വിവാഹം കഴിഞ്ഞ് നാല് വർഷത്തിനുള്ളിൽ ഭർത്താവറിയാതെ ഭർത്താവിന്റെ 3.61 കോടി രൂപയുടെ വീട് വിറ്റ് ഭാര്യ. പവർ ഓഫ് അറ്റോർണി ഉപയോഗിച്ചാണ് ഇവർ ഭർത്താവ് അറിയാതെ വീട് വിറ്റ് കാശ് വാങ്ങിയത്. മുംബൈയിലാണ് സംഭവം.
70 -കാരന്റെ രണ്ടാം ഭാര്യയാണ് 56കാരിയായ രേണു സിങ്ങ്. ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എൻജിഒയിൽ പ്രവർത്തിക്കുന്ന രേണു സിങ്ങിനെ 2016ലാണ് ഇയാൾ കണ്ടുമുട്ടുന്നത്. പിന്നീട് ഇരുവരും വിവാഹിതരാവുകയായിരുന്നു.
ഇയാൾക്ക് ആദ്യത്തെ ഭാര്യയിൽ രണ്ട് ആൺമക്കളുണ്ട്. അതിൽ മൂത്തയാൾ 2017 -ൽ മരിച്ചു. സ്വത്തുക്കളുമായി ബന്ധപ്പെട്ട് ഈ മകന്റെ ഭാര്യ 70 -കാരനെതിരെ കേസ് കൊടുത്തിരുന്നു. എന്നാൽ പ്രായത്തിന്റെതായ അസുഖങ്ങൾ കാരണം അയാൾ കേസിന് പിന്നാലെ പോയില്ല. തുടർന്ന് നിയമപോരാട്ടത്തിനായി ഇയാൾ രണ്ടാം ഭാര്യ രേണുവിന് പവർ ഓഫ് അറ്റോർണി നൽകുകയായിരുന്നു.
എന്നാൽ രേണു സിങ് ആ പവർ ഓഫ് അറ്റോർണി ഉപയോഗിച്ചുകൊണ്ട് ഭർത്താവ് അറിയാതെ കോടികൾ വില മതിക്കുന്ന ഫ്ലാറ്റ് വിറ്റു. 2020 -ലാണ് ഇവർ ഭർത്താവിന്റെ ഫ്ലാറ്റ് വിൽക്കുന്നത്. ശേഷം ഭർത്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. പിന്നീടാണ് താൻ അറിയാതെ ഫ്ലാറ്റ് വിറ്റ കാര്യം അയാൾ അറിയുന്നത്. തുടർന്ന് ഭാര്യക്കെതിരെ കേസ് കൊടുക്കുകയായിരുന്നു.