സൂര്യ നാരായണൻ
26 കാരിയുടെ മുന്നിൽ വേറെ വഴിയില്ലായിരുന്നു, ഭർത്താവ് പറയുന്നത് അനുസരിക്കുക അല്ലെങ്കിൽ ആരോടെങ്കിലും പരാതി പറഞ്ഞു മരിക്കുക.
വേറെ മാർഗമില്ലാത്തതു കൊണ്ടു മാത്രമാണ് സാറേ, ഞാൻ പരാതി നൽകുന്നതെന്നു കരഞ്ഞു പറയുന്ന യുവതിയുടെ ദയനീയാവസ്ഥ പോലീസുകാർക്കു മനസിലായി.
അതു കൊണ്ടുമാത്രമാണ് രണ്ട് എഫ്ഐആർ തയാറാക്കി അവർ അന്വേഷണം ആരംഭിച്ചത്.
കേട്ടു കേൾവിയില്ലാത്ത പല സംഭവങ്ങളും നമ്മൾ കേട്ടു വരികയാണ്. എന്താ കഥ. നമ്മുടെ നാട്ടിലും കപ്പിൾ മീറ്റ് തഴച്ചു വളരുന്നു.
കപ്പിൾ മീറ്റ് എന്നു പറഞ്ഞാൽ അത് അധികപ്പറ്റായി പോകും. വൈഫ് സ്വാപ്പിംഗ്്(ഭാര്യമാരെ കൈമാറൽ).
ഇങ്ങനെയും ഭർത്താക്കന്മാർ
കേട്ടിട്ടില്ലാത്ത ഒരു കഥയാണ് നമ്മൾ കേരളത്തിൽ വായിക്കുന്നത്. അപ്പോൾ ഇത് അനുഭവിക്കുന്ന നമ്മുടെ സഹോദരിമാരുടെ അവസ്ഥ ഒന്ന് ആലോചിക്കുക.
ഭാര്യ അന്യപുരുഷനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതു കാണാൻ ആഗ്രഹിക്കുന്ന ഭർത്താവ്.
ഭാര്യ ഇപ്രകാരം ചെയ്തില്ലെങ്കിൽ ആത്മഹത്യ ചെയ്യാൻ തയാറായി നിൽക്കുന്ന ഭർത്താവ്. 26കാരിയുടെ മുന്നിലേക്കു കയറു കഴുത്തിൽ കയറ്റിയ ഭർത്താവിന്റെ ഫോട്ടോകൾ വന്നു കൊണ്ടിരുന്നു.
അവൾ രണ്ടു വർഷമായി അനുഭവിക്കുകയാണ്. അന്യപുരുഷനോടൊപ്പം, പുരുഷൻമാരോടൊപ്പം കേട്ടിട്ടില്ലാത്ത പ്രകൃതിവിരുദ്ധ ലൈംഗികവേഴ്ച അവൾക്കു ചെയ്യേണ്ടി വരുന്നു.
അതു മൊബൈലിൽ പകർത്തി ഭർത്താവ് വീണ്ടും ഭീഷണിപ്പെടുത്തുന്നു.യുവതി അവനെ പ്രേമിച്ചുവിവാഹം കഴിച്ചതാണ്.
അത്രമാത്രം അവൾ അവനെ സ്നേഹിക്കുന്നു. ഭർത്താവിന്റെ ലൈംഗിക ഭ്രാന്തും പണത്തിനോടുള്ള ആർത്തിയും അവളുടെ മാനസിക നില തെറ്റുന്നതിനു മുന്പു ബന്ധുക്കൾ കറുകച്ചാൽ പോലീസ് സ്റ്റേഷനിലെത്തിച്ചു.
