ഭർത്താവിന്റെ സ്നേഹം മനസിലാകുവാൻ ഭാര്യ, മകനെ ആരോ തട്ടിക്കൊണ്ടുപോയെന്ന വ്യാജവാർത്ത സൃഷ്ടിച്ചു. ചൈനയിലെ യൂക്വിംഗ് സിറ്റി സ്വദേശിനിയായ 33 വയസുകാരിയാണ് ഇത്തരമൊരു വ്യാജ വാർത്ത സൃഷ്ടിച്ചത്. തന്നെയും മകനെയും ഭർത്താവ് എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് അറിയാനാണ് ഇവർ ഇങ്ങനെ ചെയ്തത്.
സ്നേഹം പരിശോധിക്കുവാൻ തീരുമാനിച്ച ഇവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ എത്തി പരാതിയും നൽകി. പതിനൊന്നു വയസുകാരനായ കുട്ടി സ്കൂളിൽ പോയി ഇതുവരെയും തിരികെ എത്തിയില്ലെന്നായിരുന്നു ഇവർ പോലീസിനോട് പറഞ്ഞത്.
വളരെ പ്രാധാന്യത്തോടെ ഈ കേസ് സ്വീകരിച്ച പോലീസുദ്യോഗസ്ഥർ നഗരത്തിന്റെ പല ഭാഗങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. മാത്രമല്ല ദേശിയ തലത്തിൽ ചർച്ചക്കിടയാക്കിയ ഈ സംഭവത്തിൽ, കുട്ടിയെ കുറിച്ചുള്ള വിവരം നൽകുന്നവർക്ക് പോലീസുദ്യോഗസ്ഥർ 72,000 ഡോളർ പാരിതോഷികം നൽകുമെന്നും പ്രഖ്യാപിച്ചു.
എന്നാൽ ഈ സമയമത്രെയും ഒരു ബന്ധുവിന്റെ വീട്ടിൽ കഴിയുകയായിരുന്നു ഈ കുട്ടി. ഏകദേശം അഞ്ചു ദിവസത്തെ തെരച്ചിലിനൊടുവിൽ, കുട്ടിയെ അവസാനം കണ്ട സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പോലീസുദ്യോഗസ്ഥരുടെ മനസിൽ ചില സംശയങ്ങൾ മുളപൊട്ടിയത്.
കാരണം പോലീസ് സ്റ്റേഷനിൽ വരുന്നതിനു മുമ്പ് ഒരു കാറിൽ പോയി കാത്തു നിൽക്കുവാൻ അമ്മ കുട്ടിയോട് പറയുന്നതായിരുന്നു ഈ ദൃശ്യങ്ങളിലുള്ളത്. തുടർന്ന് ഈ കാറിനെ കുറിച്ചുള്ള അന്വേഷണത്തിൽ അടുത്തുള്ള ഒരു ഗ്രാമത്തിൽ എത്തുകയും കൂടുതൽ അന്വേഷണത്തിൽ ഇവിടെയുള്ള ഒരു വീട്ടിൽ നിന്നും കുട്ടിയെ കണ്ടെത്തുകയുമായിരുന്നു.
എന്നാൽ പോലീസുകാർക്ക് ഈ സ്ത്രീ നൽകിയ മറുപടിയാണ് ഏവരെയും കുഴക്കിയത്. കാരണം അടുത്തിടെ ഭർത്താവുമായി താൻ വഴക്കുണ്ടാക്കിയിരുന്നുവെന്നും അദ്ദേഹത്തിന് തങ്ങളോടുള്ള സ്നേഹം അറിയാനാണ് ഇത്തരമൊരു വ്യാജ തട്ടിക്കൊണ്ടു പോകൽ വാർത്ത സൃഷ്ടിച്ചതെന്നും ഇവർ പറഞ്ഞു.
ചൈനയിൽ ദേശിയ തലത്തിൽ പ്രാധാന്യം ലഭിച്ച ഈ സംഭവത്തിന് വളരെ വൈകാരികമായാണ് ആളുകൾ പ്രതികരിക്കുന്നത്. രാജ്യത്തെ മുഴുവൻ ആളുകളെയും വിഡ്ഢികളാക്കിയ ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാണ് ഏവരുടെയും ആവശ്യം. എന്തായാലും വ്യാജ വാർത്ത സൃഷ്ടിച്ചതിനും മറ്റും ഇവർക്കെതിരെ പോലീസ് നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.