന തന്റെ ഭര്‍ത്താവിനെ ഈ ദുരവസ്ഥയില്‍ നിന്ന് രക്ഷിക്കാനാണ് അദേഹത്തെ മരിക്കാന്‍ അനുവദിക്കണേ എന്ന് യാചിച്ചുകൊണ്ട ് ലിന്‍സെ നിയമത്തിനു മുമ്പില്‍ എത്തിയിരിക്കുന്നത്.
പോള്‍ ബ്രിഗ്‌സ് എന്ന നാല്‍പ്പത്തിമൂന്നുകാരനാണ് ലിന്‍സെയുടെ ഭര്‍ത്താവ്. പോലീസുകാരനായ ഇയാള്‍ കഴിഞ്ഞ ജൂലൈയിലാണ് വാഹനാപകടത്തെത്തുടര്‍ന്ന് കിടന്നകിടപ്പിലായത്. തലച്ചോറിലെ അമിതമായ രക്തപ്രവാഹം മൂലം പൂര്‍ണമായും കോമയിലേക്ക് വഴുതിവീഴുകയായിരുന്നു ഇയാള്‍. കഴിഞ്ഞ പതിനേഴ് മാസമായി കിടന്നകിടപ്പില്‍ യാതൊരുവിധ ചലനങ്ങളും ഇല്ലാതെ കഴിയുകയാണ് ബ്രിഗ്‌സ്.
ചെറുവിരല്‍ പോലും ചലിപ്പിക്കാന്‍ കഴിയാതെ യന്ത്രങ്ങളുടെയും മരുന്നുകളുടെയും മാത്രം സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്ന തന്റെ ഭര്‍ത്താവിനെ ഈ അവസ്ഥയില്‍ നിന്ന് മോചിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് ലിന്‍സെ ഇപ്പോള്‍ നിയമയുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്നത്. മരുന്നുകള്‍ നിര്‍ത്തി അദ്ധേഹത്തെ അന്തസ്സോടെ മരിക്കാന്‍ അനുവദിക്കണമെന്നാണ് ലിന്‍സെ ആവശ്യപ്പെടുന്നത്. കൂടുതല്‍ കൂടുതല്‍ പരിതാപകരമായ അവസ്ഥയിലേക്കാണ് ഭര്‍ത്താവിന്റെ അവസ്ഥ നീങ്ങുന്നത്. ഇത് തനിക്കും ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കും നിരാശയ്ക്ക് മാത്രമേ വക നല്‍കുന്നുള്ളു. ഇക്കാരണത്താലാണ് ഈ കടുത്ത തീരുമാനം തനിക്കെടുക്കേണ്ടി വന്നതെന്ന് ലിന്‍സെ പറയുന്നു.
ഡോക്ടര്‍മാര്‍ ലിന്‍സെയുടെ ആവശ്യത്തോട് യോജിച്ചിട്ടില്ല. കൂടാതെ വിഷയം ഇപ്പോള്‍ കോര്‍ട്ട് ഓഫ് പ്രൊട്ടക്ഷന്റെ പരിഗണനയിലാണ്. അനുകൂലമായ വിധി വരും എന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ ലിന്‍സെയും കുടുംബാംഗങ്ങളും. 2000ത്തിലാണ് ഇരുവരുടെയും വിവാഹം നടന്നത്. എല്ല എന്ന അഞ്ച് വയസുകാരിയായ മകളും ഇവര്‍ക്കുണ്ട്.