അവൾ എല്ലാം തുറന്നു പറഞ്ഞു. പോലീസ് അവളുടെ വേദന പുർണമായും ഉൾക്കൊണ്ട് ഇറങ്ങി. ഒന്പതുപേരെയാണ് ഇതിനകം പൊക്കിയിരിക്കുന്നത്. അതിൽ ഭർത്താവ് എന്ന മഹാനും ഉൾപ്പെടുന്നു. ഒരാൾ വിദേശത്തേക്കു കടന്നു.
സംഘത്തിന്റെ പ്രവർത്തനം
ഫേസ്ബുക്ക് മെസഞ്ചർ, ടെലഗ്രാം ഗ്രൂപ്പുകൾ വഴിയായിരുന്നു സംഘത്തിന്റെ പ്രവർത്തനം. പങ്കാളികളെ പരസ്പരം കൈമാറുന്നത് അടക്കമുള്ള കാര്യങ്ങളാണ് ഗ്രൂപ്പുകളിൽ ചർച്ച ചെയ്തിരുന്നത്.
ഏകദേശം ആയിരത്തോളം പേർ ഈ ഗ്രൂപ്പുകളിലുണ്ടായിരുന്നതായും വിവരമുണ്ട്. അതിനാൽതന്നെ വലിയ കണ്ണികൾ അടങ്ങിയതാണ് ഈ സംഘം.
കപ്പിൾ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയാണ് പ്രധാനമായും പ്രവർത്തനം നടന്നിരുന്നത്. ആയിരക്കണക്കിന് ദന്പതികളാണ് ഗ്രൂപ്പുകളിലുള്ളത്.
ഈ ഗ്രൂപ്പുകളിലൂടെയാണ് ദന്പതികൾ പരസ്പരം പരിചയപ്പെടുന്നത്. പിന്നീട് നേരിട്ട് കാണുകയും ലൈംഗികബന്ധത്തിൽ ഏർപ്പെടുകയുമാണ് ചെയ്യുന്നത്.
പണം വാങ്ങി ഭാര്യയെ കൈമാറുന്ന പ്രവർത്തനവും ഗ്രൂപ്പിലൂടെ നടന്നിരുന്നു. സംഘത്തിൽ ഉൾപ്പെട്ടവർ പരിചയപ്പെട്ടു കഴിഞ്ഞാൽ കുടുംബ സുഹൃത്തുക്കളെപ്പോലെയാണ് ഇടപെടൽ.
രണ്ടിലേറെ തവണ പരസ്പരം കണ്ടു സംസാരിച്ച ശേഷമാണ് ഒത്തുചേരാൻ സ്ഥലം കണ്ടെത്തുന്നത്.
ഹോട്ടലുകൾ സുരക്ഷിതമല്ലാത്തതിനാൽ വീടുകളിൽ ഒത്തുചേരുകയാണു പതിവ്. സമൂഹമാധ്യമ ഗ്രൂപ്പുകളിൽ അംഗങ്ങളായവർ ഭൂരിഭാഗവും ഉപയോഗിക്കുന്നത് വ്യാജ പ്രൊഫൈലുകൾ ആയിരുന്നു.
മാനസിക വൈകൃതമുള്ളവരും സംഘത്തിലുണ്ടെന്നു പോലീസ് കണ്ടെത്തി കഴിഞ്ഞു.
ഭർത്താവിന്റെ ഭ്രാന്ത് !
അഞ്ചു വർഷത്തോളം പ്രണയിച്ചതിനു ശേഷമാണ് യുവതിയുടെ വിവാഹം. അത് 2014ലായിരുന്നു. ഇവർക്ക് ഏഴും മൂന്നും വയസുള്ള രണ്ടു കുട്ടികളുണ്ട്.
ആദ്യ കുട്ടി ജനിച്ചു മൂന്നര വർഷം കഴിഞ്ഞപ്പോഴാണ് ഭർത്താവിനു ഇത്തരമൊരു ചിന്ത കടന്നു വന്നത്. എനിക്ക് നീ മറ്റു പുരുഷന്മാരോടൊപ്പം കിടക്കുന്നത് കാണാനാണ് ഇഷ്ടമെന്നു തുറന്നു പറഞ്ഞു ഭർത്താവ്.
