ഭര്‍ത്താവ് ഗള്‍ഫിലേക്ക് മടങ്ങിയതിന്റെ തൊട്ടുപിന്നാലെ രണ്ടു കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ കുളത്തൂപ്പുഴ സ്വദേശിയായ യുവതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
അഞ്ചും ഒന്നരയും വയസുള്ള കുട്ടികളെ ഉപേക്ഷിച്ച് പോയതിനാണ് 25-കാരിയായ യുവതിക്കെതിരെ കുളത്തൂപ്പുഴ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. പ്രേരണാ കുറ്റത്തിന് കാമുകനെതിരെയും കേസെടുത്തിട്ടുണ്ട്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഗള്‍ഫിലായിരുന്ന ഭര്‍ത്താവ് ഇത്തവണ നാട്ടിലെത്തിയപ്പോള്‍ കുടുംബവീട്ടില്‍ നിന്നും ഭാര്യയെയും കുട്ടികളെയും കൂട്ടി വാടക വീട്ടിലേക്ക് മാറുകയായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഇദ്ദേഹം ഗള്‍ഫിലേക്ക് മടങ്ങുകയും ചെയ്തു.
വാടക വീടിന്റെ എതിര്‍വശത്തായിരുന്ന കോഴിയിറച്ചിയുടെ വിവിധ വിഭവങ്ങള്‍ വില്‍ക്കുന്ന കടയുടമയായ 32-കാരന് സലീമുമായി യുവതി പ്രണയത്തിലാകുകയായിരുന്നു. പ്രണയബന്ധം യുവതിയുടെ പിതാവ് നേരിട്ട് കാണുകയും എതിര്‍ത്തെങ്കിലും, ഇരുവരും ഇത് തുടര്‍ന്ന് പോകുകയായിരുന്നു.
പലരും ഇക്കാര്യം വിദേശത്തുള്ള ഭര്‍ത്താവിനെ അറിയിച്ചെങ്കിലും സൗഹൃദബന്ധമായിരിക്കുമെന്ന് വിചാരിച്ച് അയാള്‍ ഇതത്ര ഗൗനിച്ചില്ല. എന്നാല്‍ ഒരാഴ്ച മുമ്പ് ഭര്‍ത്താവിന് വീഡിയോ കോള്‍ ചെയ്ത യുവതി താന്‍ സലിമിനൊപ്പം പോവുകയാണെന്ന് പറയുകയായിരുന്നു. ‘ചേട്ടന് എന്നോട് ക്ഷമിക്കണം, ഞാന്‍ സലീമിക്കയുടെ ഒപ്പം പോവുകയാണ് ‘. ഇത്രയും പറഞ്ഞ് കോള്‍ കട്ട് ചെയ്യുകയും ചെയ്തു.
ഭര്‍ത്താവ് പലതവണ തിരികെ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഒഫ് ആയിരുന്നു. വസ്ത്രങ്ങളും ആഭരണങ്ങളും എല്ലാം എടുത്തായിരുന്നു യുവതി പോയത്. ഇവര്‍ നേരെ പോയത് റോസ്മലയിലേക്കാണ്, അവിടെ രാത്രി തങ്ങിയ ശേഷമാണ് സുരക്ഷിതമല്ലെന്ന തോന്നലില്‍ ആലപ്പുഴയിലേക്ക് പോയി. കുളത്തൂപ്പുഴയിലെ കട നിര്‍ത്തിയപ്പോള്‍ സലിമിന് കിട്ടിയ ഡെപ്പോസിറ്റ് തുകയും കൊണ്ടാണ് ഇരുവരും യാത്ര പുറപ്പെട്ടത്.
കാറ് ഉള്‍പ്പെടെയുള്ള സെറ്റപ്പുകള്‍ ഉണ്ടെങ്കിലും ഇയാള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതകളും ഉണ്ടായിരുന്നു. സര്‍വീസ് സഹകരണ ബാങ്കില്‍ മാത്രം ആറര ലക്ഷത്തിന്റെ ബാദ്ധ്യതയുണ്ട്. ഇതെല്ലാം കാമുകിയോട് മറച്ചുവച്ചായിരുന്നു ഒളിച്ചോട്ടം. യുവതി കാമുകനൊപ്പം ഒളിച്ചോടിയതോടെ പിതാവ് കുളത്തൂപ്പുഴ പൊലീസില്‍ പരാതി നല്കി.
പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ആലപ്പുഴയിലെ ആഡംബര റിസോര്‍ട്ടില്‍ ഇരുവരും ഉണ്ടെന്ന വിവരം ലഭിച്ചത്. കുടുങ്ങുമെന്ന് ഉറപ്പായപ്പോള്‍ സ്റ്റേഷനില്‍ ഹാജരാകാമെന്ന് ഇരുവരും പറഞ്ഞു. തുടര്‍ന്നാണ് ഇരുവരും കുളത്തൂപ്പുഴ സ്റ്റേഷനിലെത്തിയത്. യുവതിയുടെ ഭര്‍ത്താവ് വിദേശത്ത് നിന്ന് നാട്ടിലെത്തി മക്കളെ ഏറ്റെടുത്തു.