കോട്ടയം: പങ്കാളി കൈമാറ്റക്കേസിലെ പരാതിക്കാരിയായ യുവതിയെ വെട്ടേറ്റു മരിച്ചനിലയില് കണ്ടെത്തിയ സംഭവത്തില് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണു സംഘത്തെ രൂപീകരിച്ചരിക്കുന്നത്. പങ്കാളി കൈമാറ്റക്കേസില് 2022 ജനുവരിയില് അഞ്ചു കേസുകളാണ് കറുകച്ചാല് പോലീസ് രജിസ്റ്റര് ചെയ്തത്.
ചങ്ങനാശേരി, പാലാ, എളമക്കര, പുന്നപ്ര, ആലപ്പുഴ എന്നിങ്ങനെ അഞ്ച് കേസുകളാണ് ഇരയുടെ പരാതിയുടെ അടിസ്ഥാനത്തില് രജിസ്റ്റര് ചെയ്തത്. ഇതില് നാലു കേസുകള് ട്രാന്സ്ഫര് ചെയ്തിരുന്നു.
മണര്കാട് മാലം തുരുത്തിപ്പടിയില് കാഞ്ഞിരത്തുംമൂട്ടില് (കൊത്തളം) ജേക്കബി(ജോയി)ന്റെ മകള് ജൂബി ജേക്കബാ(26)ണു മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ഭര്ത്താവ് കങ്ങഴ പത്തനാട് സ്വദേശി ഷിനോ (32)യെ ഇന്നലെ രാത്രി ചങ്ങനാശേരിയിലെ സ്വകാര്യആശുപത്രിയില് കണ്ടെത്തിയിരുന്നു.
ജീവനൊടുക്കാനുള്ളശ്രമം പരാജയപ്പെട്ടതോടെയാണ് ആശുപത്രിയില് പ്രവേശിപ്പിച്ചത്. ഇയാളെ ഇന്നു ചോദ്യം ചെയ്യുമെന്നാണ് പോലീസ് അറിയിച്ചത്.
ഇന്നലെ രാവിലെ 10.30ന് മാലം കുറുപ്പംപടിയിലാണു സംഭവം. ഭര്ത്താവുമായി അകന്നുകഴിയുന്ന ജൂബി സ്വന്തംവീട്ടില് മാതാപിതാക്കള്ക്കൊപ്പമാണു താമസിക്കുന്നത്. ഇന്നലെ രാവിലെ മാതാപിതാക്കളും സഹോദരനും ജോലിക്കു പോയ സമയത്താണു കൊലപാതകം.
വീടിനു പുറത്തു കളിക്കുകയായിരുന്ന മക്കള് തിരികെ വീട്ടിലെത്തിയപ്പോഴാണു വീടിന്റെ സിറ്റ്ഔട്ടില് രക്തത്തില് കുളിച്ചു കമഴ്ന്നു കിടക്കുന്ന ജൂബിയെ കണ്ടെത്തിയത്. മൂന്നാം ക്ലാസുകാരനായ മൂത്തമകനാണ് ജൂബിയുടെ മൃതദേഹം ആദ്യം കണ്ടത്. തുടര്ന്ന് സമീപത്തു താമസിക്കുന്ന തങ്കച്ചന്റെ അടുത്തെത്തി വിവരമറിയിച്ചു.
നാട്ടുകാരും സമീപത്തെ തൊഴിലുറപ്പു തൊഴിലാളികളും ഓടിയെത്തുകയും പോലീസില് വിവരമറിയിക്കുകയായിരുന്നു.
മണര്കാട് പോലീസ് സ്ഥലത്തെത്തിയപ്പോള് വീടിനുമുന്നില് വീണുകിടക്കുന്ന യുവതിയെയാണ് കണ്ടത്.
ഉടന്തന്നെ പോലീസ് സംഘം യുവതിയെ ആംബുലന്സ് വിളിച്ചുവരുത്തി ആശുപത്രിയിലേക്കു മാറ്റി. മെഡിക്കല് കോളജ് ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ജൂബിയുടെ ഭര്ത്താവാണ് ആക്രമണം നടത്തിയതെന്നു പിതാവ് ജോയി പോലീസിനു മൊഴി നല്കി. ഷിനോ പങ്കാളികൈമാറ്റക്കേസില് റിമാന്ഡിലായിരുന്നു. കഴിഞ്ഞദിവസമാണ് ജാമ്യത്തിലിറങ്ങിയത്. കറുകച്ചാലില് ഭാര്യമാരെ കൈമാറ്റം ചെയ്ത കേസിലെ പ്രതിയാണ് ഷിനോ.