ഇണകളെ പരസ്പരം വെച്ചുമാറുന്ന ‘വൈഫ് സ്വാപ്പിംഗ്’ സമ്പ്രദായം കേരളത്തിലും പിടിമുറുക്കുന്നു.
പങ്കാളികളെ പരസ്പരം കൈമാറുന്ന വന്‍സംഘം കോട്ടയം ജില്ലയിലെ കറുകച്ചാലില്‍ പിടിയിലായി.
ആറുപേരാണ് പിടിയിലായത്. ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതിയുടെ പരാതിയിലായിരുന്നു അന്വേഷണം.
സംഭവത്തില്‍ ആറ് പേരെ പിടികൂടിയിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്നും കറുകച്ചാല്‍ പൊലീസ് അറിയിച്ചു.
ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍നിന്നുള്ളവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളതെന്നാണ് സൂചന.
ഫേസ്ബുക്ക് മെസഞ്ചര്‍, ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. പങ്കാളികളെ പരസ്പരം കൈമാറുന്നത് അടക്കമുള്ള കാര്യങ്ങളാണ് ഗ്രൂപ്പുകളില്‍ ചര്‍ച്ചചെയ്തിരുന്നത്.
ഏകദേശം ആയിരത്തോളം പേര്‍ ഈ ഗ്രൂപ്പുകളിലുണ്ടായിരുന്നതായും വിവരമുണ്ട്. അതിനാല്‍തന്നെ വലിയ കണ്ണികള്‍ അടങ്ങിയതാണ് ഈ സംഘമെന്നും പൊലീസ് കരുതുന്നു.
കപ്പിള്‍ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയാണ് പ്രധാനമായും പ്രവര്‍ത്തനം നടന്നിരുന്നത്. ആയിരക്കണക്കിന് ദമ്പതികളാണ് ഗ്രൂപ്പുകളിലുള്ളത്.
ഈ ഗ്രൂപ്പുകളിലൂടെയാണ് ദമ്പതികള്‍ പരസ്പരം പരിചയപ്പെടുന്നത്. പിന്നീട് നേരിട്ട് കാണുകയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയുമാണ് ചെയ്യുന്നത്.
പണം വാങ്ങി ഭാര്യയെ കൈമാറുന്ന പ്രവര്‍ത്തനവും ഗ്രൂപ്പിലൂടെ നടന്നിരുന്നു. സമൂഹത്തില്‍ ഉന്നതശ്രേണിയിലുള്ളവരും സംഘത്തില്‍ സജീവമാണെന്നാണ് വിവരം.
പ്രമുഖരുള്‍പ്പെടെ 25 ഓളം പേര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഭര്‍ത്താവിനെതിരെ ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്.
ഭര്‍ത്താവ് മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്നു എന്നായിരുന്നു യുവതിയുടെ പരാതി.
ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വൈഫ് സ്വാപ്പിംഗ് സംഘത്തെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നതും ഇവരുടെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ എത്തുന്നതും.
സംസ്ഥാന വ്യാപകമായി അന്വേഷണം വിപുലപ്പെടുത്താനാണ് പൊലീസ് നീക്കം. കീ എക്‌സ്‌ചേഞ്ച് എന്ന പേരിലും അറിയപ്പെടുന്ന ഈ ഏര്‍പ്പാട് വന്‍നഗരങ്ങളില്‍ പതിവാണ്.
ക്ലബുകളിലെ നിശാപാര്‍ട്ടിക്ക് ഭാര്യാസമേതമെത്തുന്നവര്‍ കാറിന്റെ കീ കൂട്ടിയിട്ടശേഷം അതില്‍നിന്ന് ഒരാള്‍ എടുക്കുന്ന കീ ഏതാണോ, കാറുടമയുടെ ഭാര്യയും കീ എടുത്തയാളും ഒരുമിച്ച് പോകണം. ഇതായിരുന്നു ഈ ശൈലി.
2013ല്‍ കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഉണ്ടായ സംഭവമാണ് കേരളത്തില്‍ ഇത്തരത്തിലൊന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
മേല്‍ ഉദ്യോഗസ്ഥര്‍ക്ക് തന്നെ ഭര്‍ത്താവ് കാഴ്ചവെച്ചുവെന്ന പരാതിയുമായി ലഫ്റ്റനന്റ് കേണലിന്റെ ഭാര്യ രംഗത്തെത്തിയത് വലിയ കോളിളക്കമുണ്ടായിരുന്നു.
ഇവരുടെ പരാതി പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിക്കുകയും പത്തുപേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. എന്നാല്‍ ഉന്നതസ്വാധീനത്തെത്തുടര്‍ന്ന് ആ കേസ് മാഞ്ഞുപോവുകയാണുണ്ടായത്.