ഭാര്യ അന്യന്റെ മുഖത്തു നോക്കിയാൽ ആസിഡ് ഒഴിക്കാൻ തയാറാകുന്ന നാട്ടിലാണ് മറ്റൊരു ഭ്രാന്ത് കടന്നു വന്നിരിക്കുന്നത്.
ഇതിനു തയാറാകാൻ കൂട്ടാക്കാതെ ഭാര്യ പിണങ്ങി സ്വന്തം വീട്ടിലേക്കു പോയി. അവിടെയെത്തി ഇയാൾ കരഞ്ഞു കാലു പിടിച്ചു തിരിച്ചു കൊണ്ടു പോകുകയായിരുന്നു.
ഭർത്താവിന് എന്നിട്ടും യാതൊരു മാറ്റവുമില്ലായിരുന്നു. വീണ്ടും ഇക്കാര്യം ആവശ്യപ്പെട്ടപ്പോൾ യുവതി എതിർത്തു. നീ ഒരുത്തന്റെ കൂടെ കിടക്കുന്നതു കാണുന്പോഴേ എനിക്ക് സന്തോഷം കിട്ടുകയുള്ളൂ.
എന്റെ സന്തോഷം കാണാനാണ് നീ ആഗ്രഹിക്കുന്നതെങ്കിൽ ഞാൻ പറയുന്നത് അനുസരിക്കണം. ഇല്ലെങ്കിൽ ഞാൻ തൂങ്ങിച്ചാകും.
എന്നിട്ടും സമ്മതിക്കാതായതോടെ കയർ കഴുത്തിൽ കുരുക്കിട്ട് എന്റെ മരണത്തിനുത്തരവാദി നിന്റെ വീട്ടുകാരാണെന്ന് ഞാൻ എഴുതി വച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കിയതോടെ യുവതി ഗത്യന്തരമില്ലാതെ സമ്മതിക്കുകയായിരുന്നു.
നിരവധി പേരുമായി
ഭർത്താവിന്റെ നിർദ്ദേശ പ്രകാരം നിരവധി പുരുഷന്മാർക്കൊപ്പമാണ് ഭാര്യയ്ക്ക് ലൈംഗിക വേഴ്ചയ്ക്ക് ഏർപ്പെടേണ്ടി വന്നത്.
മാനസികമായി തകർന്ന യുവതി ഇനി പറ്റില്ലെന്നു തീർത്തുപറഞ്ഞപ്പോഴാണ് ഭർത്താവിന്റെ തനി സ്വഭാവം പുറത്തു വന്നത്.
പലരുമായി വേഴ്ച നടത്തുന്ന വീഡിയോ ദൃശ്യം തന്റെ കയ്യിലുണ്ടെന്നും അതു സഹോദരങ്ങൾക്ക് അയച്ചു കൊടുക്കുകയും സമൂഹമാധ്യങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.
വീണ്ടു പ്രതിസന്ധിയിലായ യുവതി ഇയാളുടെ ചൊൽപ്പടിക്ക് നിൽക്കേണ്ടി വന്നു. കുട്ടികളെ ഓർത്തും മറ്റുള്ളവർ അറിഞ്ഞാലോ എന്ന ഭയം ഉള്ളതുകൊണ്ടും എല്ലാം സഹിച്ചു. ഒടുവിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഒരു വ്ളോഗറോട് തന്റെ ദുരിത പൂർണമായ ജീവിത കഥ അവൾ പറഞ്ഞു.
ഇതു കേൾക്കാൻ ഇടയായ സഹോദരൻ തന്റെ സഹോദരിയാണെന്നു തിരിച്ചറിയുകയായിരുന്നു. അവരാണ് പോലീസിൽ എത്തിച്ചത്.
(തുടരും)