അവിഹിത ബന്ധം സംശയിച്ച് ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്റെ ശരീരത്തില്‍ തിളച്ച എണ്ണ ഒഴിച്ച സ്ത്രീ പിടിയില്‍. കര്‍ണാടക യശ്വന്ത്പൂര്‍ സ്വദേശി പത്മ എന്ന യുവതിയാണ് അറസ്റ്റിലായിരിക്കുന്നത്.
തിളച്ച എണ്ണ വീണ് അന്‍പത് ശതമാനത്തോളം പൊള്ളലേറ്റ ഭര്‍ത്താവ് മഞ്ജുനാഥിനെ(40) അയല്‍വാസികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ഒരു സ്വകാര്യ കമ്പനി ജീവനക്കാരനാണ് മഞ്ജുനാഥ്. ഇയാള്‍ക്ക് പരസ്ത്രീ ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യ നിരന്തരം കലമുണ്ടാക്കാറുണ്ടായിരുന്നു. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടും കലഹമുണ്ടായി. പിറ്റെ ദിവസം രാവിലെ ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവിന്റെ ദേഹത്തേക്ക് ഒരു ലിറ്ററോളം തിളപ്പിച്ച എണ്ണ ഒഴിക്കുകയായിരുന്നു.
പൊള്ളലേറ്റ് അലറിവിളിച്ചു കൊണ്ട് പുറത്തക്കോടിയ ഇയാളെ അയല്‍വാസികള്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മുഖത്തും തോളിനും കൈകള്‍ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. പൊലീസ് അറസ്റ്റ് ചെയ്ത പത്മയെ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
ഒന്‍പത് വര്‍ഷം മുന്‍പായിരുന്നു മഞ്ജുനാഥിന്റെയും പത്മയുടെയും വിവാഹം. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. കുട്ടികള്‍ അടുത്ത് നില്‍ക്കുമ്പോഴാണ് ഭാര്യ ഭര്‍ത്താവിന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിക്കുന്നത്.